
വാഷിംഗ്ടൺ: ചൈനക്കെതിരെ വീണ്ടും ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ചൈനയിൽ നിന്ന് വന്ന കൊറോണ വൈറസ് ബാധിക്കുന്നത് വരെ നല്ല രീതിയിലാണ് രാജ്യം മുന്നോട്ട് പോയിക്കൊണ്ടിരുന്നതെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ 244-ാം സ്വാതന്ത്ര്യ ദിനത്തിൽ സല്യൂട്ട് റ്റു അമേരിക്ക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.
'പതിറ്റാണ്ടുകളായി അമേരിക്കയെ മുതലെടുത്തു കൊണ്ടിരുന്ന പല വിദേശരാജ്യങ്ങളും കോടിക്കണക്കിന് ഡോളർ അമേരിക്കയുടെ ഖജനാവിലേക്ക് നൽകുന്ന അവസ്ഥ എത്തിയിരുന്നു. എന്നാൽ അതിനിടയിലാണ് ചൈനയിൽ നിന്ന് കൊറോണ വൈറസ് എത്തുകയും രാജ്യത്തെ ബാധിക്കുകയും ചെയ്തത്.' ട്രംപ് പറഞ്ഞു. 'ഇപ്പോൾ അമേരിക്ക മാസ്കുകൾ, ഗൗണുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ എന്നിവ നിർമ്മിക്കുന്നു. ഇവയെല്ലാം മറ്റ് വിദേശരാജ്യങ്ങളിലാണ് നിർമ്മിച്ചു കൊണ്ടിരുന്നത്. പ്രത്യേകിച്ച് ചൈനയിൽ. ചൈനയിൽ നിന്ന് തന്നെയാണ് വൈറസ് ആരംഭിച്ചത് എന്നതാണ് മറ്റൊരു വിരോധാഭാസം.' ട്രംപ് കൂട്ടിച്ചേർത്തു.
ചൈനയുടെ രഹസ്യസ്വഭാവവും വഞ്ചനയും മറച്ചു വയ്ക്കലും മൂലമാണ് കൊറോണ വൈറസ് ആഗോളതലത്തിൽ വ്യാപിക്കാൻ കാരണമായത്. വൈറസ് വ്യാപനത്തിന്റെ പൂർണ്ണ ഉത്തരവാദിത്വവും ചൈനയ്ക്കാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. അമേരിക്ക ഇപ്പോൾ അവിശ്വസനീയമായ വിധത്തിൽ പ്രവർത്തിക്കുകയാണെന്നും കൊറോണയ്ക്കെതിരെയുള്ള വാക്സിൻ പരീക്ഷണങ്ങൾ നടന്നു വരികയാണന്നും ട്രംപ് പറഞ്ഞു.
'രാജ്യത്തിന്റെ ശാസ്ത്രപരമായ മികവിനെ ഞങ്ങൾ തുറന്നുവിട്ടിരിക്കുകയാണ്. വാക്സിനുകളും ചികിത്സാ രീതികളും പൂർണ്ണമായ രീതിയിൽ വികസിപ്പിക്കാനും വിതരണം നടത്താനുമുള്ള ചരിത്രപരമായ ദൗത്യത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്ന രാജ്യത്തും ലോകത്തെമ്പാടുമുള്ള ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും നന്ദി അറിയിക്കുന്നു.' അമേരിക്കയിൽ വളരെ മികച്ച പരീക്ഷണ സംവിധാനങ്ങളാണുള്ളതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam