
വാഷിംഗ്ടൺ: ഇസ്രയേലിനൊപ്പം ചേർന്നുള്ള അമേരിക്കൻ ആക്രമണത്തിനുള്ള ഇറാന്‍റെ തിരിച്ചടിയായ 'ബഷാരത് അൽ ഫത്തേ' ഓപ്പറേഷനെ പരിഹസിച്ച് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എല്ലാ മുന്നറിയിപ്പും നൽകിയിട്ട് ആളൊഴിഞ്ഞ വ്യോമ താവളത്തിൽ ബോംബ് ഇട്ട് പോന്നു എന്നാണ് ഇറാന്‍റെ തിരിച്ചടിയെക്കുറിച്ച് ട്രംപ് അഭിപ്രായപ്പെട്ടത്. ഇറാൻ ആക്രമണം ദുർബലമെന്നും ഇറാൻ നേരത്തെ വിവരം നൽകിയെന്നും യു എസ് പ്രസിഡന്‍റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ കുറിച്ചു. ഖത്തറിലെ സൈനിക താവളത്തിലേക്ക് ഇറാന്‍റെ 14 മിസൈൽ വന്നു, അതിൽ 13 ഉം വീഴ്ത്തിയെന്നും ഒരെണ്ണം ദിശ തെറ്റി എങ്ങോട്ട് പോയെന്നും ട്രംപ് പരിഹസിച്ചു.
ഇറാന്‍റെ തിരിച്ചടിയിൽ ആർക്കും പരിക്കില്ല, നാശനഷ്ടമില്ലെന്നും ട്രംപ് പരിഹസിച്ചു. ഖത്തറിന്റെ സഹായത്തോടെ തടിയൂരിയെന്ന പരിഹാസവും ഇറാനെതിരെ അമേരിക്കൻ പ്രസിഡന്‍റ് മുന്നോട്ടുവച്ചു. ഇറാന്‍റെ ബോംബ് വീഴാൻ അനുവദിച്ച ഖത്തറിനും നന്ദി പറഞ്ഞ് ട്രംപ്, ഖത്തർ പൗരന്മാർക്കും പരിക്കില്ലെന്നതടക്കം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു 'ബഷാരത് അൽ ഫത്തേ' ഓപ്പറേഷനെ പരിഹസിച്ചത്. ഖത്തർ ഭരണാധികാരിക്ക് നന്ദി പറഞ്ഞ ട്രംപ്, മേഖലയിലെ സമാധാനത്തിനായി ചെയ്ത എല്ലാറ്റിനും നന്ദിയെന്നും വിവരിച്ചു. ഇനി ഇറാനും ഇസ്രായേലിനും സമാധാനം ആകാമെന്നും പശ്ചിമേഷ്യയിലെ ആശങ്ക ഒഴിയുന്നുവെന്നും യു എസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
നേരത്തെ ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇറാൻ രംഗത്തെത്തിയിരുന്നു. ഖത്തറല്ല, അമേരിക്കക്കുള്ള തിരിച്ചടിയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇറാൻ വ്യക്തമാക്കിയത്. അൽ ഉദൈദ് വ്യോമതാവളത്തിന് നേരെയുള്ള മിസൈൽ ആക്രമണം ഖത്തറിലെ ജനവാസ മേഖലകളിൽ നിന്ന് വളരെ അകലെയാണെന്നാണ് ഇറാനിയൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്‍റെ വിശദീകരണം. ഈ നടപടി സൗഹൃദവും സഹോദരതുല്യവുമായ രാജ്യമായ ഖത്തറിനും അവിടുത്തെ ജനങ്ങൾക്കും ഒരു ഭീഷണിയും ഉയർത്തുന്നതല്ലെന്നും അമേരിക്കക്കുള്ള തിരിച്ചടി മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും ഇറാൻ വിശദീകരിച്ചിരുന്നു.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഖത്തറുമായുള്ള ഊഷ്മളവും ചരിത്രപരവുമായ ബന്ധം നിലനിർത്തുന്നതിനും തുടരുന്നതിനും പ്രതിജ്ഞാബദ്ധമാണ് എന്നും ഇറാനിയൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഖത്തറിലെ അൽ ഉദൈദ് സൈനിക താവളത്തിലേക്കാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. പിന്നാലെ അമേരിക്കയ്ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്നും ഇറാൻ വ്യക്തമാക്കി. ഖത്തറിലെ അൽ ഉദൈദ് സൈനിക താവളമാണ് ഇറാൻ ലക്ഷ്യമിട്ടത്. മിസൈലുകളെല്ലാം തകർത്തതായി ഖത്തർ വ്യക്തമാക്കി. ആക്രമണത്തെ ഖത്തർ അപലപിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിച്ചു എന്നും ഖത്തർ അറിയിച്ചിരുന്നു.