
മെക്സിക്കോ സിറ്റി: മെക്സിക്കോ പാർലമെന്റിൽ എംപിമാർ തമ്മിലടിച്ചു. സെനറ്റിൽ പ്രതിപക്ഷ പാർട്ടി നേതാവ് അലജാൻഡ്രോ അലിറ്റോ മൊറീനോ സെനറ്റ് പ്രസിഡന്റ് ജെറാർഡോ ഫെർണാണ്ടസ് നൊറോണയെ ശാരീരികമായി ആക്രമിച്ചതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് എംപിമാർ തമ്മിൽ കൂട്ടയടിയായി. എ.എഫ്.പിയുടെ റിപ്പോർട്ട് പ്രകാരം, മെക്സിക്കോയിലെ വിദേശ സായുധ സേനയെക്കുറിച്ചുള്ള തർക്കവിഷയമായ ചർച്ചയുടെ അവസാനത്തിലാണ് നിയമസഭാംഗങ്ങൾ ദേശീയഗാനം ആലപിച്ചുകൊണ്ടിരിക്കെ സംഭവം നടന്നത്. ഇൻസ്റ്റിറ്റ്യൂഷണൽ റെവല്യൂഷണറി പാർട്ടി (പിആർഐ) തലവനായ മൊറീനോ, ഭരണകക്ഷിയായ മൊറീന പാർട്ടിയിലെ ഫെർണാണ്ടസ് നൊറോണയെ സമീപിച്ച് സംസാരിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടതോടെയാണ് സംഘർഷം ആരംഭിച്ചത്.
പെട്ടെന്ന് തന്നെ രണ്ട് രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള ശാരീരിക ഏറ്റുമുട്ടലിലേക്ക് നീങ്ങി. ഇതിനിടെ മൊറീനോ ഒരു ഫോട്ടോഗ്രാഫറെ ഇടിച്ചുവീഴ്ത്തി. സംഘർഷത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ച ഫെർണാണ്ടസ് നൊറോണയെ മറ്റൊരു നിയമസഭാംഗം മർദ്ദിക്കാൻ ശ്രമിച്ചതോടെ സംഘർഷം വർധിച്ചു. മൊറേനോ തന്നെ കൊല്ലാൻ ശ്രമിച്ചെന്ന് ഫെർണാണ്ടസ് നൊറോണ പിന്നീട് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. സംഭവം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച അടിയന്തര സമ്മേളനം വിളിക്കും. സമ്മേളനത്തിൽ മൊറേനോയെയും മറ്റ് മൂന്ന് പിആർഐ നിയമസഭാംഗങ്ങളെയും പുറത്താക്കിയേക്കും.
ഫെർണാണ്ടസ് നൊറോണയാണ് ആദ്യം പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്ന് മൊറേനോ ആരോപിച്ചു. മെക്സിക്കോയിലെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സായുധ സേനയുടെ സാന്നിധ്യം സംബന്ധിച്ച് ഭരണകക്ഷിയായ മൊറീന പാർട്ടിയും പ്രതിപക്ഷമായ പിആർഐയും തമ്മിൽ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു.