പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല, ബോയിംഗ് വിമാനങ്ങള്‍ നിര്‍ത്തിയിടുന്നത് കാറുകള്‍ക്കൊപ്പം

By Web TeamFirst Published Jun 26, 2019, 10:15 PM IST
Highlights

അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ വെട്ടിലായ ബോയിംഗ് കമ്പനിയുടെ നൂറ് കണക്കിന് വിമാനങ്ങളാണ് വാഷിംഗ്ടണ്‍ ഡിസിയിലെ റെന്‍ടണ്‍ സെന്‍ററിലുള്ളത്

വാഷിംഗ്ടണ്‍: സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് ബോയിംഗ് വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ജീവനക്കാരുടെ കാര്‍ പാര്‍ക്കിംഗില്‍. ബോയിംഗിന്‍റെ  വാഷിംഗ്ടണ്‍ ഡിസിയിലെ റെന്‍ടണ്‍ സെന്‍ററിലാണ് വിമാനങ്ങള്‍ ജീവനക്കാരുടെ കാര്‍ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്.  ഇതിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ വെട്ടിലായ ബോയിംഗ് കമ്പനിയുടെ നൂറ് കണക്കിന് വിമാനങ്ങളാണ് വാഷിംഗ്ടണ്‍ ഡിസിയിലെ റെന്‍ടണ്‍ സെന്‍ററിലുള്ളത്. അടുത്തിടെയുണ്ടായ 350 പേരു‍ടെ മരണത്തിന് ഇടയാക്കിയ രണ്ട് അപകടങ്ങളാണ് ബോയിംഗിന് പ്രതിസന്ധിയായത്. ഇതോടെ ബോയിംഗ് 737 മാക്സ് 8 വിമാനങ്ങള്‍ പറക്കല്‍ അവസാനിപ്പിച്ചു. തിരിച്ചെത്തിയ വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല ടെന്‍ടണ്‍ സെന്‍ററില്‍. 

ബ്ലൂംബര്‍ഗിന്‍റെ കണക്കുകള്‍ പ്രകാരം 500 ഓളം ബോയിംഗ് 737 മാക്സ് വിമാനങ്ങളാണ് പറക്കല്‍ നിര്‍ത്തി വച്ചത്. അതില്‍ 100 ഓളം വിമാനങ്ങള്‍ റെന്‍ടണിലാണ് ഉള്ളത്. പറക്കാത്തിടത്തോളം, മാസം 1,38,296 രൂപയാണ് ഒരു വിമാനത്തിന്‍റെ  പരിപാലനച്ചെലവ്. ഇതിന് പുറമെ 9000കോടി രൂപയാണ് ബോയിംഗിന് വിമാനങ്ങള്‍ പറക്കല്‍ അവസാനിപ്പിച്ചതോടെ നഷ്ടമായത്.  

ബോയിംഗ് 737 മാക്സ് 8 വിമാനങ്ങള്‍ക്ക് സംഭവിച്ച രണ്ട് അപകടങ്ങളിലായി മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടിരുന്നു. 2018‍ ഡിസംബറില്‍ ദുബായിലുണ്ടായ അപകടത്തില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 2018 ഒക്ടോബറില്‍ ഇന്തോനേഷ്യയില്‍ വച്ച് ലയണ്‍ എയറിന്‍റയും 2019 മാര്‍ച്ചില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സിന്‍റെയും ബോയിംഗ് വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഇന്തോനേഷ്യയിലുണ്ടായ അപകടത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിമാനത്തിന്‍റെ ഓട്ടോമേഷന്‍ സംവിധാനത്തില്‍ തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. 

click me!