ഡോണള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍; ഇംപീച്ച് ചെയ്യേണ്ടെന്ന് അമേരിക്കന്‍ സെനറ്റ്

By Web TeamFirst Published Feb 6, 2020, 6:22 AM IST
Highlights

 'ഇംപീച്ച്മെന്‍റ് തട്ടിപ്പിലെ' വിജയത്തെക്കുറിച്ച് നാളെ പ്രതികരിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇനി എന്നും താന്‍ തന്നെ പ്രസിഡന്‍റ് എന്ന് സൂചിപ്പിക്കുന്ന വീഡിയോയും പങ്കുവെച്ചു

വാഷിംഗ്ടണ്‍: ട്രംപിനെ ഇംപീച്ച് ചെയ്യേണ്ടെന്ന് അമേരിക്കൻ സെനറ്റ് തീരുമാനം. ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസിന്‍റെ അന്വേഷണം തടസ്സപ്പെടുത്തിയിട്ടില്ലെന്നും സെനറ്റ്. ഇതോടെ നാലുമാസത്തെ ഇംപീച്ച്മെന്‍റ് വിചാരണയ്ക്കാണ് അവസാനമായിരിക്കുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 2.30 നാണ് വോട്ടെടുപ്പ് നടന്നത്. പ്രമേയം തള്ളിയത് 48 ന് എതിരെ 52 വോട്ടുകള്‍ക്കാണ്. രണ്ടാം ആരോപണം തള്ളിയത് 47 ന് എതിരെ 53 വോട്ടുകള്‍ക്കാണ്.'ഇംപീച്ച്മെന്‍റ് തട്ടിപ്പിലെ' വിജയത്തെക്കുറിച്ച് നാളെ പ്രതികരിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇനി എന്നും താന്‍ തന്നെ പ്രസിഡന്‍റ് എന്ന് സൂചിപ്പിക്കുന്ന വീഡിയോയും പങ്കുവെച്ചു

ഡെമോക്രാറ്റ് പക്ഷത്തെ ചില സെനറ്റ‍ർമാർ മറുഭാഗത്തിന് വോട്ടുചെയ്യാനുള്ള സാധ്യത അവസാനനിമിഷം വരെ നിലനിന്നിരുന്നു. പക്ഷേ സാക്ഷി വിസ്താരത്തിനുള്ള ഡെമോക്രാറ്റ് നീക്കം റിപ്പബ്ലിക്കൻ പക്ഷം പരാജയപ്പെടുത്തിയതോടെ ഇംപീച്ചമെന്‍റ് നീക്കം പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നു. നാലുമാസം മുമ്പ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയാണ് ഇംപീച്ചമെന്‍റ് നീക്കം പ്രഖ്യാപിച്ചത്. 

രണ്ട് കുറ്റങ്ങളാണ് ജനപ്രതിനിധിസഭ പ്രസിഡന്‍റിനുമേല്‍ ചുമത്തിയത്. തെരഞ്ഞെടുപ്പിലെ എതിരാളിയായ ജോ ബൈഡനുമേൽ അന്വേഷണം പ്രഖ്യാപിക്കാൻ യുക്രൈനുമേൽ സമ്മർദ്ദം ചെലുത്തി, കോൺഗ്രസിന്‍റെ അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിച്ചു എന്നിവയായിരുന്നു കുറ്റങ്ങൾ. അതിൽ ട്രംപിനെ ഇംപീച്ച് ചെയ്തു ജനപ്രതിനിധിസഭ. ഈ കുറ്റങ്ങളിലാണ് സെനറ്റിൽവിചാരണ നടന്നത്. റിപബ്ലിക്കൻ പക്ഷത്തിന് ഭൂരിപക്ഷമുള്ള സെനറ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയാലേ പ്രസിഡന്‍റിനെ പുറത്താക്കാൻ കഴിയു. ഇംപീച്ച്മെന്‍റ് വിചാരണ ട്രംപിന്‍റെ ജനപ്രീതി കുറയ്ക്കുമെന്നാണ് ഡെമോക്രാറ്റുകൾ പ്രതീക്ഷിച്ചതെങ്കിലും ജനപ്രീതി കൂടിയതായാണ് സ‍ർവേ ഫലങ്ങൾ തെളിയിക്കുന്നത്. 

click me!