ഗാസയിൽ സമാധാനം പുലരുമോ? എല്ലാ കണ്ണുകളും ഈജിപ്തിലേക്ക്, ട്രംപ് മുന്നോട്ടുവച്ച സമാധാന നിർദ്ദേശങ്ങളിൽ ചർച്ച; ബന്ദി മോചനത്തിലെ പ്രതീക്ഷയുമായി നെതന്യാഹു

Published : Oct 05, 2025, 09:22 PM IST
trump netanyahu

Synopsis

ഹമാസിനെ സൈനികമായി നിരായുധീകരിക്കുമെന്നും ഗാസയെ ഭീഷണി ഇല്ലാത്ത മേഖലയാക്കുമെന്നും നെതന്യാഹു ആവർത്തിച്ചു. ഗാസയിൽ നിന്ന് പൂർണ്ണമായി സൈന്യത്തെ ഇസ്രയേൽ പിൻവലിച്ചേക്കില്ലെന്ന സൂചനയും നെതന്യാഹു നൽകി

ടെൽ അവീവ്: ഗാസയിൽ ഹമാസിന്റെ തടവിലുള്ള എല്ലാ ബന്ദികളെയും വൈകാതെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ട്രംപിന്റെ സമാധാന പദ്ധതി പ്രകാരം ബന്ദികളെ വിട്ടയക്കാൻ ഹമാസ് സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് പ്രസ്താവന. എന്നാൽ, ഹമാസിനെ സൈനികമായി നിരായുധീകരിക്കുമെന്നും ഗാസയെ ഭീഷണി ഇല്ലാത്ത മേഖലയാക്കുമെന്നും നെതന്യാഹു ആവർത്തിച്ചു. ഗാസയിൽ നിന്ന് പൂർണ്ണമായി സൈന്യത്തെ ഇസ്രയേൽ പിൻവലിച്ചേക്കില്ലെന്ന സൂചനയും നെതന്യാഹു നൽകി. അതിനിടെ സമാധാന ഉടമ്പടിക്ക് ഹമാസ് വേഗത്തിൽ തയാറാകണമെന്നും ബന്ദികളുടെ മോചനം വൈകുന്നത് സഹിക്കില്ലെന്നും യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അതിനിടെ നിർണായക ചർച്ചകൾക്കായി ഇസ്രായേലിന്‍റെയും ഹമാസിന്‍റെയും പ്രതിനിധി സംഘങ്ങൾ ഈജിപ്തിലെ കെയ്‌റോയിലേക്ക് തിരിച്ചിട്ടുണ്ട്.

സമാധാന നീക്കങ്ങൾക്കിടെ ഇസ്രയേൽ മന്ത്രിയുടെ ഭീഷണി

അതേസമയം ഗാസയിലെ സമാധാന നീക്കങ്ങള്‍ക്കെതിരെ ഇസ്രയേൽ മന്ത്രി ഇറ്റാമര്‍ ബെൻ ഗ്വിർ രംഗത്തെത്തി. ഹമാസിനെ ഇല്ലാതാക്കണമെന്നും ബന്ദി കൈമാറ്റത്തിന് ശേഷം ഹമാസ് നിലനിൽക്കുന്നുണ്ടെങ്കിൽ സർക്കാരിൽ നിന്ന് രാജിവെക്കുമെന്നും ബെന്‍ ഗ്വിര്‍ ഭീഷണി മുഴക്കി. തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്ന ബെൻ ഗ്വിർ, ഇസ്രയേല്‍ ദേശീയ സുരക്ഷാ മന്ത്രിയാണ്. സമാധാന ശ്രമങ്ങൾ വിജയത്തിലേക്ക് നീങ്ങുന്നതിനിടെയുള്ള ബെൻ ഗ്വിറിന്‍റെ ഭീഷണിക്കെതിരെ വലിയ തോതിൽ വിമർശനം ഉയർന്നിട്ടുണ്ട്. നേരത്തെയും ബെന്‍ ഗ്വിര്‍ കടുത്ത നിലപാടുകൾ സ്വീകരിക്കുന്നതിന്‍റെ പേരിൽ വിമർശനം നേരിട്ടിട്ടുണ്ട്.

ഹമാസിന് ഡോണള്‍ഡ് ട്രംപിന്‍റെ അന്ത്യശാസനം

സമാധാന കരാറുമായി ബന്ധപ്പെട്ട് ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. സമാധാന കരാറിൽ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ബന്ധികളെ ഉടൻ മോചിപ്പിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തിന്‍റെ പിന്മാറ്റത്തിനുള്ള അതിർത്തി രേഖ ഇസ്രയേൽ അംഗീകരിച്ചതായും ഇത് ഹമാസ് അംഗീകരിച്ചാൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് അറിയിച്ചു. ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും, ഹമാസ് വേഗത്തിൽ പ്രതികരിച്ചില്ലെങ്കിൽ "എല്ലാ സാധ്യതകളും ഇല്ലാതാകുമെന്നും" ട്രംപ് കൂട്ടിച്ചേർത്തു. ഇസ്രയേൽ താത്കാലികമായി ബോംബാക്രമണം നിർത്തിവെച്ചത് സമാധാന കരാറിനും ബന്ദി മോചനത്തിനും അവസരം നൽകാനാണെന്നും ട്രംപ് വിവരിച്ചു. ട്രംപിൻ്റെ 20 ഇന സമാധാന പദ്ധതിക്ക് ഹമാസ് ഭാഗികമായി സമ്മതം അറിയിച്ചതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്. ഈജിപ്തിൻ്റെ മധ്യസ്ഥതയിലാണ് ഹമാസ്-ഇസ്രയേൽ സമാധാന ചർച്ചകൾ നടക്കുന്നത്. ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ് അറിയിച്ചെങ്കിലും, പൂർണ്ണമായും നിരായുധീകരിക്കുന്നതുൾപ്പെടെയുള്ള പ്രധാന കാര്യങ്ങളിൽ കൂടുതൽ ചർച്ചകൾ ആവശ്യമുണ്ടെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഹമാസ് - ഇസ്രയേൽ സമാധാന ചർച്ചകൾ ഈജിപ്തിന്‍റെ മധ്യസ്ഥതയില്‍ നടക്കും. അമേരിക്കയെ പ്രതിനിധീകരിച്ച് സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും ഈജിപ്തിലെത്തും.

PREV
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം