
കൊളംബോ: ഈസ്റ്റർ ദിന പ്രാർത്ഥനകൾക്കിടെ ശ്രീലങ്കയെ നടുക്കിയ സ്ഫോടനപരമ്പരയിൽ മരണം 290 ആയി. പരിക്കേറ്റ അഞ്ഞൂറിലേറെപ്പേർ ചികിത്സയിലാണ്. മരിച്ചവരിൽ കർണ്ണാടകയിൽ നിന്നുള്ള രണ്ട് ജെഡിഎസ് പ്രവർത്തകരും ഉൾപ്പെടുന്നു. ആകെ അഞ്ച് ഇന്ത്യാക്കാരാണ് സ്ഫോടനങ്ങളിൽ മരിച്ചത്. അഞ്ച് ഇന്ത്യാക്കാർ ആക്രമണത്തിൽ മരിച്ചതായി ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചു. കർണ്ണാടകയിലെ തുംഗൂരിൽ നിന്നുള്ള ജെഡിഎസ് പ്രവർത്തകരായ കെ ജി ഹനുമന്ദ് രായപ്പ, എ രംഗപ്പ എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു. കൊളംബോയിലെ ഹോട്ടലിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന അഞ്ച് ജെഡിഎസ് പ്രവർത്തകരെ കാണാതെയായി. കർണ്ണാടകത്തിലെ ആദ്യ ഘട്ട വോട്ടെടുപ്പിന് ശേഷം ഈ മാസം 18നാണ് ഇവർ ശ്രീലങ്കയിലേക്ക് പോയത്. ആക്രമണത്തിൽ മരിച്ച ശ്രീലങ്കൻ പൗരത്വമുള്ള കാസർകോട് സ്വദേശി റസീനയുടെ മൃതദേഹം ശ്രീലങ്കയിൽ തന്നെ സംസ്കരിക്കാൻ തീരുമാനിച്ചു.
സ്ഫോടനത്തിന് മുമ്പ് കർണ്ണാടകയിൽ നിന്നുള്ള ജെഡിഎസ് പ്രവർത്തകർ കൊളംബോയിലെ ഹോട്ടലിൽ
കൊളംബോയിലെ ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉൾപ്പെടെ എട്ടിടങ്ങളിലാണ് ഈസ്റ്റർ ദിനത്തിൽ സ്ഫോടനം നടന്നത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. തൗഹീത് ജമാ അത് എന്ന ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. അക്രമികൾക്ക് വിദേശ ബന്ധം ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് 24 പേർ ഇതുവരെ അറസ്റ്റിലായി.
ചാവേറുകളാണ് പലയിടത്തും സ്ഫോടനം നടത്തിയതെന്നാണ് വിവരം. ഇതിനിടെ കൊളംബോ വിമാനത്താവളത്തിന് സമീപത്തുനിന്ന് പൈപ്പ് ബോംബ് കണ്ടെത്തിയത് ഭീതി പടർത്തി. ബോംബ് പിന്നീട് നിർവീര്യമാക്കി. ശ്രീലങ്കയിൽ കർഫ്യൂ തുടരുകയാണ്. സമൂഹമാധ്യമങ്ങൾക്കും വിലക്കുണ്ട്. ആരാധനാലയങ്ങളുടെ അടക്കം സുരക്ഷ ശക്തമാക്കി. ലോകരാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും ശ്രീലങ്കയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഇന്ത്യ ഉൾപ്പെടെ ഉള്ള സംഘങ്ങൾ മെഡിക്കൽ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam