'ആ ചിത്രത്തോട് വെറുപ്പ്', അച്ഛനും മകളും മരിച്ച സംഭവത്തിൽ ട്രംപിന്റെ പ്രതികരണം ഇങ്ങിനെ; ദു:ഖിതനായി പോപ് ഫ്രാൻസിസ്

Published : Jun 27, 2019, 07:00 AM ISTUpdated : Jun 27, 2019, 07:09 AM IST
'ആ ചിത്രത്തോട് വെറുപ്പ്', അച്ഛനും മകളും മരിച്ച സംഭവത്തിൽ ട്രംപിന്റെ പ്രതികരണം ഇങ്ങിനെ; ദു:ഖിതനായി പോപ് ഫ്രാൻസിസ്

Synopsis

നദി കടന്ന് അമേരിക്കയിൽ എത്താനുള്ള ശ്രമത്തിനിടെ അച്ഛനും മകളും മുങ്ങിമരിച്ച സംഭവത്തിന്റെ ചിത്രം ലോകമാകെ പ്രചരിച്ചതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണം

മെക്സിക്കോ: നദി കടന്ന് അമേരിക്കയിൽ എത്താനുള്ള ശ്രമത്തിനിടെ അച്ഛനും മകളും മുങ്ങിമരിച്ച സംഭവത്തിന്റെ ചിത്രത്തിൽ പ്രതിപക്ഷം വിമർശനം കടുപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് രംഗത്ത്. ആ ചിത്രത്തോട് വെറുപ്പാണെന്ന് ട്രംപ് പറഞ്ഞു. അതേസമയം ചിത്രം കണ്ട കത്തോലിക്ക സഭ പരമാധ്യക്ഷൻ പോപ് ഫ്രാൻസിസ് അതീവ ദു:ഖിതനാണെന്ന് വത്തിക്കാന വക്താവ് അറിയിച്ചു.

അമേരിക്ക, മെക്സിക്കോ അതിർത്തിയിലാണ് നദി കടക്കാനുള്ള ശ്രമത്തിനിടെ ഇരുവരും മുങ്ങിമരിച്ചത്. മെക്സിക്കൻ അതിർത്തിയിലെ റിയോ ഗ്രാൻഡേ നദീതീരത്ത് കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. കഷ്ടിച്ച് രണ്ടുവയസുള്ള കുഞ്ഞിന്റെ അമ്മ നോക്കിനിൽക്കെയാണ് രണ്ടുപേരും മരിച്ചത്. 25 കാരനായ ഓസ്കർ മാർട്ടിനെസും മകളുമാണ് ദാരുണമായി മുങ്ങിമരിച്ചത്.

മകളെയും കൊണ്ട് ആദ്യം നീന്തി അക്കരെ കടന്ന ഓസ്കര്‍ ഭാര്യയെ കൊണ്ടുപോകാൻ തിരികെ പോവുന്നത് കണ്ട മകള്‍ നദിയിലേക്ക് ചാടുകയായിരുന്നു. വെള്ളത്തില്‍ വീണ മകളെ പിതാവ് മുറുകെ പിടിച്ചെങ്കിലും കുത്തൊഴുക്കിനെ മറികടക്കാന്‍ പിതാവിന് സാധിച്ചില്ല. മെക്സിക്കൻ പത്രഫോട്ടോഗ്രാഫർ പകർത്തിയ ചിത്രം പുറത്തെത്തിയതോടെയാണ് സംഭവം പുറത്തെത്തുന്നത്.

സ്വസ്ഥമായ ജീവിതം പ്രതീക്ഷിച്ച് അമേരിക്കയിലേക്ക് കുടിയേറുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങിപുറപ്പെടുന്നവരുടെ ദുരവസ്ഥയിലേക്കാണ് ചിത്രം വിരൽചൂണ്ടുന്നത്. ട്രംപിന്റെ കടുത്ത അതിർത്തി നയം ലോകത്തിന് മുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നാണ് ഡെമോക്രാറ്റുകൾ വിമർശിച്ചത്.

ഇതിന് പിന്നാലെയാണ് ട്രംപ് പ്രതികരണം അറിയിച്ചത്. "ആ ചിത്രത്തെ ഞാൻ വെറുക്കുന്നു. അയാളൊരു നല്ല അച്ഛനാണ്," ട്രംപ് പറഞ്ഞു. എന്നാൽ ചിത്രം കണ്ട പോപ് ഫ്രാൻസിസ് അതീവ ദു:ഖിതനാണെന്ന് വത്തിക്കാൻ വക്താവ് അലെസാന്ദ്രൊ ഗിസോട്ടി പറഞ്ഞു. "ആ ചിത്രം കണ്ട അദ്ദേഹം അതീവ ദു:ഖിതനായിരുന്നു. അവർക്ക് വേണ്ടിയും പലായനം ചെയ്യുന്നതിനിടെ ജീവൻ നഷ്ടമായ എല്ലാവർക്കും വേണ്ടിയും അദ്ദേഹം പ്രാർത്ഥിക്കുകയാണ്," വത്തിക്കാൻ വക്താവ് വ്യക്തമാക്കി.

എൽസാൽവഡോർ സ്വദേശികളായ ഈ കുടുംബം മെക്സിക്കോയിലെത്തിയിട്ട് രണ്ടുമാസമായി. കൊടുംചൂടിൽ വെന്തുരുകുന്ന അഭയാ‍ർത്ഥി ക്യാമ്പിലെ താമസം അസഹനീയമായപ്പോഴാണ് നദി കടന്ന് അക്കരെ പോകാൻ ശ്രമിച്ചതെന്ന് അമ്മ താനിയ പറയുന്നു. സമാനമായ സംഭവത്തില്‍ തു‍ർക്കി തീരത്ത് മരിച്ചുകിടന്ന മൂന്നുവയസുകാരനായ അലൻ കുർദിയുടെ ചിത്രം യൂറോപ്യൻ നേതൃത്വം അഭയാർത്ഥി നയത്തിൽ മാറ്റങ്ങൾ വരുത്താന്‍ കാരണമായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തകർന്നുനിൽക്കുന്ന പാകിസ്ഥാനെ വീണ്ടും കൈയയഞ്ഞ് സഹായിച്ച് ലോക ബാങ്ക്, 6200 കോടി ധനസഹായം അനുവദിച്ചു; സേവന വിതരണം മെച്ചപ്പെടുത്തുക ലക്ഷ്യം
രാജകീയ സമ്മാനങ്ങൾ, കോടികളുടെ ലാഭം; പാകിസ്ഥാനിൽ ഇമ്രാൻ ഖാനെ കുരുക്കിയ 'നിധിപ്പെട്ടി'