
വാഷിങ്ടണ്‍: എണ്ണപ്പാടങ്ങളുടെ വികസനത്തിന് പാകിസ്ഥാനുമായി കരാർ ഒപ്പിട്ട് അമേരിക്കയുടെ നിർണായക നീക്കം. ഏത് കമ്പനിക്കാണ് ഇതിന്റെ ചുമതല നൽകേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഒരു ദിവസം പാകിസ്ഥാൻ ഇന്ത്യയ്ക്ക് എണ്ണ വിൽക്കുമെന്നും യു.എസ് പ്രസിഡന്‍റ് സമൂഹ മാധ്യമത്തിൽ കുറിച്ചു.
സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ്, ട്രംപ് പാകിസ്ഥാനുമായുള്ള പുതിയ കരാറിനെ കുറിച്ച് പ്രഖ്യാപനം നടത്തിയത്- "പാകിസ്ഥാനുമായി ഞങ്ങൾ ഒരു കരാർ ഒപ്പിട്ടു. അതിലൂടെ പാകിസ്ഥാനും അമേരിക്കയും അവരുടെ വമ്പിച്ച എണ്ണ ശേഖരം വികസിപ്പിക്കുന്നതിന് ഒന്നിച്ച് പ്രവർത്തിക്കും. അതിന് നേതൃത്വം നൽകാൻ ഒരു എണ്ണ കമ്പനിയെ ഞങ്ങൾ തീരുമാനിക്കും. ആർക്കറിയാം ഒരുപക്ഷേ അവർ ഒരു ദിവസം ഇന്ത്യയ്ക്ക് എണ്ണ വിറ്റേക്കും"- എന്നാണ് ട്രംപിന്‍റെ വാക്കുകൾ.
അമേരിക്കയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്ന നിരവധി രാജ്യങ്ങളുണ്ടെന്നും തീരുവ കുറയ്ക്കാൻ അവർ യുഎസിന് മുൻപിൽ പല വാഗ്ദാനങ്ങളും വയ്ക്കുന്നുണ്ടെന്നും ഇത് രാജ്യത്തിന്റെ വ്യാപാര കമ്മി വൻതോതിൽ കുറയ്ക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് ഇന്ത്യയ്ക്ക് 25 ശതമാനം തീരുവയും പിഴയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിസ്ഥാനുമായി കരാർ ഒപ്പിട്ടതായി ട്രംപ് പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയമാണ്.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25% അധിക തീരുവ; ട്രംപിൻ്റെ മുന്നറിയിപ്പ് തള്ളി ഇന്ത്യ
ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 25% തീരുവ ചുമത്തിയെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം. റഷ്യയിൽ നിന്ന് ഇന്ത്യ ആയുധവും എണ്ണയും വാങ്ങുന്നതിനാൽ തീരുവയ്ക്ക് പുറമെ പിഴയും ചുമത്തുമെന്നും ട്രംപ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. ഇന്ത്യ സുഹൃത്താണെങ്കിലും അവർ ലോകത്തെ ഏറ്റവും ഉയർന്ന തീരുവകളാണ് ചുമത്തുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ മുന്നറിയിപ്പ് തള്ളുകയാണ് ഇന്ത്യ. ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ വിദേശകാര്യമന്ത്രി എസ് ജയശങ്കറും വാണിജ്യമന്ത്രി പിയൂഷ് ഗോയലും ചർച്ച നടത്തി. ട്രംപിന്‍റെ പ്രഖ്യാപനം മന്ത്രിമാർ വിലയിരുത്തി. തുടർ നടപടികളിലേക്ക് കടക്കാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് മാസമായി ഇന്ത്യ - അമേരിക്ക വ്യാപാര കരാറിനായുള്ള ചർച്ചകൾ നടക്കുകയായിരുന്നു. കാർഷിക ഉത്പന്നങ്ങളുടെ തീരുവയിൽ തട്ടി ഇത് വഴിമുട്ടിയതോടെയാണ് ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചത്. അമേരിക്കയിൽ കെട്ടിക്കിടക്കുന്ന കാർഷിക ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി തേടുകയാണ് ട്രംപെന്ന് ഉന്നത വ്യത്തങ്ങൾ പറഞ്ഞു. തീരുമാനം നടപ്പാക്കിയാൽ ടെക്സ്റ്റൈൽസ് അടക്കം പല ഉത്പന്നങ്ങളുടെയും കയറ്റുമതിയെ ഇത് ബാധിക്കും. മേഖലയിലെ പല രാജ്യങ്ങൾക്കും ട്രംപ് പ്രഖ്യാപിച്ച തീരുവയെക്കാൾ കൂടുതലാണ് ഇന്ത്യയ്ക്ക് ചുമത്തിയിരിക്കുന്നത്.
അടുത്ത മാസം അമേരിക്കൻ ഉദ്യോഗസ്ഥർ ചർച്ചകൾക്ക് ഇന്ത്യയിൽ എത്താനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തീരുമാനം നീട്ടി വയ്ക്കണം എന്ന ആവശ്യം ഇന്ത്യ അമേരിക്കയെ അറിയിക്കും. നരേന്ദ്ര മോദി ഡോണൾഡ് ട്രംപുമായി സംസാരിക്കാനും സാധ്യതയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam