മയക്കുമരുന്ന് കേസിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് മാപ്പ് നൽകിയതിനെ തുടർന്ന് ഹോണ്ടുറാസ് മുൻ പ്രസിഡന്‍റ് ജുവാൻ ഓർലാൻഡോ ഹെർണാണ്ടസ് യുഎസിൽ നിന്ന് നാട്ടിൽ തിരിച്ചെത്തി. യുഎസിൽ 45 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന അദ്ദേഹം, ഇപ്പോൾ ഹോണ്ടുറാസിൽ വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ വിചാരണ നേരിടാനൊരുങ്ങുകയാണ്.
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് മാപ്പ് നൽകിയതിന് പിന്നാലെ, മയക്കുമരുന്ന് കടത്ത് കേസിൽ 45 വർഷത്തെ തടവുശിക്ഷ ലഭിച്ചിരുന്ന ഹോണ്ടുറാസിന്‍റെ മുൻ പ്രസിഡന്‍റ് ജുവാൻ ഓർലാൻഡോ ഹെർണാണ്ടസ് യുഎസിൽ നിന്നും സ്വന്തം രാജ്യമായ ഹോണ്ടുറാസിൽ തിരിച്ചെത്തി. യുഎസിന് കൈമാറി നാല് വർഷങ്ങൾക്ക് ശേഷമാണ് ഓർലാൻഡോ ഹെർണാണ്ടസ് സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിയത്.
ബെഡന്‍ കെട്ടിച്ചമച്ച കേസെന്ന്
അമേരിക്കൻ മയക്കുമരുന്ന് കേസിൽ മാപ്പ് ലഭിച്ചെങ്കിലും, വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ അദ്ദേഹം ഹോണ്ടുറാസിൽ വിചാരണ നേരിടേണ്ടതുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം ഈ കേസുകളിൽ യഥാർഥ നീതി നടപ്പാകുമോയെന്ന ആശങ്ക മനുഷ്യാവകാശ പ്രവർത്തകരും പ്രകടിപ്പിച്ചു. കഴിഞ്ഞ ഡിസംബറിലാണ് ഓർലാൻഡോ ഹെർണാണ്ടസിന് ട്രംപ് പ്രസിഡൻഷ്യൽ മാപ്പ് നൽകിയത്. ജോ ബൈഡൻ ഭരണകൂടം രാഷ്ട്രീയ ലക്ഷ്യത്തോടെ അദ്ദേഹത്തിനെതിരെ കേസ് കെട്ടിച്ചമച്ചതാണെന്നും, അദ്ദേഹത്തിന് ന്യായമായ വിചാരണ ലഭിച്ചില്ലെന്നും ട്രംപ് അവകാശപ്പെട്ടു. "ഇത് എളുപ്പമായിരുന്നില്ല. മുഴുവൻ നടപടിക്രമവും അത്യന്തം ദുഷ്കരമായിരുന്നു. ജയിലിൽ അനുഭവിച്ച കാര്യങ്ങൾ ആരും അനുഭവിക്കരുതെന്നാണ് എന്‍റെ പ്രാർത്ഥന," സ്വന്തം രാജ്യത്ത് തിരിച്ചെത്തിയ ശേഷം ഓർലാൻഡോ ഹെർണാണ്ടസ് മാധ്യമങ്ങളോട് പറഞ്ഞു. പാൽമെറോള അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഓർലാൻഡോയെ കുടുംബാംഗങ്ങളും അദ്ദേഹത്തിന്‍റെ നാഷണൽ പാർട്ടിയിലെ നിരവധി അനുയായികളും ചേർന്നാണ് സ്വീകരിച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ, വഞ്ചനാ കേസുകളും
ഹോണ്ടുറാസിൽ രജിസ്റ്റർ ചെയ്ത വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ ഓഗസ്റ്റ് 3 -ന് അദ്ദേഹം കോടതിയിൽ ഹാജരാകണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ജൂണിൽ ഓർലാൻഡോയുടെ അറസ്റ്റ് വാറണ്ട് സസ്‌പെൻഡ് ചെയ്തിരുന്നു. അതിനാൽ അദ്ദേഹത്തെ രാജ്യത്ത് എത്തിയതിന് പിന്നാലെ അറസ്റ്റ് ചെയ്തില്ലെന്നും അൽജസീറ റിപ്പോർട്ട് ചെയ്തു. ഇതോടെ ഈ കേസുകളിലെ വിചാരണ വെറും പ്രഹസനമായി മാറുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചു. 2014 മുതൽ 2022 വരെ ഹോണ്ടുറാസിന്‍റെ പ്രസിഡന്‍റായിരുന്ന ഓർലാൻഡോ ഒരുകാലത്ത് അമേരിക്കയുടെ മയക്കുമരുന്നിനെതിരായ യുദ്ധത്തിലെ പ്രധാന സഖ്യകക്ഷിയായിരുന്നു. എന്നാൽ, പിന്നീട് അദ്ദേഹം യുഎസുമായി അകന്നു. 2010 മുതൽ 2013 വരെയുള്ള കാലയളവിൽ സർക്കാർ ഫണ്ടിൽ നിന്ന് ഏകദേശം 11 മില്യൺ ഡോളർ തന്‍റെയും തന്‍റെ പാർട്ടിയുടെയും രാഷ്ട്രീയ പ്രചാരണങ്ങൾക്കായി വഴിതിരിച്ചുവിട്ടെന്ന കേസാണ് ഹോണ്ടുറാസിൽ ഓർലാൻഡോ ഹെർണാണ്ടസ് ഇനി നേരിടാനിരിക്കുന്നത്.


