
സിയോൾ: ചിത്രങ്ങളും വീഡിയോയും എടുക്കുന്ന തിരക്കിൽ യുദ്ധ വിമാനത്തിന്റെ പൈലറ്റ്. ദക്ഷിണ കൊറിയയ്ക്ക് നഷ്ടമായത് കോടികൾ വില വരുന്ന യുദ്ധ വിമാനങ്ങൾ . യൂണിറ്റിലെ അവസാന നിരീക്ഷണ പറക്കൽ മൊബൈലിൽ പകർത്താനുള്ള ശ്രമത്തിനിടയിൽ രണ്ട് യുദ്ധ വിമാനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. 2021ൽ ദക്ഷിണ കൊറിയയിൽ രണ്ട് യുദ്ധവിമാനങ്ങൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ച സംഭവത്തിന് കാരണം പൈലറ്റുമാർ വിമാനത്തിലിരുന്ന് ഫോട്ടോകളും വീഡിയോകളും എടുത്തതാണെന്ന കണ്ടെത്തലുമായി അധികൃതർ. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിന്റെ ബോർഡ് ഓഫ് ഓഡിറ്റ് ആൻഡ് ഇൻസ്പെക്ഷൻ റിപ്പോർട്ട് പ്രകാരം ഡേഗു നഗരത്തിൽ ഒരു ഫ്ലൈറ്റ് മിഷനിടെയാണ് ഈ അപകടം നടന്നത്. പൈലറ്റുമാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും വിമാനങ്ങൾക്കുണ്ടായ കേടുപാടുകൾ പരിഹരിക്കാൻ സൈന്യത്തിന് ഏകദേശം 880 ദശലക്ഷം വോൺ (ഏകദേശം 5.4 കോടി രൂപ) ചെലവിടേണ്ടി വന്നിരുന്നു. സംഭവത്തിൽ നിലവിൽ സൈന്യത്തിൽ നിന്ന് വിരമിച്ച പൈലറ്റുമാരിൽ ഒരാൾക്ക് 88 ദശലക്ഷം വോൺ പിഴ ചുമത്തിയിട്ടുണ്ട്.
തന്റെ യൂണിറ്റിലെ അവസാന ഫ്ലൈറ്റ് ആയതിനാൽ അത് ഓർമ്മയ്ക്കായി പകർത്താൻ പൈലറ്റ് ആഗ്രഹിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. പ്രധാനപ്പെട്ട വിമാനയാത്രകൾ ഇത്തരത്തിൽ ക്യാമറയിൽ പകർത്തുന്നത് അക്കാലത്ത് പൈലറ്റുമാർക്കിടയിൽ ഒരു പതിവായിരുന്നുവെന്നാണ് ബുധനാഴ്ച പ്രസിദ്ധീകരിച്ച ഓഡിറ്റ് റിപ്പോർട്ടിൽ വിശദമാക്കുന്നത്. വിമാനം പറത്തുന്നതിന് മുൻപുള്ള ബ്രീഫിംഗിൽ തന്നെ താൻ ഫോട്ടോ എടുക്കുമെന്ന് ഈ പൈലറ്റ് അറിയിച്ചിരുന്നു. ദൗത്യത്തിനിടെ പ്രധാന വിമാനത്തെ പിന്തുടരുന്ന വിമാനമായിരുന്നു ഇദ്ദേഹം പറത്തിയിരുന്നത്. തിരികെ ബേസിലേക്ക് വരുന്നതിനിടെ ഇയാൾ തന്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോട്ടോകൾ എടുക്കാൻ തുടങ്ങി. ഇതുകണ്ട പ്രധാന വിമാനത്തിലെ പൈലറ്റ് തന്റെ വിമാനത്തിലുള്ള സഹപ്രവർത്തകനോട് മറ്റേ വിമാനത്തിന്റെ വീഡിയോ എടുക്കാൻ ആവശ്യപ്പെട്ടു. വീഡിയോയിൽ നന്നായി പതിയാനായി പൈലറ്റ് പെട്ടെന്ന് വിമാനം ഉയർത്തുകയും മലക്കം മറിയുകയും ചെയ്തു. ഈ നീക്കം രണ്ട് വിമാനങ്ങളെയും അപകടകരമാം വിധം അടുത്ത് എത്തിക്കുകയായിരുന്നു.
കൂട്ടിയിടി ഒഴിവാക്കാൻ പ്രധാന വിമാനം താഴേക്ക് കുതിക്കാൻ ശ്രമിച്ചെങ്കിലും രണ്ട് എഫ് 15കെ വിമാനങ്ങളും തമ്മിൽ കൂട്ടിയിടിച്ചു. പ്രധാന വിമാനത്തിന്റെ ഇടത് ചിറകിനും മറ്റേ വിമാനത്തിന്റെ വാലിനും കേടുപാടുകൾ സംഭവിച്ചു. സംഭവത്തിന് പിന്നാലെ എയർഫോഴ്സ് പൈലറ്റിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ ഒരു കൊമേഴ്‌സ്യൽ എയർലൈനിലാണ് ജോലി ചെയ്യുന്നത്.
വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായുള്ള മുഴുവൻ തുകയും ഈ പൈലറ്റിൽ നിന്ന് ഈടാക്കാൻ എയർഫോഴ്സ് ശ്രമിച്ചെങ്കിലും അദ്ദേഹം ഇതിനെതിരെ അപ്പീൽ നൽകിയതോടെയാണ് ഓഡിറ്റ് ബോർഡ് അന്വേഷണം നടത്തിയത്. തന്റെ അപ്രതീക്ഷിത നീക്കമാണ് അപകടമുണ്ടാക്കിയതെന്ന് പൈലറ്റ് സമ്മതിച്ചെങ്കിലും, വീഡിയോ എടുക്കുന്നത് അറിഞ്ഞുകൊണ്ട് തന്നെ പ്രധാന വിമാനത്തിലെ പൈലറ്റ് അതിന് സമ്മതം മൂളിയിരുന്നതായി അദ്ദേഹം വാദിച്ചു. ഒടുവിൽ പൈലറ്റ് തുകയുടെ പത്തിലൊന്ന് മാത്രം പിഴയൊടുക്കിയാൽ മതിയെന്ന് ഓഡിറ്റ് ബോർഡ് വിശദമാക്കുകയായിരുന്നു. പൈലറ്റുമാർ ക്യാമറ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിൽ എയർഫോഴ്സിനും വീഴ്ച പറ്റിയെന്ന് ബോർഡ് നിരീക്ഷിച്ചു. കൂടാതെ പൈലറ്റിന്റെ മുൻപുള്ള മികച്ച സേവന ചരിത്രവും അപകടത്തിന് ശേഷം വിമാനം സുരക്ഷിതമായി തിരിച്ചിറക്കി വലിയ നഷ്ടങ്ങൾ ഒഴിവാക്കിയതും പരിഗണിച്ചാണ് ബോർഡിന്റെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam