ടര്‍ക്കിയില്‍ നിരാഹാരം മൂന്നാം ജീവന്‍ കവര്‍ന്നു; മരിച്ചത് ഹെലിന്‍ ബോലെക്കിന്‍റെ ഉറ്റ സുഹൃത്ത്

By Web TeamFirst Published May 7, 2020, 7:20 PM IST
Highlights

നിരാഹാരത്തെ തുടര്‍ന്ന് ഏപ്രില്‍ ആദ്യവാരത്തിന് ശേഷം മരിക്കുന്ന മൂന്നാമത്തെ യോറം ഗ്രൂപ്പ് അംഗമാണ് ഇബ്രാഹിം ഗോക്‌ചുക്. 288 ദിവസം നിരാഹാരം കിടന്നശേഷം ഹെലിന്‍ ബോലെക് ഏപ്രില്‍ മൂന്നിന് മരണമടഞ്ഞിരുന്നു.

ഇസ്താംബുള്‍: ടര്‍ക്കി ഭരണകൂടത്തിനെതിരെ പാട്ടുകൊണ്ടു പടനയിച്ച 'ഗ്രൂപ്പ് യോറം' ഗായിക ഹെലിന്‍ ബോലെകിന് പിന്നാലെ സുഹൃത്തും ഗിറ്റാറിസ്റ്റുമായ ഇബ്രാഹിം ഗോക്‌ചുക്കും മരണത്തിന് കീഴടങ്ങി. നീണ്ട 323 ദിവസത്തെ നിരാഹാരത്തിന് ഒടുവിലാണ് ഇബ്രാഹിമിനെ മരണം കവര്‍ന്നത്. കുര്‍ദിഷ് വിപ്ലവ സംഗീത സംഘമായ യോറത്തിനെതിരെ പൊലീസ് നടത്തുന്ന വേട്ടയെ ചെറുത്തും മനുഷ്യാവകാശം ആവശ്യപ്പെട്ടുമാണ് ഹെലിനും ഇബ്രാഹിമും ചേര്‍ന്ന് നിരാഹാരസമരം ആരംഭിച്ചത്. 288 ദിവസം നിരാഹാരം കിടന്നശേഷം ഹെലിന്‍ ബോലെക് ഏപ്രില്‍ മൂന്നിന് മരണമടഞ്ഞിരുന്നു.

 

നീണ്ടകാലത്തെ പോരാട്ടങ്ങള്‍ക്കും നിരാഹാരത്തിനും ഒടുവില്‍ മെയ് അഞ്ചിന് ഇബ്രാഹിം ഗോക്‌ചുക് ചികിത്സാര്‍ത്ഥം നിരാഹാരം അവസാനിപ്പിച്ചിരുന്നു. ശേഷം, ഇസ്താംബുളിലെ ആശുപത്രിയിലേക്ക് മാറ്റിയ ഇബ്രാഹിം ഗോക്‌ചുക്കിന്‍റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

നിരാഹാരത്തെ തുടര്‍ന്ന് ഏപ്രില്‍ ആദ്യവാരത്തിന് ശേഷം മരിക്കുന്ന മൂന്നാമത്തെ യോറം ഗ്രൂപ്പ് അംഗമാണ് ഇബ്രാഹിം ഗോക്‌ചുക്. നിരോധിത മാര്‍ക്സിസ്റ്റ് സംഘടനയുമായി ബന്ധം പുലര്‍ത്തി എന്നാരോപിച്ച് ജീവപര്യന്തം കഠിന തടവിനു ശിക്ഷിക്കപ്പെട്ട മുസ്തഫ കൊചാക് എന്ന 28കാരന്‍ ഏപ്രില്‍ 25ന് ഇസ്മിര്‍ പ്രവിശ്യയിലെ സക്റാന്‍ ജയിലില്‍ മരിച്ചിരുന്നു. ജയിലില്‍ 297 ദിവസമായി നിരാഹാരം നടത്തിയ ശേഷമാണ് മുസ്തഫ മരിച്ചത്. 

 

ടര്‍ക്കിഷ് ഭരണകൂടം തങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലില്‍ നടത്തുന്ന വേട്ടകള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് യോറം സംഗീത ബാന്‍ഡ് നിരാഹാരം ആരംഭിച്ചത്. യോറത്തിന്‍റെ സംഗീതപരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഭരണകൂടം നിരന്തര റെയ്‌ഡുകളിലൂടെ യോറം അംഗങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചിരുന്നു. 

മര്‍മാര യൂണിവേഴ്‌സിറ്റിയിലെ സംഗീതത്തില്‍ താല്പര്യമുള്ള കുറച്ച് ടര്‍ക്കിഷ്, കുര്‍ദിഷ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് 1985-ല്‍ ആരംഭിച്ച സാംസ്‌കാരിക സംഘടനയാണ് 'യോറം'. സിയ് ലിരിപ് ഗെലെന്‍ അഥവാ 'ഉരിഞ്ഞു മാറ്റുക' എന്ന ആദ്യ ആല്‍ബവുമായി യോറം 1987ല്‍ യാത്ര ആരംഭിച്ചു. രണ്ട് ഡസനോളം ആല്‍ബങ്ങളിലൂടെ ടര്‍ക്കിക്ക് പുറത്തും യോറം ശ്രദ്ധ നേടി. എന്നാല്‍ 2016 മുതല്‍ സര്‍ക്കാര്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. 

 

പതിറ്റാണ്ടുകളായി ടര്‍ക്കിഷ് സര്‍ക്കാരുകള്‍ക്കെതിരെ ആക്രമണം നടത്തിവന്നിരുന്ന മാര്‍ക്സിസ്റ്റ് സായുധ സംഘടന ഡി എച്ച് കെ പി- സിയുമായി ബന്ധമുണ്ട് എന്നരോപിച്ചായിരുന്നു നടപടി. യോറത്തിന്‍റെ മുഖ്യ കണ്ണികളായ ഹെലിന്‍ ബോലെക്കിനെയും ഇബ്രാഹിം ഗോക്‌ചെക്കിനെയും 2019ന്‍റെ തുടക്കത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ജയിലിലെ നിരാഹാരത്തെ തുട‍ര്‍ന്ന് ആരോഗ്യം വഷളായ ഗോക്‌ചെക്കിനെ ഫെബ്രുവരിയില്‍ മോചിപ്പിച്ചു. ജയില്‍ മോചിതരായ ശേഷവും ഹെലിന്‍ അടക്കമുള്ളവര്‍ നിരാഹാരം തുടരുകയായിരുന്നു. 

Read more: ടര്‍ക്കിയില്‍ നിരാഹാര സമരം വീണ്ടും ജീവനടുത്തു; ഹെലിന്‍ ബോലെകിനു പിന്നാലെ തടവുകാരന്‍ മരിച്ചു

click me!