
വാഷിങ്ടണ്‍: കരാറിൽ എത്തിയില്ലെങ്കിൽ ഇറാനെതിരെ വീണ്ടും സൈനിക ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഫ്ലോറിഡയിൽ നടന്ന റിപ്പബ്ലിക്കൻ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്. ഒരു 'എപ്പിക് ഫ്യൂറി' ആക്രമണം കൂടി നടത്തിയേക്കാം, അല്ലെങ്കിൽ അവർ കരാറിന് തയ്യാറാവണം. ബുദ്ധിയുള്ളവരാണെങ്കിൽ അവർ ചർച്ചയ്ക്ക് മുന്നോട്ടുവരും എന്നാണ് ട്രംപ് പറഞ്ഞത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് യുഎസും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ഓപ്പറേഷൻ എപ്പിക് ഫ്യൂറി എന്ന പേരിൽ സംയുക്ത സൈനിക ആക്രമണം ആരംഭിച്ചത്. മാസങ്ങളായി തുടരുന്ന യുദ്ധത്തിന് വഴിതെളിച്ച ഈ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനെയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. ഇതിനുമുമ്പ് നടന്ന ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ ആക്രമണത്തിലൂടെ ഇറാന്റെ ആണവ ശേഷിയും സമ്പദ്‌വ്യവസ്ഥയും തകർത്തതായി ട്രംപ് അവകാശപ്പെട്ടു. ഇറാന്‍റെ ആണവായുധ സ്വപ്നങ്ങൾ തടയുകയാണ് സൈനിക നടപടിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വാരാന്ത്യത്തിൽ തന്നെ ഇറാനെതിരെ ആക്രമണം ഉണ്ടായേക്കാമെന്ന് യുഎസ് പ്രതിനിധി ടോം ബാരക്ക് ഒരു പോഡ്‌കാസ്റ്റിൽ സൂചിപ്പിച്ചിരുന്നു. അതേസമയം ഇറാനുമായുള്ള യുദ്ധം വൈകാതെ അവസാനിക്കുമെന്നാണ് കരുതുന്നതെന്നും അത് കരാറിലൂടെയോ അതോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ സംഭവിക്കാമെന്നും ട്രംപ് വ്യക്തമാക്കി.
അതിനിടെ യുഎസിനും ഇസ്രയേലിനും ശക്തമായ മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളെ വീണ്ടും ആക്രമിച്ചാൽ ഗൾഫ് മേഖലയിലെ കടലിനടിയിലെ വാർത്താവിനിമയ കേബിളുകൾ തകർക്കുമെന്നാണ് ഇറാന്റെ ഭീഷണി. ഇനിയൊരു ആക്രമണമുണ്ടായാൽ അതിരുകളില്ലാത്ത പ്രത്യാക്രമണം നേരിടേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
അമേരിക്കൻ ഉദ്യോഗസ്ഥർക്ക് നേരെ ഇറാൻ വധശ്രമം ആസൂത്രണം ചെയ്യുന്നുണ്ടെന്ന യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മേഖലയിൽ വലിയ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ജെയ് ക്ലേട്ടൺ ഇത് സംബന്ധിച്ച വിവരങ്ങൾ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് കൈമാറി. ആക്രമണ ഭീഷണിയെ തുടർന്ന് റിയാദിലെ യുഎസ് എംബസിയിൽ നിന്നും അത്യാവശ്യക്കാരല്ലാത്ത ജീവനക്കാരെ യുഎസ് പിൻവലിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam