കുടിയേറ്റം മുതൽ യുക്രൈൻ പിന്തുണ വരെ! ട്രംപിന്‍റെ രണ്ടാം വരവിലെ ആദ്യ ഓസ്കർ വേദിയിൽ ഉയർന്ന 'രാഷ്ട്രീയ' ചർച്ച

Published : Mar 04, 2025, 12:02 AM IST
കുടിയേറ്റം മുതൽ യുക്രൈൻ പിന്തുണ വരെ! ട്രംപിന്‍റെ രണ്ടാം വരവിലെ ആദ്യ ഓസ്കർ വേദിയിൽ ഉയർന്ന 'രാഷ്ട്രീയ' ചർച്ച

Synopsis

കുടിയേറ്റക്കാരായ ദമ്പതികളുടെ അഭിമാനിയായ മകളെന്ന് ഉറക്കെ പറഞ്ഞ് കണ്ണീർ പൊഴിച്ചാണ് മികച്ച സഹനടിക്കുള്ള പുരസ്കാരം സോയി സൾദാന ഏറ്റുവാങ്ങിയത്

കാലിഫോർണിയ: ട്രംപ് രണ്ടാമതും അധികാരമേറ്റ ശേഷമുള്ള ആദ്യ ഓസ്കർ വേദി രാഷ്ട്രീയമായ പ്രതികരണങ്ങൾ കൊണ്ടും ശ്രദ്ധേയമായി. കുടിയേറ്റക്കാർക്കെതിരായ നിലപാടിനെ വിമർശിക്കാനും യുക്രൈനെ പിന്തുണയ്ക്കാനും ചിലരെങ്കിലും പുരസ്കാര വേദി ഉപയോഗിച്ചു. കുടിയേറ്റക്കാരായ ദമ്പതികളുടെ അഭിമാനിയായ മകളെന്ന് ഉറക്കെ പറഞ്ഞ് കണ്ണീർ പൊഴിച്ചാണ് മികച്ച സഹനടിക്കുള്ള പുരസ്കാരം സോയി സൾദാന ഏറ്റുവാങ്ങിയത്. എന്നും കുടിയേറ്റ വിരുദ്ധ നിലപാടിനൊപ്പം നിൽക്കുന്ന ട്രംപ് ഭരണകൂടത്തിനുള്ള ചുട്ട മറുപടി ആയി അത് മാറി.

'ഇത് ആദ്യത്തേത്, പക്ഷെ അവസാനത്തേതല്ല', വിമർശനങ്ങളുടെ ഓസ്കർ വേദി | Oscar 2025

ഗാസയെ ഒന്നടങ്കം ഒഴിപ്പിക്കണമെന്ന ട്രംപിന്‍റെ നിർദേശം ലോകമെങ്ങും ചർച്ചയായി നിൽക്കുമ്പോൾ തന്നെ ഇസ്രയേൽ, പലസ്തീൻ സൗഹൃദ നിമിഷത്തിനും ഓസ്കർ വേദിയായി. ഇസ്രയേൽ സൈന്യത്തിന്‍റെ കടന്നാക്രമണത്തെ പ്രതിരോധിക്കുന്ന പലസ്തീൻ ജനതയുടെ അവസ്ഥ നേരനുഭവത്തിലൂടെ വിവരിച്ച നോ അദർലാന്‍റ് മികച്ച ഡോക്യുമെന്‍ററി ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഏറെ കൈയ്യടി നേടി. പലസ്തീൻ ആക്ടിവിസ്റ്റുകളെ ഈ ഡോക്യുമെന്‍ററി ഒരുക്കാൻ സഹായിച്ചത് ഇസ്രയേലിൽ നിന്നുള്ള മാധ്യമപ്രവർത്തകരായിരുന്നു. അവാർഡ് ഏറ്റുവാങ്ങി നാല് പേരും ആഹ്വാനം ചെയ്തത് സമാധാനമെന്ന സന്ദേശമായിരുന്നു.

ദ ബ്രൂട്ടലിസ്റ്റിലെ താരം ഗായ് പിയേഴ്സ് അവാർഡ് നിശക്കെത്തിയത് പലസ്തീന് ഐക്യദാർഢ്യമറിയിച്ചുള്ള മുദ്ര ധരിച്ചായിരുന്നു. വൈറ്റ് ഹൗസിലെ ട്രംപ് - സെലൻസ്കി വാക്പോരിന്‍റെ ചൂടാറും മുമ്പാണ് ഓസ്കർ വേദിയിൽ യുക്രൈൻ എന്ന പേര് ഉയർന്നത്. എഡിറ്റിംഗ് വിഭാഗത്തിൽ അവാർഡ് സമ്മാനിക്കാൻ വന്ന നടി ഡാറിൽ ഹന പ്രഖ്യാപനത്തിലേക്ക് കടക്കും മുൻപ് പറഞ്ഞത് യുക്രൈൻ മഹത്വം എന്നായിരുന്നു.

ഓസ്കർ വേദിയുടെ അവതാരകനായ കോണൻ ഒ ബ്രയനും പ്രസിഡന്‍റ് ട്രംപിനെ വെറുതെവിട്ടില്ല. ശക്തരായ റഷ്യയോട് ഒരാളെങ്കിലും എതിരിട്ട് നിൽക്കുന്നത് അമേരിക്കയെ ആവേശത്തിലാക്കുന്നു എന്നായിരുന്നു ബ്രയന്‍റെ പരിഹാസം. അനോറ സിനിമയെ ഉദ്ധരിച്ചായിരുന്നു അവതാരകന്‍റെ കുത്ത്. ഒരു മാസമായി യു എസ് വിസ കിട്ടാതെ ബുദ്ധിമുട്ടിയ ഇറാനിയൻ ചലച്ചിത്രകാരൻമാരായ ഹുസൈൻ മൗലായമിയും ഷിറിൻ സൊഹാനിയും അമേരിക്കയിൽ വന്നിറങ്ങിയത് അവാർഡ് നിശ തുടങ്ങുന്നതിന് മിനിറ്റുകൾക്ക് മുമ്പായിരുന്നു. അവസാനനിമിഷം പൊതു ശൗചാലയത്തിൽ പോയി വസ്ത്രം മാറി ഓസ്കർ വേദിയിലെത്തിയവർ മടങ്ങിയത് മികച്ച അനിമേറ്റഡ് ഷോർട്ട് ചിത്രത്തിനുള്ള ഓസ്കർ നേടി കൊണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു