സമ്മർദം ചെലുത്താൻ നെതന്യാഹു വൈറ്റ് ഹൗസിൽ, ട്രംപുമായി നിർണായക കൂടിക്കാഴ്ച; ഇറാന് കടിഞ്ഞാണിടാൻ കർശന കരാർ വേണമെന്ന് ആവശ്യം

Published : Feb 11, 2026, 05:36 PM IST
trump netanyahu

Synopsis

ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണവും ബാലിസ്റ്റിക് മിസൈൽ പദ്ധതികളും തടയുക, ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ ഗ്രൂപ്പുകൾക്ക് നൽകുന്ന പിന്തുണയ്ക്ക് അറുതി വരുത്തുക എന്നിവയിലേക്ക് നയിക്കുന്ന കർശന കരാറിനായി നെതന്യാഹു ട്രംപിന് മേൽ സമ്മർദം ചെലുത്തും

വാഷിംഗ്ടൺ: നിർണായക ചർച്ചകൾക്കായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിൽ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. മധ്യേഷ്യയിൽ സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനിടെ ഇറാന്‍റെ ആണവായുധ പദ്ധതികൾക്ക് കടിഞ്ഞാണിടുന്നത് സംബന്ധിച്ചായിരിക്കും പ്രധാന ചർച്ച. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണവും ബാലിസ്റ്റിക് മിസൈൽ പദ്ധതികളും തടയുക, ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ ഗ്രൂപ്പുകൾക്ക് നൽകുന്ന പിന്തുണയ്ക്ക് അറുതി വരുത്തുക എന്നിവയിലേക്ക് നയിക്കുന്ന കർശന കരാറിനായി നെതന്യാഹു ട്രംപിന് മേൽ സമ്മർദം ചെലുത്താൻ സാധ്യതയുണ്ട്.

അതേസമയം ഇസ്ലാമിക വിപ്ലവ വിജയത്തിന്‍റെ വാർഷിക ആഘോഷത്തിൽ ഇറാനിലെ നേതാക്കളും സൈനിക മേധാവികളും അണിനിരന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, സർവ സൈനിക മേധാവി അബ്ദുൽ റഹിം മൗസവി, ഐആർജിസി ചീഫ് കമാൻഡർ തുടങ്ങിയവർ പങ്കെടുത്തു. ഇറാൻ ആണവായുധം ഉണ്ടാക്കുന്നില്ലെന്നും ഏത് തരം പരിശോധനയ്ക്കും തയ്യാറാണെന്നും പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. അതേസമയം തങ്ങളുടെ മേൽ ചുമത്തിയിട്ടുള്ള ഉപരോധങ്ങൾ നീക്കം ചെയ്യുകയാണെങ്കിൽ ആണവ പദ്ധതികളിൽ നിയന്ത്രണം കൊണ്ടുവരാൻ തയ്യാറാണെന്ന സൂചന ഇറാൻ നൽകിയിട്ടുണ്ട്. എന്നാൽ മിസൈൽ പദ്ധതികളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യണമെന്ന ആവശ്യം ഇറാൻ തള്ളി.

നെതന്യാഹുവിന്‍റെ ആറാമത്തെ അമേരിക്കൻ സന്ദർശനം

ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയ ശേഷം നെതന്യാഹു നടത്തുന്ന ആറാമത്തെ അമേരിക്കൻ സന്ദർശനമാണിത്. ലോക നേതാക്കളിൽ ഏറ്റവും കൂടുതൽ തവണ ട്രംപിനെ സന്ദർശിച്ചതും നെതന്യാഹു തന്നെയാണ്. ഇറാന്‍റെ ഭീഷണി ഇസ്രായേലിന്റെ നിലനിൽപ്പിന് തന്നെ അപകടമാണെന്നാണ് നെതന്യാഹുവിന്റെ നിലപാട്. ആണവ പദ്ധതികളുടെ കാര്യത്തിൽ ധാരണയിൽ എത്തിയില്ലെങ്കിൽ ഇറാന് നേരെ ആക്രമണം നടത്തുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി മധ്യേഷ്യയിൽ അമേരിക്ക സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. രണ്ടാമതൊരു വിമാനവാഹിനിക്കപ്പൽ കൂടി മേഖലയിലേക്ക് അയക്കുന്ന കാര്യം പരിഗണനയിലാണെന്ന് ട്രംപ് വ്യക്തമാക്കി. "ഞങ്ങൾക്ക് വലിയൊരു നാവിക വ്യൂഹം അവിടെയുണ്ട്, മറ്റൊന്ന് കൂടി അങ്ങോട്ട് പോയേക്കാം" എന്നാണ് ട്രംപ് പറഞ്ഞത്. ഇറാൻ കരാറിനായി ആഗ്രഹിക്കുന്നുണ്ടെന്നും നയതന്ത്ര പരിഹാരം സാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ വിഷയത്തിന് പുറമെ, ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ അടുത്ത ഘട്ടം നടപ്പിലാക്കാനും ട്രംപ് ഭരണകൂടം ശ്രമിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്നേഹം വിപ്ലവമാകട്ടെ.... പർവത നിരകളിൽ പുതിയ കാമുകിയോടൊത്ത് മഞ്ഞിൽ രസിച്ച് കനേഡിയൻ മുൻ പ്രധാനമന്ത്രി
യുഎസ് തങ്ങളെ ടോയ്ലറ്റ് പേപ്പറിനേക്കാൾ മോശമായി ഉപയോഗിച്ചു; പാക് പ്രതിരോധ മന്ത്രി പാർലമെന്‍റിൽ