
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ മൂന്ന് ആഴ്ചയായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ഇറാനുമായി ഒരു പുതിയ "സമാധാന കരാറിന്" (Peace Deal) അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. തന്റെ വിശ്വസ്തരും കുടുംബാംഗങ്ങളുമായ ജാരെദ് കുഷ്നറെയും (Jared Kushner) സ്റ്റീവൻ വിറ്റ്കോഫിനെയും രഹസ്യ ചർച്ചകൾക്ക് ട്രംപ് ചുമതലപ്പെടുത്തിയതായാണ് വിവരം. യുദ്ധം കൂടുതൽ വ്യാപിക്കുന്നത് തടയാൻ ഇറാന്റെ ഉന്നത പ്രതിനിധികളുമായി ചർച്ച നടത്താനാണ് കുഷ്നറോടും വിറ്റ്കോഫിനോടും ട്രംപ് നിർദ്ദേശിച്ചിരിക്കുന്നത്. ട്രംപിന്റെ ഒന്നാം ഭരണകാലത്ത് 'അബ്രഹാം കരാറുകൾക്ക്' (Abraham Accords) നേതൃത്വം നൽകിയ വ്യക്തിയാണ് കുഷ്നർ.
യുദ്ധം ആഗോള എണ്ണവിപണിയെയും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചു തുടങ്ങിയതോടെയാണ് പെട്ടെന്നൊരു ഒത്തുതീർപ്പിന് ട്രംപ് തയ്യാറായത്. തനിക്ക് യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്ന് ട്രംപ് ഏറ്റവും വിശ്വസ്‌തരോട് പറഞ്ഞതായി അമേരിക്കയിലെ പ്രധാന വാർത്ത ഏജൻസിയായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ ആണവ പദ്ധതികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനൊപ്പം, പകരം അവർക്ക് മേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകുന്ന രീതിയിലുള്ള ഒരു പാക്കേജാണ് അമേരിക്ക മുന്നോട്ട് വെക്കുന്നത്. ഇസ്രായേൽ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നത് പ്രധാനമാണ്. ഇറാനെ പൂർണ്ണമായും തകർക്കണമെന്ന നിലപാടിലാണ് ഇസ്രായേലിലെ തീവ്ര വലതുപക്ഷ ചിന്താഗതിക്കാർ. എന്നാൽ ട്രംപിന്റെ ഈ നീക്കം വിജയിക്കുകയാണെങ്കിൽ, പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ അത് വലിയൊരു മാറ്റത്തിന് വഴിവെക്കും. എന്നാൽ മുൻപ് ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് പിന്മാറിയ ട്രംപിനെ വിശ്വസിക്കുമോയെന്നതിൽ രാഷ്ട്രീയ വിദഗ്‌ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam