ലാൻഡിങ്ങിനിടെ തെന്നിമാറി റോഡിൽ ഇടിച്ചിറങ്ങിയ യാത്രാ വിമാനം മൂന്നായി പിളര്‍ന്നു; യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

By Web TeamFirst Published Feb 6, 2020, 1:12 AM IST
Highlights

പെഗാസസ് എയര്‍ലൈന്‍സിന്‍റെ ജെറ്റാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരില്‍ 20 വിദേശികളുമുണ്ടായിരുന്നു. ചിറകുകളില്‍ കയറിയാണ് നിരവധി യാത്രക്കാര്‍ രക്ഷപ്പെട്ടത്. 

ഇസ്താംബൂള്‍: തുര്‍ക്കിയിൽ ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി റോഡിൽ ഇടിച്ചിറങ്ങിയ യാത്രാ വിമാനം മൂന്നായി പിളര്‍ന്നു. 171 യാത്രക്കാരും ആറ് ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. 121 പേര്‍ക്ക് പരിക്കേറ്റു. ശക്തമായ മഴയിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനത്തിനകത്ത് നിന്ന് തീ പടര്‍ന്ന് പിടിച്ചെങ്കിലും പെട്ടെന്ന് തന്നെ അണയ്ക്കാനായത് വൻ ദുരന്തം ഒഴിവാക്കി. അപകടത്തെത്തുടര്‍ന്ന് ഇസ്താംബൂളിലെ സബീന ഗോകര്‍ വിമാനത്താവളം അടച്ചു.

പെഗാസസ് എയര്‍ലൈന്‍സിന്‍റെ ജെറ്റാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരില്‍ 20 വിദേശികളുമുണ്ടായിരുന്നു. ചിറകുകളില്‍ കയറിയാണ് നിരവധി യാത്രക്കാര്‍ രക്ഷപ്പെട്ടത്. അപകടത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. പൈലറ്റുമാരായ തുര്‍ക്കി പൗരനും ദക്ഷിണ കൊറിയന്‍ പൗരനും ഗുരുതരമായി പരിക്കേറ്റു. 2018ലും പെഗാസസ് ബോയിംഗ് 737 വിമാനം ത്രബ്സോണ്‍ വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിന്ന് തെറ്റി കടലിന് തൊട്ടടുത്ത് എത്തിയിരുന്നു. അന്ന് ആര്‍ക്കും പരിക്കേറ്റിരുന്നില്ല. 
 

click me!