ലോകത്ത് ഒരു കോടി 15 ലക്ഷം കൊവിഡ് ബാധിതര്‍; ശമനമില്ലാതെ അമേരിക്കയും ബ്രസീലും

By Web TeamFirst Published Jul 6, 2020, 6:41 AM IST
Highlights

അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതീവ സങ്കീര്‍ണമായി തുടരുകയാണ്. ബ്രസീലില്‍ 24 മണിക്കൂറിനിടെ 24,000ല്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

വാഷിംഗ്‌ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി 15 ലക്ഷം കടന്നു. വേള്‍ഡോ മീറ്ററിന്‍റെ കണക്ക് പ്രകാരം ലോകത്ത് 11,546,513 കൊവിഡ് രോഗികളാണുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവര്‍ 536,392 ആയി എന്നും വേള്‍ഡോ മീറ്റര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ 6,526,749 പേര്‍ക്കാണ് രോഗമുക്തി നേടാന്‍ കഴിഞ്ഞത്. 

അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതീവ സങ്കീര്‍ണമായി തുടരുകയാണ്. ബ്രസീലില്‍ 24 മണിക്കൂറിനിടെ 24,000ല്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 535 പേര്‍ കൂടി മരിച്ചതോടെ ബ്രസീലില്‍ ആകെ കൊവിഡ് മരണം 65,000ത്തിന് അടുത്തെത്തി. ഇവിടെ 1,604,585 പേര്‍ക്കാണ് നാളിതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 561,070 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 

അമേരിക്കയിലെ കൊവിഡ് കേസുകൾ മുപ്പത് ലക്ഷത്തോട് അടുക്കുന്നു. 2,981,002 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 42,604 പേര്‍ കൂടി കൊവിഡ് പോസിറ്റീവായി. 132,552 പേര്‍ ഇതുവരെ മരണപ്പെട്ടു. ഫ്ലോറിഡ, ടെക്സസ് എന്നീ സംസ്ഥാനങ്ങളിൽ പ്രതിസന്ധി രൂക്ഷമാകുകയാണ്. പൊതു ഇടങ്ങളിൽ ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കാത്തത് പ്രതിരോധ നടപടികൾക്ക് തിരിച്ചടിയാകുന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ റഷ്യയില്‍ 6,736 അധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി എന്ന് വേള്‍ഡോ മീറ്റര്‍ കണക്കുകള്‍ പുറത്തുവിടുന്നു. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്ക് പുറത്തുവരുന്നതേയുള്ളൂ. മെക്‌സിക്കോയില്‍ 6,914 പേര്‍ക്ക് കൂടിയും കൊവിഡ് പോസിറ്റീവായി. 523 പേര്‍ മരണപ്പെടുകയും ചെയ്‌തു. 

Read more: കൊവിഡില്‍ ഞെട്ടി ഇന്ത്യ; രോഗികളുടെ എണ്ണത്തില്‍ റഷ്യയെ മറികടന്ന് മൂന്നാമതെന്ന് വേള്‍ഡോ മീറ്റര്‍

click me!