
ബെയ്ജിംഗ്: സീറോ കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചൈനയില്‍ അടുത്തിടെ രണ്ട് കുട്ടികള്‍ മരിച്ചതോടെ ജനരോഷം ശക്തമായി. ചൈനയിലെ പല പ്രവിശ്യകളിലും ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും ഏറ്റുമുട്ടിയതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. തെക്കന്‍ ചൈനയിലാണ് പ്രധാനമായും പ്രതിഷേധം ശക്തമായത്. തെക്കന്‍ വ്യാവസായ നഗരമായ ഗ്യാങ് ഷൗവില്‍ ജനക്കൂട്ടവും പൊലീസും ഏറ്റുമുട്ടി.
സെൻട്രൽ സിറ്റിയായ ഷെങ്‌ഷൗവിലെ ഒരു ഹോട്ടലിൽ ക്വാറന്‍റീനിൽ കഴിയവേ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട നാല് മാസം പ്രായമുള്ള പെൺകുട്ടിയാണ് ഒടുവില്‍ മരിച്ചത്. അടിയന്തര ചികിത്സയ്ക്കായി കുട്ടിയെ 100 കിലോമീറ്റര്‍ ദൂരയുള്ള ആശുപത്രിയിലെത്തിക്കാന്‍ 11 മണിക്കൂര്‍ വേണ്ടെവന്നെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അടിയന്തര സര്‍വ്വീസുകള്‍ തടസപ്പെട്ടതാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത് വൈകാന്‍ കാരണമായതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. കഴിഞ്ഞ ആഴ്ച വടക്കുപടിഞ്ഞാറൻ മേഖലയിൽ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ മൂന്ന് വയസുകാരന്‍ മരിച്ചിരുന്നു. ഈ സംഭവത്തിലും അടിയന്തര സര്‍വ്വീസുകള്‍ തടസപ്പെട്ടതാണ് മരണത്തിനിടയാക്കിയതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതേ തുടര്‍ന്ന് അടിയന്തര സര്‍വ്വീസുകള്‍ക്ക് ഇളവുകള്‍ നല്‍കുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും രണ്ടാമത്തെ കുട്ടി കൂടി മരിച്ചതോടെ പ്രതിഷേധം ശക്തമായി.
ചൈനീസ് പ്രസിഡന്‍റ് ഷി ജിങ് പിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ചൈന സീറോ കൊവിഡ് നയം ശക്തമാക്കിയത്. ഇതേ തുടര്‍ന്ന് ലോകമെങ്ങും കൊവിഡ് ശക്തമായി വ്യാപിച്ചപ്പോള്‍ ചൈനയില്‍ വ്യാപനം കുറഞ്ഞിരുന്നു. എന്നാല്‍, ലോകമെങ്ങും ഇപ്പോള്‍ കൊവിഡ് വ്യാപനത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ഇതേസമയം ചൈനയില്‍ കൊവിഡ് വ്യാപനം ശക്തമാണ്. ഇതേ തുടര്‍ന്ന് വ്യാപനം രേഖപ്പെടുത്തിയ പ്രദേശങ്ങളില്‍ അടച്ച് പൂട്ടല്‍ നയം ശക്തമാക്കുകയാണ് ചൈന. രോഗവ്യാപനം രേഖപ്പെടുത്തിയ നഗരങ്ങള്‍ പൂര്‍ണ്ണമായും അടച്ച് പൂട്ടും. എന്നാല്‍, ഇത്തരത്തില്‍ അടച്ച് പൂട്ടലിന് വിധേയമാകുന്ന നഗരത്തിലേക്കുള്ള അടിയന്തര സര്‍വ്വീസുകളും നിഷേധിക്കപ്പെടുകയാണെന്നും ഇത് ഭക്ഷണവും വെള്ളവും അടക്കമുള്ള അടിയന്തര സര്‍വ്വീസുകളുടെ അഭവം ശക്തമാക്കുന്നുവെന്നും ജനങ്ങള്‍ ജനപ്രിയ സിന വെയ്‌ബോ എന്ന സാമൂഹിക മാധ്യമങ്ങളില്‍ പരാതിപ്പെടുന്നു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് നിയന്ത്രണ സംവിധാനത്തിനുമെതിരെ 1,30,000 പരാതികൾ സർക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് നാഷണൽ ബ്യൂറോ ഓഫ് ഡിസീസ് കൺട്രോൾ ഡെപ്യൂട്ടി ഡയറക്ടർ ഷെൻ ഹോങ്‌ബിംഗ് പറഞ്ഞു. “ജനങ്ങൾ റിപ്പോർട്ട് ചെയ്ത പ്രശ്നങ്ങൾ ഞങ്ങൾ പരിഹരിച്ചു,” എന്ന് അവകാശപ്പെട്ട ഷെൻ , പക്ഷേ ഷെങ്‌ഷൗവിൽ പെൺകുട്ടിയുടെ മരണത്തെ കുറിച്ച് പരാമർശിച്ചില്ല. നാല് മാസം പ്രായമുള്ള പെണ്‍കുട്ടിക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടെന്നും അതിനാല്‍ ഹേട്ട്ലൈന്‍ സംവിധാനവുമായി ബന്ധപ്പെട്ടെന്നും കുട്ടിയുടെ അച്ഛന്‍ ലി ബാവോലിയാങ് പറഞ്ഞു. എന്നാല്‍, കുട്ടിക്ക് അടിയന്തര പരിചരണം ആവശ്യമായി വന്നിട്ടില്ലെന്നായിരുന്നു ഹോട്ട്‌ലൈനില്‍ നിന്നും ലഭിച്ച പ്രതികരണം. ക്വാറന്‍റൈന്‍ സൈറ്റിലെ ആരോഗ്യ പ്രവർത്തകർ ആംബുലൻസ് വിളിച്ചെങ്കിലും പിതാവിന് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനാല്‍ കുട്ടിയെ കൊണ്ട്പോകാന്‍ അവര്‍ വിസമ്മതിച്ചതായു റിപ്പോര്‍ട്ടില്‍ പറയുന്നു. ഒടുവില്‍ 11 മണിക്കൂര്‍ വൈകി കുട്ടി ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു.
കൂടുതല്‍ വായനയ്ക്ക്: ഒരു ദിനം 6000 കൊവിഡ് രോഗികൾ, നിയന്ത്രണം കടുപ്പിച്ച് ചൈന; പ്രതിഷേധം, തെരുവിൽ അക്രമം, ബലംപ്രയോഗിച്ച് ഭരണകൂടം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam