'കൊറോണയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്', മാസ്‌ക് ധരിച്ചാലും അറസ്റ്റ്; വ്യത്യസ്ത ഉത്തരവുമായി ഒരു രാജ്യം

By Web TeamFirst Published Apr 1, 2020, 5:48 PM IST
Highlights

ലോകം മുഴുവന്‍ കൊവിഡ് ബാധയില്‍ നട്ടം തിരിയുമ്‌പോള്‍ വ്യത്യസ്തമായ ഒരു ഉത്തരവുമായി തുര്‍ക്കമെനിസ്ഥാന്‍.
 

അശ്ഖാബത്ത്: ലോകം മുഴുവന്‍ കൊവിഡ് ബാധയില്‍ നട്ടം തിരിയുമ്‌പോള്‍ വ്യത്യസ്തമായ ഒരു ഉത്തരവുമായി തുര്‍ക്കമെനിസ്ഥാന്‍. കൊറോണയെന്ന വാക്കുപോലും ഉച്ചരിക്കാന്‍ പാടില്ലെന്നാണ് രാജ്യത്തെ ഭരണകൂടത്തിന്റെ ഉത്തരവ്. മാസ്‌ക് ധരിച്ച് പുറത്തിറങ്ങരുതെന്നും മാധ്യമങ്ങള്‍ പോലും കൊറോണയെന്നോ കൊവിഡ് എന്നോ ഉള്ള വാക്കുകള്‍ ഉപയോഗിക്കരുതെന്നുമാണ് ഉത്തരവില്‍ പറയുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുവരെ രജ്യത്ത് ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് തുര്‍ക്ക്‌മെനിസ്ഥാന്‍ അവകാശപ്പെടുന്നത്. വാദത്തിന്റെ ചുവടുപിടിച്ചാണ് പ്രസിഡന്റ് കുര്‍ബാംഗുലി ബേര്‍ഡിമുഖമെദോവിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ ഉത്തരവും എത്തിയിരിക്കുന്നത്.ആരോഗ്യ വിഭാഗം പുറത്തിറക്കുന്ന പ്രസ്താവനകളിലോ നോട്ടീസുകളിലോ അറിയിപ്പുകളിലോ പോലും രോഗത്തിന്റെ പേര് അടങ്ങുന്ന വാക്കകള്‍ ഉപയോഗിക്കരുതെന്ന് ഉത്തരവ് നിശ്കകര്‍ഷിക്കുന്നു. 

അതേസമയം അടുത്തിടെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ലഘുലേഖയില്‍ പോലും ലോകാരോഗ്യസംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡിനെ കുറിച്ച് പരാമര്‍ശമില്ലെന്ന് തുര്‍ക്ക്‌മെനിസ്ഥാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മാസ്‌കുകള്‍ ധരിക്കുന്നത് നിരോധിച്ചതായി അറിയിക്കുന്ന ഉത്തരവില്‍, അഥവാ ധരിച്ചാല്‍ അത് അറസ്റ്റിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പും ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്.

ഉത്തരവിനെതിരെ മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കൊവിഡ് ലോകത്തെ പിടിച്ചുകുലുക്കുമ്‌പോള്‍ ഇത്തരം ഉത്തരവുകള്‍ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്നാണ് വിമര്‍ശനം. 2006 മുതല്‍ അധികാരത്തിലേറിയ ഗുര്‍ബാംഗുലിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം കര്‍ശന നിയന്ത്രണങ്ങളാണ് മാധ്യമങ്ങള്‍ക്കടക്കം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഏറ്റവും അവസാനമാണ് രാജ്യത്തിന്റെ സ്ഥാനമെന്നതും ശ്രദ്ധേയമാണ്.

click me!