അമേരിക്കയിലെ മിനിയാപൊളിസ് നഗരത്തിൽ സർക്കാർ ഇമിഗ്രേഷൻ നടപടികൾക്കെതിരെ പ്രതിഷേധിച്ച യുഎസ് പൗരൻ വെടിയേറ്റ് കൊല്ലപ്പെട്ടു. സുരക്ഷാ സേനയുടെ വെടിയേറ്റാണ് 37 കാരനായ ഇയാള്‍ മരിച്ചത്.
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മിനിയാപൊളിസ് നഗരത്തിൽ സർക്കാർ ഇമിഗ്രേഷൻ നടപടികൾക്കെതിരെ പ്രതിഷേധിച്ച യുഎസ് പൗരൻ വെടിയേറ്റ് കൊല്ലപ്പെട്ടു. സുരക്ഷാ സേനയുടെ വെടിയേറ്റാണ് 37 കാരനായ ഇയാള്‍ മരിച്ചത്. സംഭവത്തെ തുടർന്ന് നഗരത്തിൽ നാഷണൽ ഗാർഡ് സേനയെ വിന്യസിച്ചു. ജനങ്ങളുടെ വ്യാപക പ്രതിഷേധം നഗരത്തിൽ തുടരുകയാണ്. കുടിയേറ്റ പരിശോധനക്കെതിരെ പ്രതിഷേധിച്ച യുവാവാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യുവാവിന്‍റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഒരു മാസത്തിനിടെ സമാനമായ രീതിയിലുള്ള രണ്ടാമത്തെ മരണമാണിത്. പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്നതിനായാണ് കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചത്.
ആയുധ ധാരികളായ ഉദ്യോഗസ്ഥരെ നഗരത്തിൽ നിന്ന് പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുടിയേറ്റത്തിനെതിരായ നടപടിയുടെ ഭാഗമായി മിനിയാപൊളിസ് നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയായി സുരക്ഷാ സേന വ്യാപകമായ പരിശോധന ആരംഭിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ഉടലെടുത്തത്. വെടിവെപ്പിന്‍റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. യുവാവിന്‍റെ പക്കൽ നിന്ന് തോക്ക് പിടിച്ചുവാങ്ങിയശേഷമാണ് യുവാവിന്‍റെ ശരീരത്തിലേക്ക് പലതവണ വെടിവെച്ചതെന്നാണ് ആരോപണം. സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ എന്തിനാണ് വെടിവെച്ച് കൊല്ലുന്നതെന്നാണ് ആരോപണം. കഴിഞ്ഞയാഴ്ച വെനസ്വേല സ്വദേശിയായ യുവാവാണ് സമാനമായ രീതിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടപടിയുടെ ഭാഗമായാണ് പരിശോധനയെന്നാണ് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നത്.


