ഇസ്രായേലില്‍ കെയര്‍ ഗിവറായി ജോലി ചെയ്തുവരുന്നതിനിടെയായിരുന്നു ജിനേഷ് പി. സുകുമാരന്റെ ദുരൂഹ മരണം. ജിനേഷിനെ തൂങ്ങി മരിച്ച നിലയിലും വീട്ടുടമസ്ഥയെ കുത്തേറ്റു മരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്.
സുല്‍ത്താന്‍ ബത്തേരി: കെയർ ഗിവർ ജോലിക്കിടെ ഇസ്രയേലിൽ മരിച്ച ഭർത്താവിന്റെ മരണത്തിലെ അസ്വഭാവികത നീക്കാനായി മാസങ്ങൾ പോരാടി. ഒടുവിൽ ആരാധ്യയെ തനിച്ചാക്കി രേഷ്മ. ജൂലൈ മാസത്തിൽ ഇസ്രയേലിലെ ജറുസലേമിലെ മേവസരേട്ട് സിയോനിയിൽ ജോലി ചെയ്തിരുന്ന വീട്ടിലാണ് രേഷ്മയുടെ ഭർത്താവും ബത്തേരി കോളിയാടി പെലക്കുത്ത് സ്വദേശിയുമായ ജിനേഷ് പി സുകുമാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇസ്രായേലില്‍ കെയര്‍ ഗിവറായി ജോലി ചെയ്തുവരുന്നതിനിടെയായിരുന്നു ജിനേഷ് പി. സുകുമാരന്റെ ദുരൂഹ മരണം. ജിനേഷിനെ തൂങ്ങി മരിച്ച നിലയിലും വീട്ടുടമസ്ഥയെ കുത്തേറ്റു മരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. ഈ സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും കാരണം വ്യക്തമായിട്ടില്ല. മരിച്ച വയോധികയുടെ ഭര്‍ത്താവിനെ പരിചരിക്കുന്ന ജോലിയായിരുന്നു ജിനേഷിന്. വയനാട്ടില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്തുവരുന്നതിനിടെയാണ് ജിനേഷ് മെച്ചപ്പെട്ട വരുമാനം കണ്ടെത്താന്‍ ഇസ്രായേലിലേക്ക് പോയത്.
അന്വേഷണ പുരോഗതിയില്ലെന്നത് മാനസികമായി തളർത്തി
അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്നത് രേഷ്മയെ മാനസിക പ്രയാസത്തിലാക്കിയിരുന്നു. എംബസികളുമായി ബന്ധപ്പെട്ട് മരണത്തിലെ അസ്വഭാവികത നീക്കാനുള്ള ആവശ്യം രേഷ്മ ഉന്നയിച്ചിരുന്നു. താനും ദിവസം മുമ്പ് കോളിയാടിയിലെ വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍ രേഷ്മയെ അയല്‍വാസികളും ബന്ധുക്കളും കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ രേഷ്മയെ ആശുപത്രിയിലെത്തിച്ചിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി ഒന്‍പതുമണിയോടെയാണ് രേഷ്മ മരിച്ചത്. ജിനേഷ് പരിചരിച്ചിരുന്നയാളുടെ ഭാര്യയെ ഇവരുടെ മകൻ തന്നെയാണ് കൊലപ്പെടുത്തിയതെന്നുള്ള വിവരങ്ങൾ നേരത്തെ വന്നിരുന്നുവെങ്കിലും ജിനേഷിന്റെ മരണത്തിലെ ദുരൂഹത മാറിയിരുന്നില്ല. ഇതിനിടയിലാണ് രേഷ്മ ജീവനൊടുക്കുന്നത്. കോളേരി സ്വദേശിനിയാണ് 32കാരിയായ രേഷ്മ. രേഷ്മയുടെ സംസ്കാരം വ്യാഴാഴ്ച രാവിലെ നടന്നു. ഏക മകള്‍: ആരാധ്യ.


