കേക്ക് തീറ്റമത്സരത്തില്‍ പങ്കെടുത്ത 60കാരിയായ വൃദ്ധ മരണപ്പെട്ടു

By Web TeamFirst Published Jan 28, 2020, 8:04 PM IST
Highlights

മത്സരാര്‍ത്ഥികള്‍ വളരെ വേഗത്തിലാണ് കേക്ക് തിന്നത്. മത്സരം തുടങ്ങിയതേ ഒരു കഷ്ണം കേക്ക് എടുത്ത് വായിലേക്ക് തിരുകിയ വൃദ്ധയ്ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. 

ക്വീന്‍സ് ലാന്‍റ്:  ഓസ്‌ട്രേലിയന്‍ ദിനാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ കേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുത്ത വൃദ്ധ കേക്ക് തൊണ്ടയില്‍ കുടുങ്ങി മരിച്ചു. ലാമിംഗ്ടണ്‍സ് ഇനത്തില്‍പെട്ട കേക്ക് തീറ്റ മത്സരത്തിലാണ് വൃദ്ധപങ്കെടുത്തത്. ജനുവരി 26 ആണ് ഓസ്‌ട്രേലിയന്‍ ദിനമായി ആചരിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് ക്വീന്‍സ്ലാന്‍ഡിലെ ഹാര്‍വീ ബേ ബീച്ചിലെ ദ ബീച്ച് ഹൗസ് ഹോട്ടല്‍ സംഘടിപ്പിച്ച ലാമിംഗ്ടണ്‍സ് കേക്ക് തീറ്റ മത്സരത്തിലാണ് 60കാരി പങ്കെടുത്തത്. ചോക്‌ലേറ്റും തേങ്ങയും കൊണ്ട് അലങ്കരിച്ച പരമ്പരാഗത സ്‌പോഞ്ച് കേക്കാണ് ലാമിംഗ്ടണ്‍സ്. 

മത്സരാര്‍ത്ഥികള്‍ വളരെ വേഗത്തിലാണ് കേക്ക് തിന്നത്. മത്സരം തുടങ്ങിയതേ ഒരു കഷ്ണം കേക്ക് എടുത്ത് വായിലേക്ക് തിരുകിയ വൃദ്ധയ്ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. ശ്വാസം എടുക്കാന്‍ ഇവര്‍ ബുദ്ധിമുട്ടുന്നത് കണ്ട് സംഘാടകര്‍ വെള്ളം നല്‍കിയിരുന്നു. അതുകൊണ്ടും രക്ഷയില്ലെന്ന് കണ്ടതോടെ അവര്‍ക്ക് കൃത്രിമ ശ്വാസവും നല്‍കി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പിന്നീട് ഇവര്‍ മരണമടയുകയായിരുന്നു. 

വൃദ്ധയുടെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മത്സരത്തിനിടെയുണ്ടായ ദുരന്തത്തില്‍ ബീച്ച് ഹൗസ് ഹോട്ടല്‍ ഫെയ്‌സ്ബുക്കിലൂടെ അനുശോചനം രേഖപ്പെടുത്തി. ഓസ്‌ട്രേലിയന്‍ ദിനാചരണത്തില്‍ കേക്ക് തീറ്റ മത്സരം പ്രമുഖ ഇനം തന്നെയാണ്. നിശ്ചിത സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കേക്കുകളും പൈകളും ഹോട്ട് ഡോഗുകളും മറ്റും കഴിക്കുന്നവര്‍ക്ക് വമ്പന്‍ സമ്മാനങ്ങളാണ് ലഭിക്കുന്നത്.
 

click me!