കാട്ടുകുതിരകള്‍ക്കൊപ്പം ഓടിപ്പോയിട്ട് 8 വര്‍ഷം; ഉടമയെ തേടിയെത്തി വളര്‍ത്തുകുതിര

Published : Nov 17, 2022, 09:58 PM ISTUpdated : Nov 17, 2022, 10:22 PM IST
കാട്ടുകുതിരകള്‍ക്കൊപ്പം ഓടിപ്പോയിട്ട് 8 വര്‍ഷം; ഉടമയെ തേടിയെത്തി വളര്‍ത്തുകുതിര

Synopsis

2014 മാര്‍ച്ച് 31 ന് സാള്‍ട്ട് ലേക്ക് സിറ്റിക്ക് സമീപത്ത് ക്യാംപിംഗ് ട്രിപ്പിന് പോയിരുന്നു. ഇവിടെ വച്ചാണ് മോംഗോയെ നഷ്ടമായത്.

എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാട്ടുകുതിരകള്‍ക്കൊപ്പം ഓടിപ്പോയ കുതിര തിരിച്ചെത്തി, അമ്പരന്ന് ഉടമ. അമേരിക്കയിലെ ഉട്ടായിലാണ് അപൂര്‍വ്വ സംഭവം. ഉട്ടാ സ്വദേശിയായ ഷെയ്ന്‍ ആദമിന്‍റെ കുതിരയായ മോംഗോയാണ് എട്ട് വര്‍ഷങ്ങള്‍ക്ക് പിന്നാലെ ഉടമയെ തേടിയെത്തിയത്. എട്ട് വര്‍ഷത്തിനുള്ളില്‍ ജീവിതത്തില്‍ പല തിരിച്ചടികള്‍ നേരിട്ടിരിക്കുന്ന സമയത്താണ് മോംഗോ തിരിച്ച് എത്തിയതെന്നാണ് ഷെയ്ന്‍ ആദംസ് പറയുന്നത്. വിവാഹ മോചിതനായി, വീട് നഷ്ടമായി, കാര്‍ അപകടത്തില്‍ തലച്ചോറിന് കാര്യമായ തകരാറും അതിനെ തുടര്‍ന്നുള്ള ശസ്ത്രക്രിയകള്‍ അടക്കം നിരവധി വെല്ലുവിളികളാണ് ആദം നേരിട്ടത്.

എന്നാല്‍ കഴിഞ്ഞ ദിവസമാണ് യഥാര്‍ത്ഥത്തില്‍ ആദംസിനെ ഉലച്ച സംഭവം നടന്നത്. മോംഗോ തിരിച്ചെത്തിയെന്ന് കേട്ടപ്പോള്‍ സത്യമായിരിക്കില്ലെന്നാണ് ആദ്യം കരുതിയിരുന്നത്. ആരോ പറ്റിക്കാനായി ചെയ്യുന്ന കാര്യമെന്നാണ് കരുതിയത്. എന്നാല്‍ സംഭവം ഒറിജിനലാണെന്ന് വ്യക്തമായതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായെന്നാണ് 40 കാരനായ ആദംസ് പറയുന്നത്. കുതിരകളെ പരിശീലിപ്പിക്കുകയും കുതിരയോട്ടം പഠിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു ആദം. മോംഗോ ആദംസിന്‍റെ പ്രിയപ്പെട്ട കുതിരയായിരുന്നു. 2014 മാര്‍ച്ച് 31 ന് സാള്‍ട്ട് ലേക്ക് സിറ്റിക്ക് സമീപത്ത് ക്യാംപിംഗ് ട്രിപ്പിന് പോയിരുന്നു. ഇവിടെ വച്ചാണ് മോംഗോയെ നഷ്ടമായത്. പുലര്‍ച്ചെ മറ്റ് കുതിരകളുടെ ചിനയ്ക്കുന്ന ശബ്ദം കേട്ട് നോക്കുമ്പോഴാണ് കെട്ട് പൊട്ടിച്ചോടുന്ന മോംഗോയെ കാണുന്നത്. കാട്ടുകുതിരകള്‍ക്കൊപ്പം കുറച്ച് ദൂരം ഓടിയ ശേഷം മോംഗോ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മോംഗോ മടങ്ങിയെത്തിയില്ല.

മൂന്ന് വര്‍ഷത്തോളം കുതിരയ്ക്ക് വേണ്ടി തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. അതിനിടയ്ക്ക് ജീവിതത്തില്‍ പല പ്രശ്നങ്ങളുണ്ടായതോടെ കുതിരയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിക്കേണ്ടി വന്നു. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് തിരഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ 2017ല്‍ ആദംസ് തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞമാസമാണ് ഫേസ്ബുക്കിലൂടെ മോംഗോയെ കണ്ടെത്തിയെന്ന സന്ദേശം ആദംസിനെ തേടിയെത്തുന്നത്. കാട്ടുകുതിരകളെ ഓടിക്കാനുള്ള ശ്രമത്തിനിടെ ഒരു കുതിര ഉദ്യോഗസ്ഥരുടെ അടുത്തേക്ക് എത്തി പരിചയം കാണിക്കുകയായിരുന്നു. കഴുത്തില്‍ സ്ട്രാപ്പോട് കൂടി കണ്ടതോടെ ഇത് ഓടിപ്പോയ കുതിരയാണെന്ന അധികൃതര്‍ക്ക് സംശയം തോന്നുകയായിരുന്നു. വിവരം ഇവര്‍ മൃഗസംരക്ഷണ വകുപ്പിനെയും അവര്‍ ആദംസിനേയും അറിയിക്കുകയായിരുന്നു.

കണ്ടെത്തുമ്പോള്‍ 400 പൌണ്ടോളം ഭാരം കുറഞ്ഞ അവസ്ഥയിലായിരുന്നു മോംഗോയുണ്ടായിരുന്നത്. അവശനായിരുന്നെങ്കിലും പ്രിയപ്പെട്ട കുതിര തിരിച്ചറിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ആദംസുള്ളത്. പുതിയ വീട്ടിലേക്ക് മോംഗോയെ എത്തിക്കുമ്പോള്‍ ആദംസിനുള്ള ഏക വിഷമം ഏറെക്കാലം മോംഗോയെ തിരിയാന്‍ തനിക്കൊപ്പമുണ്ടായിരുന്ന പിതാവ് മരിച്ചുപോയെന്ന കാര്യത്തില്‍ മാത്രമാണ്. 

PREV
click me!

Recommended Stories

വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'
25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം