
വാഷിംങ്ടണ്‍: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചു എന്ന് ആദ്യമായി സമ്മതിച്ച് ഡോണൾഡ് ട്രംപ്. നേരത്തെ പലപ്രവാശ്യം വിജയം അവകാശപ്പെട്ട ട്രംപ് ഇതാദ്യമായാണ് പരസ്യമായി ബൈഡന്‍ ജയിച്ചുവെന്ന് പറയുന്നത്. തന്‍റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ട്രംപ് ബൈഡൻ വിജയിച്ചു എന്ന് സമ്മതിച്ചത്. ജയിച്ചു എങ്കിലും തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് ട്രംപ് ഇപ്പോഴും ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചും കള്ള വോട്ടുകൾ ചെയ്തുമാണ് ബൈഡൻ വിജയിച്ചതെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു. എന്നാല്‍ ഉടന്‍ തന്നെ ട്രംപിന്‍റെ ട്വീറ്റ് ട്വിറ്റര്‍ ഫ്ലാഗ് ചെയ്തിട്ടുണ്ട്. ട്രംപിന്‍റെ ആരോപണം തര്‍ക്കവിഷയമാണെന്ന് ട്വിറ്റര്‍ പറയുന്നു.
തെരഞ്ഞെടുപ്പിൽ വഞ്ചന കാണിച്ചാണ് അയാൾ ജയിച്ചത്. വോട്ട് നിരീക്ഷകരെ അനുവദിച്ചില്ല. വോട്ടുകൾ ക്രമപ്പെടുത്തിയത് അവരുടെ കീഴിലുള്ള കമ്പനിയാണ്. അവർ ഇതിൽ അധീശത്വം കാണിച്ചു. അവർ മതിപ്പുള്ള കമ്പനിയല്ല. മോശം ഉപകരണങ്ങളാണ് അവരുടെത്. പിന്നെ, കള്ളത്തരം പറയുകയും, മിണ്ടാതിരിക്കുകയും ചെയ്യുന്ന മാധ്യമങ്ങളും’- ട്രംപിന്‍റെ ട്വീറ്റ് പറയുന്നു.
എന്നാല്‍ ഈ ട്വീറ്റിന് ശേഷം വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വാര്‍ത്ത വന്നതിന് പിന്നാലെ നിരവധി ട്വീറ്റുകളാണ് ട്രംപ് തന്‍റെ വാദങ്ങള്‍ ഉയര്‍ത്തി ട്വീറ്റ് ചെയ്യുന്നത്. എല്ലാത്തിലും തെരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നു എന്ന രീതിയിലാണ് ട്രംപിന്‍റെ അവകാശവാദം.
തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചത് കൃത്രിമം കാണിച്ചാണെന്നാരോപിച്ച് ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകർ പരാതി നൽകിയിരുന്നു എങ്കിലും പല കോടതികളും ഇത് തള്ളി. ഇതിനു പിന്നാലെയായിരുന്നു ട്രംപിന്‍റെ ട്വീറ്റ്. വെള്ളിയാഴ്ചയും തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്ന രീതിയില്‍ ട്രംപ് സംസാരിച്ചിരുന്നു.
കൊവിഡ് വാക്സിൻ പുരോഗതിയെപ്പറ്റിയാണ് ട്രംപ് അന്ന് സംസാരിച്ചത്. ഇനിയൊരു ലോക്ക്ഡൗൺ രാജ്യത്ത് ഉണ്ടാവില്ലെന്നും ട്രംപ് പറഞ്ഞു. ഇതിനിടയിലായിരുന്നു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാമർശം. “ഭാവിയിൽ എന്ത് സംഭവിക്കുമെന്നറിയില്ല. ഏത് ഭരണകൂടമായിരിക്കുമെന്ന് ആർക്കറിയാം. എല്ലാം കാലം തെളിയിക്കുമെന്ന് ഞാൻ കരുതുന്നു.”- ട്രംപ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam