
വാഷിങ്ടൺ: അമേരിക്കയിൽ കേന്ദ്ര ബാങ്കിൻ്റെ തലപ്പത്തേക്ക് കെവിൻ വാർഷിനെ നാമനിർദേശം ചെയ്ത് ട്രംപ്. യുഎസ് ഫെഡറൽ റിസർവ് എന്നറിയപ്പെടുന്ന സെൻട്രൽ ബാങ്കിൻ്റെ ചെയർമാനായാണ് നിയമനം. മെയ് മാസത്തിൽ നിലവിലെ ചെയർമാനായ ജെറോം പവൽ സ്ഥാനമൊഴിയുന്ന മുറയ്ക്ക് കെവിൻ വാർഷ് ഈ സ്ഥാനത്ത് നിയമിതനാകും. പലിശ നിരക്ക് കുറയ്ക്കാത്തതുമായി ബന്ധപ്പെട്ട് ട്രംപിൻ്റെ ശത്രുതയ്ക്ക് ഇരയായ ഉദ്യോഗസ്ഥനാണ് ജെറോം പവൽ.
ആഗോള ഓഹരി വിപണികളുടെ ഇപ്പോഴത്തെ സ്ഥിതി കടുത്ത പ്രതിസന്ധിയിലാണ്. ട്രംപിൻ്റെ രാഷ്ട്രീയ നയങ്ങളാണ് ഇതിന് പ്രധാന കാരണം. ഇറാൻ, കാനഡ, ഗ്രീൻലാൻഡ്, തുടങ്ങിയ വിഷയങ്ങളിൽ അമേരിക്ക സംഘർഷത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതിയാണ് അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും ഓഹരി വിപണികളിൽ നിന്ന് നിക്ഷേപകരെ പിന്നോട്ട് വലിപ്പിച്ചത്. പിന്നാലെ കൂട്ടമായി സ്വർണത്തിലേക്ക് നിക്ഷേപമെത്തിയത് സ്വർണവില ഉയരാൻ കാരണമായി. ഈ ഘട്ടത്തിലെല്ലാം അമേരിക്കൻ സെൻട്രൽ ബാങ്കിനോട് പലിശ നിരക്ക് കുറയ്ക്കാൻ ട്രംപ് ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാൽ ജെറോം പവൽ അണുവിട അനങ്ങിയില്ല. ഒടുവിൽ ജെറോം പവലിനെതിരെ ട്രംപ് കേസെടുപ്പിച്ചു. മന്ദബുദ്ധിയെന്നും വിഡ്ഢിയെന്നും പവലിനെ ട്രംപ് അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
പലിശ നിരക്ക് കുറച്ചെങ്കിലേ ഓഹരി വിപണി വീണ്ടും സജീവമാകൂ. എങ്കിലേ സ്വർണവില കുറയുകയുള്ളൂ. ഇതാണ് കെവിൻ വാർഷിൻ്റെ നിയമനത്തിൻ്റെ പ്രസക്തി. വിപണിയെ ദുർബലപ്പെടുത്താത്ത നിലയിലും വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിച്ചുകൊണ്ട് സാമ്പത്തിക പരിഷ്കരണം നടപ്പാക്കുന്നതിൽ കെവിൻ വാർഷിന് ജയിക്കാനാവുമോയെന്നാണ് ഉറ്റുനോക്കുന്നത്. ആഗോള രാഷ്ട്രീയ പ്രതിസന്ധിക്കെല്ലാം പിന്നിൽ നിൽക്കുന്ന ട്രംപിന്, ഓഹരി വിപണികളെ പിടിച്ചുനിർത്താൻ ഇനി ഫെഡറൽ റിസർവിനെ ഒപ്പം നിർത്തിയേ പറ്റൂ. ഈ നീക്കം നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തുമോയെന്നാണ് ഉറ്റുനോക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam