
വാഷിംഗ്ടൺ: ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള മൊജ്താബ ഖമേനി (56) നിയമിതനായതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിന്റെ അംഗീകാരമില്ലാത്ത ഒരു നേതാവും ഇറാനിൽ അധികകാലം അധികാരത്തിൽ തുടരില്ലെന്നാമ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇറാന്റെ ഭാവി നേതൃത്വത്തെ തീരുമാനിക്കുന്നതിൽ അമേരിക്കയ്ക്ക് നിർണ്ണായക പങ്കുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ നേതാവ് ഞങ്ങളുടെ അംഗീകാരം നേടേണ്ടതുണ്ട്. അമേരിക്കയുടെ അനുമതിയില്ലാതെ ഇറാനിലെ പുതിയ നേതൃത്വത്തിന് നിലനിൽപ്പില്ല, ട്രംപ് എബിസി ന്യൂസിനോട് പറഞ്ഞു. ഓരോ അഞ്ച് പത്ത് വർഷം കൂടുമ്പോഴും ഇറാനിലേക്ക് സൈന്യത്തെ അയക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം മൊജ്താബയെ ഒരു ലൈറ്റ്‌വെയ്റ്റ് നേതാവ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മൊജ്താബ ഖമേനി തനിക്ക് ഒട്ടും സ്വീകാര്യനല്ലെന്നും ഇറാന് വേണ്ടത് സമാധാനവും ഐക്യവും കൊണ്ടുവരുന്ന പുതിയൊരു നേതാവിനെയാണെന്നും അദ്ദേഹം ആക്സിയോസിനോട് പറഞ്ഞു. മൊജ്താബ അയോഗ്യനാണെന്ന് അലി ഖമേനി തന്നെ മുൻപ് കരുതിയിരുന്നതായും ട്രംപ് അവകാശപ്പെട്ടു.
ഇറാനുമായുള്ള യുദ്ധം എപ്പോൾ അവസാനിപ്പിക്കണം എന്നത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചേർന്ന് എടുക്കുന്ന സംയുക്ത തീരുമാനമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ഫെബ്രുവരി 28-ന് നടന്ന അമേരിക്കൻ-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മകൻ മൊജ്താബ അധികാരം ഏറ്റെടുത്തത്. ഇറാന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ കുടുംബവാഴ്ചയ്ക്ക് സമാനമായ രീതിയിൽ അധികാര കൈമാറ്റം നടക്കുന്നത്. ഇതിനെതിരെ ഇറാനിൽ തന്നെ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam