
വാഷിങ്ടണ്‍: യുക്രൈനുള്ള എല്ലാ സൈനിക സഹായവും മരവിപ്പിച്ച് അമേരിക്ക. ട്രംപ് - സെലൻസ്കി തർക്കത്തിന് പിന്നാലെയാണ് നിർണായക തീരുമാനം. ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ അമേരിക്ക യുക്രൈന് സാമ്പത്തിക - ആയുധ സഹായം നൽകില്ല. പ്രശ്നപരിഹാരത്തിന് യുക്രൈൻ തയ്യാറായാൽ മാത്രമേ ഇനി സഹായിക്കൂവെന്ന് ട്രംപ് വ്യക്തമാക്കി.
സമാധാനത്തിനായാണ് അമേരിക്കയും പ്രസിഡന്‍റ് ട്രംപും നിലകൊള്ളുന്നതെന്നും ഇക്കാര്യത്തിൽ എല്ലാ സഖ്യകക്ഷികളും പ്രതിബദ്ധത കാണിക്കണമെന്നുമാണ് വൈറ്റ് ഹൌസ് സൂചിപ്പിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്കി തയ്യാറായാൽ സഹായം തുടരും എന്നതാണ് നിലവിൽ വൈറ്റ്ഹൌസ് നൽകുന്ന സന്ദേശം. അതോടൊപ്പം ട്രംപുമായുള്ള കൂടിക്കാഴ്ചക്കിടെയുണ്ടായ സംഭവങ്ങളിൽ സെലൻസ്കിയിൽ നിന്ന് പരസ്യ ക്ഷമാപണവും വൈറ്റ്ഹൌസ് പ്രതീക്ഷിക്കുന്നു. സെലൻസ്കിയെ സമ്മർദത്തിലാക്കി കൊണ്ടാണ് അമേരിക്കയുടെ പുതിയ നീക്കം.
അതിനിടെ യുക്രൈനിലെ ധാതു വിഭവങ്ങൾ സംബന്ധിച്ച് അമേരിക്കയുമായി കരാറിൽ ഒപ്പിടാൻ താൻ ഇപ്പോഴും തയ്യാറാണെന്ന് സെലൻസ്‌കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാഷിങ്ടണിൽ നിന്ന് മടങ്ങിയത് ഒരു കരാറുമില്ലാതെയാണ്. യുഎസുമായി ക്രിയാത്മകമായ സംഭാഷണത്തിന് ഇപ്പോഴും തയ്യാറാണ്. പക്ഷേ യുക്രൈന്‍റെ നിലപാട് കേൾക്കണം എന്നത് മാത്രമാണ് തന്‍റെ ആഗ്രഹമെന്ന് സെലൻസ്കി പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ട്രംപുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ച കടുപ്പമേറിയതായിരുന്നുവെന്ന് ലണ്ടനിൽ മാധ്യമങ്ങളോട് സംസാരിക്കവേ സെലൻസ്കി സമ്മതിച്ചു. ഈ യുദ്ധത്തിലെ അക്രമി ആരാണെന്ന് സഖ്യകക്ഷികൾ ഓർക്കണമെന്ന് യുക്രൈൻ ആഗ്രഹിക്കുന്നുവെന്നും സെലൻസ്കി പറഞ്ഞു.
യുക്രൈനും യുഎസും തമ്മിലുള്ള സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ചുവടുവയ്പായിട്ടാണ് ധാതു ഇടപാടിനെ ആദ്യം കണ്ടതെന്ന് സെലൻസ്കി പറഞ്ഞു. പക്ഷേ യുഎസും യുക്രൈനും തമ്മിലുള്ള പിരിമുറുക്കം വർദ്ധിച്ചു. റഷ്യയുമായുള്ള സമാധാന ചർച്ചകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ചൊല്ലിയാണ് പ്രധാന ഭിന്നത. വിയോജിപ്പുകൾ ഉണ്ടെങ്കിലും ക്ഷണിച്ചാൽ താൻ വീണ്ടും വൈറ്റ് ഹൗസിലെത്തുമെന്ന് സെലെൻസ്‌കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ യുക്രൈന്‍റെ ഭൂമി റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുമായി ഇപ്പോഴും കരാറിന് തയ്യാർ; പക്ഷേ യുക്രൈന്‍റെ ഭൂമി റഷ്യയ്ക്ക് നൽകില്ലെന്ന് സെലൻസ്കി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam