
കംപാല: പരസ്യമായി ചുംബിച്ചു, ഉഗാണ്ടയിൽ രണ്ട് യുവതികൾ നേരിടുന്നത് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം. സ്വവർഗ ലൈംഗികത ഗുരുതര കുറ്റകൃത്യമായിട്ടുള്ള രാജ്യമാണ് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ട. ടൊറേറോ ബേ എന്നറിയപ്പെടുന്ന 22 വയസ്സുള്ള സംഗീതജ്ഞ വെൻഡി ഫെയ്ത്ത്, 21 വയസ്സുള്ള അലേസി ഡയാന ഡെനിസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ആഴ്ചയാണ് ഉഗാണ്ടയുടെ വടക്കുപടിഞ്ഞാറൻ നഗരമായ അരുവയിൽ ഇവർ താമസിച്ചിരുന്ന വാടകമുറിയിൽ നിന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതികൾ പരസ്പരം ചുംബിക്കുന്നതായി കണ്ടെന്ന് നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരത്തേ തുടർന്നായിരുന്നു അറസ്റ്റ്. ഇവരുടെ താമസ സ്ഥലത്ത് വിവിധ സ്ത്രീകൾ ഒത്തുകൂടിയതായും ആരോപണമുയരുന്നുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വവർഗാനുരാഗം പരിശീലിക്കുന്നു എന്നാരോപിച്ച് പൊലീസ് രണ്ട് യുവതികളെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായതു മുതൽ ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്. എന്നാൽ ഇവർക്കെതിരെ എപ്പോൾ ഔദ്യോഗികമായി കുറ്റം ചുമത്തുമെന്ന് വ്യക്തമായിട്ടില്ല.
അന്താരാഷ്ട്രതലത്തിലും പ്രാദേശികമായും ഉയർന്നുവന്ന ശക്തമായ പ്രതിഷേധങ്ങൾക്കിടയിൽ, 2023 മെയ് മാസത്തിലാണ് ഉഗാണ്ടയുടെ പ്രസിഡന്റ് യോവേരി മുസെവേനി 'ആന്റി-ഹോമോസെക്ഷ്വാലിറ്റി ആക്റ്റ്' നിയമമാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും കർക്കശമായ എൽ.ജി.ബി.ടി.ക്യു+ വിരുദ്ധ നിയമങ്ങളിലൊന്നാണിതെന്നാണ് വിമർശകർ വിശദമാക്കുന്നത്. സ്വവർഗാനുരാഗത്തിന് ജീവപര്യന്തം തടവും, അതിരൂക്ഷമായ സ്വവർഗാനുരാഗത്തിന് വധശിക്ഷയും ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
രാജ്യത്തുടനീളം സമാനമായ സംഭവങ്ങളിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആളുകളുടെ സ്വത്വത്തെയോ ബന്ധങ്ങളെയോ കുറിച്ചുള്ള വെറും ആരോപണങ്ങളുടെ പേരിൽ അവർ ടാർഗെറ്റ് ചെയ്യപ്പെടുകയും, ഉപദ്രവിക്കപ്പെടുകയും, അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നുവെന്നും സെക്ഷ്വൽ മൈനോറിറ്റീസ് ഉഗാണ്ട എക്സിക്യൂട്ടീവ് ഡയറക്ടർ ഫ്രാങ്ക് മുഗീഷ ആരോപിക്കുന്നത്. ജനുവരി മാസത്തിൽ മാത്രം ഇത്തരത്തിൽ എൽ.ജി.ബി.ടി.ക്യു+ വിഭാഗത്തിലുള്ളവരെ ലക്ഷ്യമിട്ട് 956 കേസുകൾ ഉഗാണ്ടയിലുണ്ടായതായാണ് അവകാശപ്രവർത്തകർ ആരോപിക്കുന്നത്. 1276 പേരുടെ ജീവിതം ഇത്തരം വ്യാജ കേസുകളിൽ ബാധിക്കപ്പെട്ടുവെന്നും അവകാശ പ്രവർത്തകർ വിശദമാക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam