
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ തീരുമാനമെടുക്കാൻ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചയിൽ തീരുമാനമെടുക്കുന്നത് ഇനിയും നീട്ടികൊണ്ടുപോയാൽ ഇറാൻ അതിന് വലിയ വില നൽകേണ്ടി വരുമെന്ന് ട്രംപ് താക്കീത് നൽകി. അതിനിടെ അമേരിക്ക - ഇറാൻ ധാരണ അന്തിമമാക്കാൻ ഖത്തർ നയതന്ത്ര സംഘം ടെഹറാനിലേക്ക് എത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ - അമേരിക്ക അന്തിമ ധാരണ ലക്ഷ്യമിട്ടാണ് ഖത്തർ നയതന്ത്ര സംഘം ഇറാൻ തലസ്ഥാനത്തെത്തിയതെന്നാണ് റിപ്പോർട്ട്. അമേരിക്കയുടെ അപ്പാഷെ ഹെലിക്കോപ്റ്റർ വീഴ്ത്തിയതിന് പിന്നാലെ അമേരിക്കയ്ക്കും ഇറാനും ഇടയിൽ രൂക്ഷമായ സംഘർഷത്തിന് നേരിയ അയവ് വന്ന സാഹചര്യത്തിലാണ് ഖത്തറിന്‍റെ നീക്കം. അതേസമയം അപ്പാഷെ വിഴ്ത്തിയതിന് പിന്നാലെ ഇറാനും അമേരിക്കയും തമ്മിൽ കഴിഞ്ഞ രാത്രിയിലുണ്ടായത് രൂക്ഷ സംഘർഷമായിരുന്നു.
അടിയും തിരിച്ചടിയുമായി വീണ്ടും അമേരിക്കയും ഇറാനും യുദ്ധകാഹളം മുഴക്കിയപ്പോൾ ലോകം കനത്ത ആശങ്കയിലായിരുന്നു. അപ്പാഷെ ഹെലിക്കോപ്റ്റർ വീഴ്ത്തിയതിന് തിരിച്ചടിയായി ഇറാനിലെ 20 കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചു. ഹോർമൂസ് തീരമേഖലയിലെ ഇറാന്റെ റഡാർ, ടെലി കമ്മ്യൂണിക്കേഷൻ കേന്ദ്രങ്ങളും ബന്ദർ അബ്ബാസ്,മിനാബ് ഖേഷം, സിരിക് ദ്വീപുകളിലും ഉൾപ്പടെ ആയിരുന്നു ആക്രമണം. പോർ വിമാനങ്ങളിൽ നിന്ന് മിസൈൽ വർഷവും നടത്തി. ജോർദാനിലെ എഫ് 35 വിമാനങ്ങളുടെ ഹാങ്ങറും ബഹ്റൈനിലെയും കുവൈത്തിലെയും കപ്പൽ - വ്യോമ താവളങ്ങളും ഉൾപ്പടെ 21 കേന്ദ്രങ്ങൾ ഇറാനും ആക്രമിച്ചു. തിരിച്ചടിക്ക് ഇറാൻ പ്രയോഗിച്ചത് ഖര ഇന്ധന ദീർഘദൂര മിസൈലുകളായ ഖദർ, ഇമാദ്, ഖൈബർ, സിജ്ജീൽ മിസൈലുകളായിരുന്നു. കുവൈത്തിലെ സലിം അൽ സാലിം വ്യോമതാവളവും ബഹറൈനിലെ അഞ്ചാം കപ്പൽപ്പട താവളവുമടക്കം ലക്ഷ്യം വെച്ചു. ജോർദാനിൽ കനത്ത ആക്രമണമാണ് നടന്നത്. പിന്നാലെ സംഘർഷത്തിൽ സൗദിയും തുർക്കിയും ഇടപെട്ടു. പ്രതിരോധിക്കാൻ അവകാശമുണ്ടെന്നാണ് ഇറാൻ പ്രതികരണം. നാവിക ഉപരോധം അമേരിക്ക തുടരുന്നത് ഇറാനെ സമ്മർദത്തിലാക്കുകയാണ്. ഇറാന് ചുറ്റും തമ്പടിച്ചിരിക്കുന്ന വിദേശ സേനകൾ സ്ഥലം വിടുന്നതാണ് നല്ലതെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഒരാക്രമണവും മറുപടി ലഭിക്കാതെ പോവില്ലെന്ന നിലപാടിലാണ് നിലവിൽ ഇറാൻ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam