50% തീരുവയിലും ഇന്ത്യ കുലുങ്ങാത്തതിൽ അസ്വസ്ഥരായി അമേരിക്ക, യുക്രൈൻ യുദ്ധം മോദിയുടെ യുദ്ധമെന്ന വിചിത്ര വാദവുമായി ട്രംപിന്‍റെ വാണിജ്യ ഉപദേഷ്ടാവ്

Published : Aug 29, 2025, 12:00 AM IST
modi trump

Synopsis

യുക്രൈൻ യുദ്ധം മോദിയുടെ യുദ്ധമെന്ന ഗുരുതര ആരോപണവുമായി ഡോണൾഡ് ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവ് പീറ്റർ നവാറോ. 50% തീരുവയിലും ഇന്ത്യ കുലുങ്ങാത്തതിൽ ട്രംപ് ഭരണകൂടം അസ്വസ്ഥരാണെന്ന് സൂചന

ന്യൂയോർക്ക്: തീരുവയിലെ അഭിപ്രായ ഭിന്നത മുറുകവേ യുക്രൈൻ യുദ്ധം മോദിയുടെ യുദ്ധമെന്ന ഗുരുതര ആരോപണം ഉന്നയിച്ച് അമേരിക്ക. ഡോണൾ‍‍ഡ് ട്രംപിന്‍റെ വാണിജ്യ ഉപദേഷ്ടാവ് പീറ്റർ നവാറോ ആണ് മോദിയാണ് യുദ്ധം നടത്തുന്നതെന്ന വിചിത്ര ആരോപണം ഉന്നയിച്ചത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ നിലവിൽ വന്നതിന് ശേഷം ഇന്ത്യ - യു എസ് ബന്ധം കൂടുതൽ ഉലയുന്നു എന്ന് സൂചിപ്പിക്കുന്ന പ്രസ്താവനയാണ് ട്രംപിന്‍റെ വാണിജ്യ ഉപദേഷ്ടാവ് നടത്തിയിരിക്കുന്നത്. റഷ്യ യുദ്ധം ചെയ്യുന്നത് പ്രധാനമായും ഇന്ത്യയിൽ നിന്ന് കിട്ടുന്ന പണം കൊണ്ടാണ്. അതിനാൽ യുക്രൈനിലെ നാശനഷ്ടത്തിന്‍റെ ഉത്തരവാദിത്തം ഇന്ത്യയ്ക്കാണ്. ഇത് മോദിയുടെ യുദ്ധമാണെന്നും ഒരു അഭിമുഖത്തിൽ പീറ്റർ നവാറോ പറഞ്ഞു.

റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ യുദ്ധമല്ലേ എന്ന ചോദ്യം ഉയർന്നെങ്കിലും അല്ല മോദിയുടെ യുദ്ധം എന്ന് വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് ആവർത്തിച്ചു. 50 ശതമാനം തീരുവ വന്നിട്ടും ഇന്ത്യ കുലുങ്ങാത്തതിനാൽ ട്രംപ് ഭരണകൂടം അസ്വസ്ഥരാകുന്നു എന്നാണ് ഇത് നൽകുന്ന സൂചന. അമേരിക്ക തീരുവ ഉയർത്തിയ സാഹചര്യം നേരിടാൻ കൂടുതൽ രാജ്യങ്ങളിലേക്കുളള കയറ്റുമതി ഉയർത്താനുള്ള വഴികൾ ഇന്ത്യ തേടുകയാണ്. ഇക്കാര്യം ജപ്പാൻ - ചൈന സന്ദർശനങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച ചെയ്യും. ഞായറാഴ്ച ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങുമായി നടത്തുന്ന ചർച്ചയിൽ ബ്രിക്സ് രാജ്യങ്ങൾക്കിടയിലെ സഹകരണം ശക്തമക്കുന്നതും ചർച്ചയാകും.

അതേസമയം മാർച്ച് മാസത്തിൽ പ്രസിഡന്‍റ് ഷി ജിൻ പിങ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്ത് എഴുതിയിരുന്നു എന്ന വാർത്ത ചൈന ഇതിനിടെ സ്ഥിരീകരിച്ചു. വാർത്താ ഏജൻസിയായ ബ്ളൂംബർഗ് റിപ്പോർട്ട് ചെയ്ത വാർത്തയാണ് ഇന്ന് ചൈന സ്ഥിരീകരിച്ചത്. അമേരിക്കൻ തീരുവയെ എതിർത്തുകൊണ്ടാണ് കത്ത് നൽകിയതെന്ന വാദം ചൈന അംഗീകരിച്ചിട്ടില്ല. പകരം ഇന്ത്യ - ചൈന ബന്ധം മെച്ചപ്പെടുത്തണം എന്ന് നിർദ്ദേശമാണ് കത്തിൽ പ്രധാനമായും നിർദ്ദേശിച്ചിരുന്നതെന്നാണ് ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫയ്ഹോംഗ് വിശദീകരിച്ചത്. പരസ്പര വിശ്വാസം വളർത്തണം എന്നും ഷി നിർദ്ദേശിച്ചെന്നും ചൈനീസ് അംബാസഡർ വിവരിച്ചു. എന്നാൽ താരിഫ് അടക്കമുള്ള വിഷയങ്ങൾ കത്തിലില്ലായിരുന്നു എന്നാണ് ചൈനീസ് അംബാസഡർ നൽകുന്ന സന്ദേശം.

അതിനിടെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി മാത്രമല്ല പകരം തീരുവ ഏർപ്പെടുത്താൻ കാരണമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻറ് വെളിപ്പെടുത്തിയിരുന്നു. മേയിൽ യാഥാർത്ഥ്യമാകും എന്ന് കരുതിയ വ്യാപാര കരാർ ഇന്ത്യ ഇത്രയും നീട്ടിക്കൊണ്ടു പോയത് അധിക തീരുവ പ്രഖ്യാപിക്കാൻ പ്രേരിപ്പിച്ചെന്നും സ്കോട്ട് ബെസെൻറ് വ്യക്തമാക്കി. ഇന്ത്യക്ക് മാത്രം പിഴ പ്രഖ്യാപിച്ചതിൽ അമേരിക്കയിലും അമർഷം പ്രകടമാകുമ്പോഴാണ് യുക്രൈൻ യുദ്ധം മോദി നടത്തുന്നു എന്ന ന്യായീകരണം നൽകാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ നീക്കമെന്ന് വ്യക്തമാണ്. ഇതിനിടെ ഇന്ത്യയ്ക്ക് അമേരിക്ക തീരുവ ഏർപ്പെടുത്തിയ സാഹചര്യത്തിൽ പകരം തീരുവ പ്രഖ്യാപിച്ച് തിരിച്ചടിക്കണമെന്ന് അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

8 യൂറോപ്യൻ രാജ്യങ്ങൾക്ക് മേല്‍ അധിക തീരുവ ചുമത്തുന്നതില്‍ നിന്ന് പിന്മാറി ട്രംപ്; മനംമാറ്റം നാറ്റോ സെക്രട്ടറി ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം
മോദിയോട് ഏറെ ബഹുമാനമെന്ന് ട്രംപ്; ലോക വേദിയിൽ വീണ്ടും ഇന്ത്യ തള്ളിയ വിഷയം ഉന്നയിച്ചു; വ്യാപാര കരാർ വൈകില്ലെന്നും പ്രതികരണം