
ന്യൂയോർക്ക്: നാസ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തേക്ക് ശതകോടീശ്വരൻ ജാറെഡ് ഐസക്മാനെ നാമനിർദ്ദേശം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇലോൺ മസ്കിന്റെ അടുത്ത സുഹൃത്തും സ്വകാര്യ ബഹിരാകാശ സഞ്ചാരിയുമായ ഐസക്മാനെ ആദ്യം നാസ അഡ്മിനിസ്ട്രേറ്ററാക്കാൻ ശ്രമിക്കുകയും, സെനറ്റ് കൺഫർമേഷൻ ഹിയറിംഗുകളിലേക്ക് കടക്കുകയും ചെയ്തിരുന്നു. പിന്നീട് മസ്കും ട്രംപും തമ്മിൽ തെറ്റിയപ്പോൾ ഐസക്മാന്റെ നാമനിർദ്ദേശം ട്രംപ് പിൻവലിച്ചു. പകരം ട്രാൻസ്പോർട്ട് സെക്രട്ടറി ഷോൺ ഡഫിക്ക് നാസയുടെ ചുമതല നൽകി. പിന്നീട് ഐസക്മാൻ നേരിട്ട് നടത്തിയ ചില സമവായ നീക്കങ്ങൾക്ക് ശേഷമാണ് ട്രംപിന്റെ വീണ്ടുവിചാരം.
പുതിയ കാലത്ത് നാസയെ നയിക്കാൻ എറ്റവും അനുയോജ്യൻ ജാറെഡ് ഐസക്മാൻ തന്നെയെന്നാണ് ട്രംപ്, ട്രൂത്ത് സോഷ്യലിൽ കുറിച്ചിരിക്കുന്നത്. ഷിഫ്റ്റ് 4 എന്ന പേയ്മെന്റ്സ് കന്പനി സ്ഥാപകനായ ഐസ്കമാൻ രണ്ട് സ്വകാര്യ ബഹിരാകാശ ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്. ബഹിരാകാശ നടത്തം നടത്തിയ ആദ്യ സ്വകാര്യ ബഹിരാകാശ യാത്രികനും ഐസക്മാനാണ്.
വീണ്ടും ലോകത്തെ അത്ഭുതപ്പെടുത്തി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ശബ്‌ദാധിവേഗത്തില്‍ നാസയുടെ എക്‌സ്- 59 (X-59 Quesst) ജെറ്റ് വിമാനം അതിന്‍റെ കന്നി പരീക്ഷണ പറക്കൽ പൂർത്തിയാക്കി. നാസയും ലോക്ക്ഹീഡ് മാർട്ടിനും ചേർന്ന് വികസിപ്പിച്ചെടുത്ത ക്വയറ്റ് സൂപ്പർസോണിക് സാങ്കേതികവിദ്യയിലുള്ള എക്‌സ് - 59 ജെറ്റ് 2025 ഒക്‌ടോബര്‍ 28 - നാണ് കാലിഫോർണിയ മരുഭൂമിക്ക് കുറുകെ അനൗദ്യോഗിക പരീക്ഷണ പറക്കൽ പൂർത്തിയാക്കിയത്. കാലിഫോർണിയയിലെ പാംഡെയ്‌ലിൽ നിന്ന് എഡ്വേർഡ്‌സ് എയർഫോഴ്‌സ് ബേസിലേക്കായിരുന്നു ആദ്യ പറക്കൽ. ഈ കന്നിപ്പറ ക്കലിൽ വിമാനം ഒരു മണിക്കൂർ ആകാശത്ത് ചിലവഴിച്ചു. എക്‌സ്-59 ക്വസ്റ്റ് രാവിലെ 8:14 - ന് പറന്നുയർന്ന് 9:21 - ന് സുരക്ഷിതമായി ലാൻഡ് ചെയ്‌തു. മണിക്കൂറിൽ പരമാവധി 250 കിലോമീറ്റർ വേഗതയിലും 12,000 അടി ഉയരത്തിലും വിമാനം പറന്നു. എക്‌സ് - 59 ജെറ്റ് വിമാനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അത് സൂപ്പർസോണിക് വേഗതയിൽ ശബ്‍ദമുണ്ടാക്കാതെ പറക്കുന്നു എന്നതാണ്. അതുകൊണ്ടാണ് ഇതിനെ ക്വയറ്റ് സൂപ്പർസോണിക് റിസർച്ച് എയർക്രാഫ്റ്റ് എന്ന് വിളിക്കുന്നത്. വിമാനങ്ങൾ ശബ്‌ദ തടസം മറികടക്കുമ്പോൾ ഉണ്ടാകുന്ന സോണിക് ബൂം ശബ്‌ദം ഗണ്യമായി കുറയ്ക്കുന്ന രൂപത്തിലാണ് ഈ ജെറ്റ് നിർമ്മിച്ചിരിക്കുന്നത്.