ഇസ്താംബുള്‍: ടര്‍ക്കിയില്‍ നീതിപൂര്‍വ്വമായ വിചാരണ വേണമെന്ന് ആവശ്യപ്പെട്ടുള്ള നിരാഹാര സമരത്തിനിടെ വീണ്ടും മരണം. 297 ദിവസമായി ജയിലില്‍ നിരാഹാര സമരം നടത്തിവന്ന രാഷ്ട്രീയ തടവുകാരനാണ് മരിച്ചത്.  നിരോധിത മാര്‍ക്സിസ്റ്റ്  സംഘടനയുമായി ബന്ധം പുലര്‍ത്തി എന്നാരോപിച്ച് ജീവപര്യന്തം കഠിന തടവിനു ശിക്ഷിക്കപ്പെട്ട മുസ്തഫ കൊചാക് എന്ന 28 കാരനാണ് ഇസ്മിര്‍ പ്രവിശ്യയിലെ സക്റാന്‍ ജയിലില്‍ മരിച്ചത്. മുസ്തഫയുടെ ആരോഗ്യനില അതീവഗുരുതരമായതായി കുടുംബം ഒരാഴ്ച മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

ടര്‍ക്കിയിലെ ജനപ്രിയ സംഗീത ബാന്‍ഡായ യോറത്തിലെ ഗായിക ഹെലിന്‍ ബോലെക് 288 ദിവസത്തെ നിരാഹാര സമരത്തെ തുടര്‍ന്ന് മരിച്ചത് മൂന്നാഴ്ച മുമ്പാണ്. സമരത്തെ അവഗണിച്ച സര്‍ക്കാര്‍ നടപടിയാണ് മരണത്തിനിടയാക്കിയത് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് മുസ്തഫയുടെ മരണം. 

 

"

 

മാര്‍ക്സിസ്റ്റ് സായുധ സംഘടനയുമായി ബന്ധം പുലര്‍ത്തി എന്നാരോപിച്ചാണ് 2017 സെപ്തംബറില്‍ മുസ്തഫ അറസ്റ്റിലായത്. ഒരു പ്രോസിക്യൂട്ടറുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ നിരോധിത സംഘടനാ പ്രവര്‍ത്തകര്‍ക്ക് സ്ഫോടക വസ്തുക്കള്‍ എത്തിച്ചുകൊടുത്തുവെന്നായിരുന്നു മുസ്തഫയ്ക്ക് എതിരായ കേസ്. കോടതിയില്‍ ഈ ആരോപണം മുസ്തഫ നിഷേധിച്ചു. ചിലര്‍ക്കെതിരെ കള്ളസാക്ഷി പറയാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പൊലീസ് കുടുക്കുകയായിരുന്നുവെന്നാണ് മുസ്തഫ കോടതിയില്‍ മൊഴി നല്‍കിയത്. പൊലീസ് കസ്റ്റഡിയില്‍ 12 ദിവസത്തോളം കഠിനമായി പീഡിപ്പിച്ചതായി വ്യക്തമാക്കുന്ന മുസ്തഫയുടെ കത്ത് പുറത്തുവന്നിരുന്നു. ഗര്‍ഭിണിയായ സഹോദരിയെ ബലാല്‍സംഗം ചെയ്യുമെന്നതടക്കം പൊലീസ് ഭീഷണി മുഴക്കിയിരുന്നതായി കത്തില്‍ പറഞ്ഞിരുന്നു.

 

.............................................................

Read more: 288 ദിവസം നീണ്ടുനിന്ന നിരാഹാരം, ഒടുവിൽ ആ വിപ്ലവ ​ഗായിക മരണത്തിന് കീഴടങ്ങി, ആരാണ് ഹെലിൻ ബോലെക്? 

.............................................................

 

രണ്ടു പേരുടെ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു മുസ്തഫയുടെ അറസ്്റ്റ്. എന്നാല്‍, ഇവര്‍ പൊലീസിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി തനിക്കെതിരെ മൊഴി നല്‍കുകയായിരുന്നു എന്നാണ് മുസ്തഫ കോടതിയില്‍ വാദിച്ചത്. ആരോപണം തെളിയിക്കുന്നതിന് ഒരു തെളിവും പ്രോസിക്യൂഷന്‍ ഹാജരാക്കിയില്ലെങ്കിലും കോടതി മുസ്തഫയെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ്, നീതിയുക്തമായ വിചാരണ ആവശ്യപ്പെട്ട് മുസ്തഫ നിരാഹാര സമരം ആരംഭിച്ചത്. തൊട്ടുപിന്നാലെ, മകനെ കള്ളക്കേസില്‍ കുടുക്കിയതിനെതിരെ മുസ്തഫയുടെ മാതാപിതാക്കള്‍ ടര്‍ക്കിയിലെ പ്രശസ്തമായ തക്സിം സ്‌ക്വയറില്‍ മകന്റെ ചിത്രവുമേന്തി സമരം നടത്തുകയും അറസ്റ്റിലാവുകയും ചെയ്തിരുന്നു.

മുസ്തഫയുടെ സ്ഥിതി അതീവ ഗുരുതരമാണെന്ന് കഴിഞ്ഞ ആഴ്ച അയാളെ ജയിലില്‍ സന്ദര്‍ശിച്ച മാതാപിതാക്കളും സഹോദരിയും പറഞ്ഞിരുന്നു. നിരാഹാ സമരത്തെ തുടര്‍ന്ന് ഭാരം 29 കിലോയായി കുറഞ്ഞു. പല്ലുകളെല്ലാം നഷ്ടപ്പെട്ടു. ശരീരമാകെ മുറിവുകളാണെന്നും സഹോദരി മിനെ പറഞ്ഞിരുന്നു. സംഭവത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് അഭിഭാഷകരും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. കഴിഞ്ഞ ആഴ്ച,  മുസ്തഫ താമസിക്കുന്ന ജയിലില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മുസ്തഫയുടെ സുരക്ഷ ആവശ്യപ്പെട്ട് തടവറയ്ക്കു മുന്നിലെത്തിയ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമെതിരെ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് വന്‍ തുക പിഴ ചുമത്തിയത് വാര്‍ത്തയായിരുന്നു.

 

ഹെലിന്‍ ബോലെക് പഴയ ചിത്രം, നിരാഹാര സമരത്തെ തുടര്‍ന്ന് എല്ലും തോലുമായ കാലത്തെ ചിത്രം
 

സര്‍ക്കാറാണ് മുസ്തഫയുടെ മരണത്തിന് ഉത്തരവാദിയെന്ന് ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന്‍ ഓഫ് ടര്‍ക്കി ആരോപിച്ചു. ന്യായയുക്തമായ വിചാരണയ്ക്കു വേണ്ടി നടത്തിയ സമരത്തെ അവഗണിച്ച് മുസ്തഫയെ മരണത്തിലേക്ക് നയിക്കുകയായിരുന്നു സര്‍ക്കാറെന്നും ഫൗണ്ടേഷന്‍ അധ്യക്ഷ പ്രൊഫ. ഷബ്നം കൊരൂര്‍ പ്രസ്താവനയില്‍ പറഞ്ഞു. നിയമ പോരാട്ടം തുടരുമെന്ന് മുസ്തഫയുടെ മാതാപിതാക്കളും അറിയിച്ചു.

ടര്‍ക്കിയും അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഭീകരസംഘടനയായി പ്രഖ്യാപിച്ച ഡി എച്ച് കെ പി- സി എന്ന മാര്‍ക്സിസ്റ്റ് സായുധ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മുസ്തഫയെ പൊലീസ് അറസറ്റ് ചെയ്തത്. ഇതേ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ജനപ്രിയ സംഗീത ബാന്‍ഡായ യോറത്തിനെതിരെയും വര്‍ഷങ്ങളായി പൊലീസ് നടപടി തുടരുന്നത്. തങ്ങളുടെ സംഗീത ബാന്‍ഡിനെതിരെ പതിറ്റാണ്ടിലേറെയായി തുടരുന്ന പൊലീസ് വേട്ട അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ്  ഗായിക ഹെലിന്‍ ബോലെക്, സഹപ്രവര്‍ത്തകന്‍ ഇബ്രാഹിം ഗോക്ചുക്ക് എന്നിവര്‍ ജയിലില്‍ നിരാഹാര സമരമാരംഭിച്ചത്. തുടര്‍ന്ന് ഇവരെ ജയില്‍ മോചിതരാക്കിയെങ്കിലും പുറത്തിറങ്ങിയ ശേഷവും ഇരുവരും സമരം തുടര്‍ന്നു. തുടര്‍ന്നാണ് മൂന്നാഴ്ച മുമ്പ് ഹെലിന്‍ ബോലെക് മരിച്ചത്. അതിനു പിന്നാലെയാണ് മുസ്തഫയുടെ മരണം.

 

മുസ്തഫ കൊചാക് ജയിലിലാവുന്നതിനു മുമ്പും ശേഷവും
 

സുദീര്‍ഘമായ നിരാഹാര സമരവും മരണവും ടര്‍ക്കിയില്‍ പുതുതല്ല.ഹെലിന്‍ ബോലെക് 288 ദിവസത്തെ നിരാഹാര സമരത്തെ തുടര്‍ന്നാണ് മരിച്ചത്. ഇവരോടൊപ്പം നിരാഹാരമാരംഭിച്ച ഇബ്രാഹിം ഇബ്രാഹിം ഗോക്ചുക്ക് എന്ന ഗായകന്റെ സമരം 312 ദിവസം പിന്നിട്ടു. ഇയാളുടെ നില അതീവഗുരുതരമാണെന്നാണ് കുടുംബം പറയുന്നത്. അഭിഭാഷകരായ ഇബ്രു തിംതിക്, അയ്താക് ഉസല്‍ എന്നിവര്‍ 100 ദിവസത്തിലേറെയായി നിരാഹാര സമരത്തിലാണ്. യോറം പ്രവര്‍ത്തകരായ ദിദേം അസ്മാന്‍, ഒസ്ഗൂര്‍ കരേകായ എന്നിവര്‍ നടത്തുന്ന സമരം 65 ദിവസം പിന്നിട്ടു.