
വാഷിംങ്ടണ്‍: പലസ്തീൻ ഇസ്രായേൽ സമാധാന പദ്ധതി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. പലസ്തീൻ രാഷ്ട്ര രൂപീകരണമാണ് ട്രംപ് മുന്നോട്ടുവച്ച നിർദ്ദേശങ്ങളിലൊന്ന്. അമേരിക്കൻ സന്ദർശനത്തിനെത്തിയ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനൊപ്പമാണ് ട്രംപ് സമാധാന പദ്ധതി പ്രഖ്യാപിച്ചത്.
ഇസ്രായേലിന്‍റെ തലസ്ഥാനമായി ജറുസലേം തുടരുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഒപ്പം തന്നെ കിഴക്കൻ ജറുസലേമിൽ പലസ്തീന് ഒരു തലസ്ഥാനമൊരുക്കുമെന്നും പ്രഖ്യാപിച്ചു. അതെങ്ങനെയെന്ന് വ്യക്തമാക്കിയില്ല, വിശദാംശങ്ങൾ വെളിപ്പെടുത്താത്ത പതിവുരീതിയിൽത്തന്നെയാണ് സമാധാന നിര്‍ദേശങ്ങളുടെ പ്രഖ്യാപനം. പലസ്തീന്റെ തലസ്ഥാനത്ത് അമേരിക്ക എംബസി തുറക്കുമെന്നും അറിയിച്ചു ട്രംപ്. വെസ്റ്റ്ബാങ്കിലെ നിർമ്മാണപ്രവർത്തനങ്ങൾ നാലുവർഷത്തേക്ക് നിർത്തിവെക്കണമെന്ന് ട്രംപ് ഇസ്രയേലിനോട് അവശ്യപ്പെട്ടു. പക്ഷേ വെസ്റ്റ് ബാങ്ക് കയ്യേറ്റങ്ങൾ അമേരിക്ക അംഗീകരിച്ചു എന്നാണ് നെതന്യാഹു പിന്നീട് വിശദീകരിച്ചത്. ഇതില്‍ ആശയകുഴപ്പം നിലനില്‍ക്കുന്നുണ്ട്. മേഖലയിൽനിന്ന് ആരെയും പുറത്താക്കില്ലെന്ന് ഇസ്രയേൽ അറിയിച്ചു. ഇസ്രായേലിനെ ജൂതരാഷ്ട്രമായി പലസ്തീൻ അംഗീകരിക്കണം എന്നതാണ് ഇസ്രയേലിന്‍റെ പ്രധാന ആവശ്യം.
പലസ്തീനിൽ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിൻവലിക്കണമെന്നതും നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. 2017ലാണ് ട്രംപ് ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ചത്. അതിനുപിന്നാലെ ഗോലാൻ കുന്നുകളിലെ ഇസ്രയേലിന്‍റെ ആധിപത്യവും അംഗീകരിച്ചിരുന്നു. രണ്ടും പലസ്തീൻ തള്ളിക്കളയുകയാണ് ചെയ്തത്. ഇംപീച്ച്മെന്‍റ് നടപടി നേരിടുന്ന ട്രംപിന് പശ്ചിമേഷ്യൻ പ്രഖ്യാപനം ജനപിന്തുണ കൂട്ടാനുള്ള ശ്രമം കൂടിയാണ് എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam