
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻ്റിന്റെ ലോകം ഉറ്റുനോക്കുന്ന രാജ്യത്തോടുള്ള അഭിസംബോധന നാളെ. ഇറാൻ വിഷയമാണ് സംസാരിക്കുകയെന്ന് വൈറ്റ്ഹൗസ് തന്നെ പ്രഖ്യാപിച്ചു. സമാധാന ശ്രമങ്ങളുടെ സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കരാറില്ലാതെയുള്ള വെടിനിർത്തലിന് ഒരുക്കമല്ലെന്നും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു. ഗൾഫ് മേഖലയിൽ ഗൂഗിൾ ഉൾപ്പടെ ടെക് ഭീമന്മാർക്ക് നേരെയാണ് ഇറാന്റെ പുതിയ ഭീഷണി. യുഎഇയിൽ ഇറാന്റെ ആക്രമണത്തിൽ ബംഗ്ലദേശ് പൗരൻ മരിച്ചു.
നേരിട്ടല്ലെങ്കിലും സ്വാധീനമുള്ള രാഷ്ട്രങ്ങൾ മുഴുവനിടപ്പെട്ട് റിലേ ചർച്ചകൾ നടന്നു കഴിഞ്ഞു. പാക് - സൗദി - തുർക്കി - ഈജിപ്ത് രാഷ്ട്രങ്ങൾ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ ചൈനയെ അറിയിച്ചു. ചൈന കൂടി പങ്കെടുത്ത് ഇന്ന് ജിസിസിയുമായി ഓൺലൈൻ ചർച്ച നടക്കും. നാളെ ഇന്ത്യൻ സമയം രാവിലെ 6.30ന് ഡോണൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇറാൻ തന്നെയാണ് വിഷയം. വിജയം പ്രഖ്യാപിച്ച് നടപടികൾ നിർത്തുമോ അതോ കരയാക്രമണ പ്രഖ്യാപനമോ എന്നതാണ് ആകാംക്ഷ. ഇറാൻ ഭരണകൂടം അയഞ്ഞതായും ധാരണകൾക്ക് സാധ്യതയെന്നും അമേരിക്ക പറഞ്ഞിട്ടുണ്ട്.
തങ്ങളുടെ നിലനിൽപ്പ് ഇല്ലാതാക്കുന്ന ഭീഷണി ഇറാനിൽ നിന്നും നീക്കം ചെയ്തതായി ഇസ്രയേൽ ഇന്ന് പറഞ്ഞു. സന്ദേശങ്ങൾ ലഭിച്ചെന്നും കരാറില്ലാതെ വെടിനിർത്തലില്ലെന്ന് ഇറാനും വ്യക്തമാക്കി. ഖർഗ് ദ്വീപ് പിടിക്കാൻ ഏത് നിമിഷവും കരയാക്രമണം മുന്നിൽ കാണുന്നുണ്ട്. ഗൾഫിന് മേൽ ആക്രമണം തുടരുന്നു. യുഎഇയിലെ ഫുജൈറയിലാണ് ഇറാന്റെ ആക്രമണത്തിൽ ബംഗ്ലാദേശ് പൗരൻ മരിച്ചത്. അൽ റിഫാ മേഖലയിലെ ഫാമിലാണ് ഡ്രോൺ അവശിഷ്ടം വീണത്. ഉമ്മുൽഖുവൈനിൽ ഒരാൾക്ക് പരിക്കേറ്റു. കുവൈത്ത് എയർപോർട്ട് ആക്രമിക്കപ്പെടുന്നത് ഇത് അഞ്ചാം തവണയാണ്.
പ്രവർത്തനം പുനരാരംഭിക്കാൻ സമ്മതിക്കാത്ത വിധം തുടരെ ആക്രമിക്കപ്പെട്ടത് ഇന്ധന ഡിപ്പോ ആണ്. ഖത്തറിലെ റാസ് ലഫാന് പതിനേഴ് നോട്ടിക്കൽ മൈൽ അകലെ ഖത്തർ എനർജിയുടെ കപ്പലിന് നേരെ രണ്ട് പ്രൊജക്ടൈലുകൾ തൊടുക്കപ്പെട്ടു. ഒരെണ്ണം കപ്പലിന്റെ ഹള്ള് തകർത്തു. ആർക്കും പരിക്കില്ല. ബഹ്റൈനിൽ സ്വകാര്യ കമ്പനിക്ക് നേരെ ആക്രമണത്തിൽ തീപ്പിടുത്തമുണ്ടായി. വരും ദിവസങ്ങളിൽ ലക്ഷ്യം മെറ്റ, ഗൂഗ്ൾ ഉൾപ്പടെ ടെക് ഭീമന്മാരായിരിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam