ബ്രിട്ടീഷ് എയർവേസ് വിമാനത്തിലെ ജീവനക്കാർക്ക് യാത്രക്കാരൻ നൽകിയ കഞ്ചാവ് മിഠായി കഴിച്ച് അസ്വസ്ഥത. ലോസ് ആഞ്ചലസിൽ വിമാനമിറങ്ങിയ മൂന്ന് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എയർലൈൻ ആഭ്യന്തര അന്വേഷണം ആരംഭിച്ചു

ലോസ് ആഞ്ചലസ്: വിമാനത്തിനുള്ളിൽ വച്ച് യാത്രക്കാരൻ കൊടുത്ത കഞ്ചാവ് ഉപയോഗിച്ച് ഉണ്ടാക്കിയ മധുരം കഴിച്ച് ജീവനക്കാർക്ക് അസ്വസ്ഥത. ബ്രിട്ടീഷ് എയർവേസിലെ മൂന്ന് ക്രൂ അംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരിയടങ്ങിയതെന്ന് അറിയാതെയാണ് ഇവർ ഇത് കഴിച്ചത്. ഹീത്രൂവിൽ നിന്ന് പുറപ്പെട്ട വിമാനം ലോസ് ആഞ്ചലസിൽ ഇറങ്ങിയ ശേഷമായിരുന്നു സംഭവം.

Add Asianetnews as a Preferred SourcegooglePreferred

യാത്രക്കാരിലൊരാൾ നൽകിയ മിഠായി, യാത്രക്കാരെല്ലാം മടങ്ങിയ ശേഷം ക്രൂ അംഗങ്ങൾക്കുള്ള ബസിൽ ഹോട്ടലിലേക്ക് പോകും വഴിയാണ് ജീവനക്കാർ കഴിച്ചത്. ഹോട്ടലിലെത്തിയപ്പോഴേക്കും ഇവർക്ക് അസ്വസ്ഥത നേരിടാൻ തുടങ്ങി. അപായമെന്തോ സംഭവിക്കാൻ പോകുന്നുവെന്ന് ഭയന്ന ജീവനക്കാർ ഹോട്ടൽ അധികൃതരോട് വിവരം പറഞ്ഞു. പിന്നാലെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെ ഈ വിമാനത്തിൻ്റെ മടക്ക സർവീസിൽ മറ്റ് മൂന്ന് ജീവനക്കാരെ ഉൾപ്പെടുത്തി ബ്രിട്ടീഷ് എയർവേസ് പ്രശ്നം പരിഹരിച്ചു. ജീവനക്കാരെ ലഹരി നൽകി കുടുക്കിയ യാത്രക്കാരനെ കണ്ടെത്താൻ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിമാനം സുരക്ഷിതമായി ലാൻ്റ് ചെയ്താൽ നന്ദിസൂചകമായി യാത്രക്കാർ ജീവനക്കാർക്ക് മധുരം നൽകാറുണ്ട്. ഇത്തരത്തിലുള്ള സ്നേഹസമ്മാനമെന്ന് കരുതിയാണ് ജീവനക്കാർ ഇത് കഴിച്ചതെന്നാണ് വിവരം. ജീവനക്കാരെ വഞ്ചിച്ച് ലഹരി കഴിപ്പിച്ചത് ഗുരുതര കുറ്റമായതിനാൽ പ്രതിയായ യാത്രക്കാരൻ പിടിക്കപ്പെട്ടാൽ അഴിയെണ്ണുമെന്ന് ഉറപ്പാണ്.