സംഭവത്തിന് പിന്നാലെ യാത്രക്കാരെ റൺ വേയിൽ വച്ച് തന്നെ പുറത്തിറക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കുകളില്ല.

ഒർലാൻഡോ:200 യാത്രക്കാരുമായി ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയർ ഊരിത്തെറിച്ചു. റൺവേയിലേക്ക് ലാൻഡ് ചെയ്യുന്നതിനിടയിലാണ് യുണൈറ്റഡ് എയർലൈനിന്റെ എയർ ബസ് 321 ന്റെ മുന്നിലെ ടയർ ഊരിപ്പോയത്. ഓർലാൻഡോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. 200 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് സംഭവ സമയം വിമാനത്തിനുള്ളിലുണ്ടായിരുന്നത്. ലാൻഡിംഗിനിടെയുണ്ടായ സാങ്കേതിക പിഴവാണ് സംഭവത്തിന് പിന്നിലെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിന് പിന്നാലെ യാത്രക്കാരെ റൺ വേയിൽ വച്ച് തന്നെ പുറത്തിറക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കുകളില്ല. യാത്രക്കാർക്ക് വിമാനത്താവള ടെർമിനലിലേക്ക് എത്താനായി റൺവേയിലേക്ക് ബസുകൾ എത്തിച്ച് നൽകുകയായിരുന്നു. ഇതിന് ശേഷമാണ് എയർ ബസ് 321 നിരവധിപ്പേർ ചേർന്ന് റൺവേയിൽ നിന്ന് നീക്കിയത്.

Scroll to load tweet…

വിമാനത്തിന് തുടർന്ന് സർവ്വീസ് നടത്തുന്നതിൽ നിന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിലക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ വിമാനം ഇറങ്ങിയ റൺവേ അടച്ചതിനാൽ നിരവധി വിമാനങ്ങൾ വൈകിയാണ് പുറപ്പെട്ടത്. സാങ്കേതിക തകരാറിനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല. കാറ്റും മഴയും തണുപ്പും നിറഞ്ഞ കാലാവസ്ഥ ലാൻഡിംഗിനിടെ വില്ലനായെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. ശക്തമായ കാറ്റ് മേഖലയിൽ അനുഭവപ്പെടുമെന്ന്കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം