ട്രംപിൻ്റെ ഏറ്റവും വിശ്വസ്‌തനായ സുഹൃത്ത്; 'അമേരിക്കൻ അജണ്ട' നടപ്പാക്കാൻ ഇന്ത്യയിലേക്ക്; അംബാസഡറായി നാമനിർദേശം ചെയ്‌തു

Published : Aug 23, 2025, 08:02 AM IST
Trump, Sergio Gor

Synopsis

ഇന്ത്യയിലെ അമേരിക്കൻ അംബാസഡറായി സെർജിയോ ഗോറിനെ ഡോണാൾഡ് ട്രംപ് നിയമിച്ചു

വാഷിങ്ടൺ ഡിസി: ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി 38 കാരനായ സെർജിയോ ഗോറിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തു. അധിക തീരുവ പ്രശ്നത്തിൽ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ഉലഞ്ഞതിന് പിന്നാലെയാണ് അംബാസഡർ പദവിയിലെ മാറ്റം. ദക്ഷിണ - മധ്യേഷ്യൻ രാജ്യങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക ദൂതനായും ചുമതലയുണ്ട്. ട്രംപിൻ്റെ ഉറ്റ സുഹൃത്തും വർഷങ്ങളായി സന്തത സഹചാരിയും തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലെല്ലാം ട്രംപിനൊപ്പം ഉണ്ടായിരുന്നയാളും ട്രംപിൻ്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ പങ്കുവഹിച്ചയാളുമാണ് സെർജിയോ ഗോർ.

ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള മേഖലയിൽ അമേരിക്കൻ അജണ്ട നടപ്പിലാക്കാൻ തനിക്ക് ഏറ്റവും വിശ്വാസമുള്ള ഒരാളെ തന്നെ അംബാസഡറായി നിയമിക്കേണ്ടത് അത്യാവശ്യമായിരുന്നു എന്നാണ് ട്രംപിൻ്റെ പ്രതികരണം. ജനുവരിയിൽ എറിക് ഗാർസെറ്റി ഒഴിഞ്ഞ ശേഷം ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ പദവി ഒഴിഞ്ഞുകിടക്കുകയാണ്. ഇത്തവണ പ്രസിഡൻ്റായി ട്രംപ് അധികാരമേറ്റ ശേഷം പ്രസിഡൻ്റിൻ്റെ പേഴ്സണൽ ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു ഗോർ. ഇദ്ദേഹം നാലായിരത്തോളം നിയമനങ്ങൾ ഈ സ്ഥാനത്തിരുന്ന് കൊണ്ട് നടത്തിയിരുന്നു. ഇതേ തുടർന്നാണ് ട്രംപും ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌കും തമ്മിലുള്ള അകൽച്ചയും തർക്കങ്ങളും സംഭവിച്ചത്.

അതേസമയം ട്രംപ് നാമനിർദേശം ചെയ്തെങ്കിലും യുഎസ് കോൺഗ്രസ് കൂടി ഗോറിൻ്റെ നിയമനം അംഗീകരിക്കേണ്ടതുണ്ട്. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഗോറിൻ്റെ നിയമനം സഹായിക്കുമോ അല്ല തിരിച്ചടിയാകുമോ എന്നത് കണ്ടറിയണം. 1986 ൽ പഴയ സോവിയറ്റ് യൂണിയനിലെ ഉസ്ബെക്കിസ്ഥാനിലാണ് ഗോർ ജനിച്ചത്. 1999 ൽ കുടുംബത്തോടൊപ്പം യുഎസിലേക്ക് കുടിയേറി. ലോസ് ഏഞ്ചൽസിലെ ഹൈസ്കൂളിൽ പഠിച്ചു. വാഷിംഗ്ടൺ ഡിസിയിലെ ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ പഠനം തുടർന്നു.

2013ൽ, കെന്റക്കി സെനറ്ററായിരുന്ന റാൻഡ് പോളിന്റെ രാഷ്ട്രീയ പ്രവർത്തന സമിതിയിൽ ഗോർ ഭാഗമായി. പിന്നീട് ഇദ്ദേഹത്തിൻ്റെ വക്താവ്, കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2020 ജൂണിൽ, ട്രംപ് വിക്ടറി ഫിനാൻസ് കമ്മിറ്റിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയി ചുമതലയേറ്റു. അടുത്ത മാസം മുതൽ ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ കൺസൾട്ടന്റും പുസ്തക പ്രസിദ്ധീകരണ ചുമതലയുള്ള മാനേജരുമായി ഗോർ പ്രവർത്തിച്ചു.

ട്രംപ് ജൂനിയറും ഗോറും ചേർന്ന് 2021 ഒക്ടോബറിൽ വിന്നിംഗ് ടീം പബ്ലിഷിംഗ് എന്ന പ്രസിദ്ധീകരണ കമ്പനി സ്ഥാപിച്ചത് ഇതിന് പിന്നാലെയാണ്. ഡൊണാൾഡ് ട്രംപിനെക്കുറിച്ച് ഔർ ജേർണി ടുഗെദർ (2021), ലെറ്റേഴ്‌സ് ടു ട്രംപ് (2023), സേവ് അമേരിക്ക (2024) എന്നിവയുൾപ്പെടെ നിരവധി പുസ്തകങ്ങൾ കമ്പനി പ്രസിദ്ധീകരിച്ചു. മാഗ ഇൻ‌കോർപ്പറേറ്റഡിന്റെ മുതിർന്ന ഉപദേഷ്ടാവായിരുന്നു ഗോർ, ട്രംപിനായി റൈറ്റ് ഫോർ അമേരിക്ക എന്ന രാഷ്ട്രീയ ആക്ഷൻ കമ്മിറ്റിയെയും നയിച്ചു. 2024 നവംബറിൽ ഗോറിനെ വൈറ്റ് ഹൗസ് പ്രസിഡൻഷ്യൽ പേഴ്‌സണൽ ഓഫീസിന്റെ ഡയറക്ടറായി ട്രംപ് നിയമിച്ചു.

പുതിയ നിയമനങ്ങളെ പരിശോധിക്കാൻ സഹായിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിൻ്റെ ചുമതല. ഫെഡറൽ ഗവൺമെന്റിൽ ട്രംപ് അനുകൂലികളെയും വിശ്വസ്തരെയും നിയമിക്കുന്നതിൽ സ്വാധീനം ചെലുത്തിയ ശേഷാണ് ഗോർ പുതിയ ചുമതലയിലേക്ക് നീങ്ങുന്നത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്