
ഫ്ലോറിഡ: ഗാസയിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഫ്ലോറിഡയിലെ ട്രംപിന്റെ മാർ-എ-ലാഗോ റിസോർട്ടിലായിരുന്നു കൂടിക്കാഴ്ച. ഗാസ സമാധാന പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ട്രംപ് സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് നിർണ്ണായക കൂടിക്കാഴ്ച നടന്നത്.
നെതന്യാഹുവിനെ പ്രശംസകൊണ്ട് മൂടിയ ട്രംപ്, അദ്ദേഹത്തെ യുദ്ധകാല പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ചു. നെതന്യാഹു പ്രധാനമന്ത്രിയായില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇസ്രായേൽ ഇന്ന് നിലനിൽക്കുമായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു.
നെതന്യാഹു അസാധാരണമായ ജോലിയാണ് നിർവഹിക്കുന്നതെന്നും ഇസ്രായേലിനെ അപകടകരമായ ഒരു ഘട്ടത്തിൽ നിന്ന് അദ്ദേഹം രക്ഷിച്ചു. "ശരിയായ പ്രധാനമന്ത്രിയല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഇസ്രായേൽ ഇന്ന് നിലനിൽക്കുമായിരുന്നില്ലെന്നും നെതന്യാഹുവിനെ സാക്ഷിയാക്കി ട്രംപ് കൂട്ടിച്ചേർത്തു. ഗാസ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഹമാസ് പൂർണ്ണമായും നിരായുധരാകണമെന്ന് ട്രംപ് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
ഗാസ സൈനികരഹിതമാക്കുന്നതിനെക്കുറിച്ച് ഇസ്രായേൽ വക്താവ് ഷോഷ് ബെഡ്രോസിയനും വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതികൾക്ക് നേരെ കൂടുതൽ യുഎസ് ആക്രമണങ്ങൾ വേണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇറാൻ മിഡിൽ ഈസ്റ്റിന് മാത്രമല്ല, അമേരിക്കയ്ക്കും ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ആയുധം താഴെവെക്കില്ലെന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഇസ്സുദ്ദീൻ അൽ-ഖസ്സാം ബ്രിഗേഡ്സ് ആവർത്തിച്ചു. ഇസ്രായേൽ അധിനിവേശം തുടരുന്നിടത്തോളം കാലം പ്രതിരോധം തുടരുമെന്ന് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. തങ്ങളുടെ വക്താവായിരുന്ന അബു ഒബൈദ ഓഗസ്റ്റ് 30-ന് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായും അവർ സ്ഥിരീകരിച്ചു. ഈ വർഷം അഞ്ചാം തവണയാണ് ട്രംപും നെതന്യാഹുവും അമേരിക്കയിൽ കൂടിക്കാഴ്ച നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam