വീണ്ടും കറുത്തവർഗ്ഗക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്തി പൊലീസ്; അമേരിക്കയിൽ പ്രതിഷേധം കനക്കുന്നു

Published : Jan 28, 2023, 04:57 PM IST
വീണ്ടും കറുത്തവർഗ്ഗക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്തി പൊലീസ്; അമേരിക്കയിൽ പ്രതിഷേധം കനക്കുന്നു

Synopsis

അശ്രദ്ധമായി വാഹനമോടിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ജനുവരി ഏഴിനാണ് 29കാരനായ ടയർ നിക്കോളാസിനെ പൊലീസ് പിടികൂടുന്നത്

വാഷിങ്ടൺ: പൊലീസ് മർദ്ദനത്തിൽ കറുത്ത വർഗക്കാരൻ മരിച്ച സംഭവത്തിൽ അമേരിക്കയിൽ പ്രതിഷേധം ശക്തമായി. ആഫ്രിക്കൻ അമേരിക്കൻ വംശജൻ ടയർ നിക്കോളസിനെ പൊലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് ശേഷം പ്രക്ഷോഭം രാജ്യവ്യാപകമായി. സംഭവം അമേരിക്കയുടെ പ്രതിഛായ ഉലച്ചുവെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.

അശ്രദ്ധമായി വാഹനമോടിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ജനുവരി ഏഴിനാണ് 29കാരനായ ടയർ നിക്കോളാസിനെ പൊലീസ് പിടികൂടുന്നത്. തുടർന്ന് നിലത്തിട്ട് മർദ്ദിച്ചു. പൊലീസുകാരുടെ ഷ‌ർട്ടിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലെ ദൃശ്യങ്ങളിൽ മർദ്ദിക്കുന്നത് വ്യക്തമായി പതിഞ്ഞു. മർദ്ദനമേറ്റ് ടയർ നിക്കോളാസ് അമ്മേ എന്ന് വിളിച്ച് കരയുന്നതും കേൾക്കാമായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം പത്തിനാണ് ടയർ നിക്കോളാസ് മരിച്ചത്.

അധികൃതർ തന്നെയാണ് പൊലീസിന്റെ ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ദൃശ്യങ്ങൾ അസ്വസ്തയുണ്ടാക്കുന്നതാണെന്നും എങ്കിലും സുതാര്യയുടെ ഭാഗമായി അവ പുറത്ത് വിടുകയാണെന്നും സർ‍ക്കാർ വിശദീകരിച്ചു. ഇതിന് ശേഷം പ്രക്ഷോഭം രാജ്യവ്യാപകമായി. സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തെ തുടർന്ന് ഉത്തരവാദികളായ അ‌ഞ്ച് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പുറത്താക്കി.

ടയർ നികോളാസ് ക്രൂരമർദ്ദനത്തിന് ഇരയായെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയതായാണ് വിവരം. സംഭവം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചുവെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണമെന്ന് കൊല്ലപ്പെട്ട ടയർ നിക്കോളാസിന്റെ കുടുംബം അഭ്യർത്ഥിച്ചു.

PREV
click me!

Recommended Stories

പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം
ടേക്ക് ഓഫിനൊരുങ്ങി എയർ ബസ് വിമാനം, സെക്കൻഡുകൾക്കുള്ളിൽ പുകയിലും തീയിലും മുങ്ങി വിമാനം, ക്യാബിനിൽ 169 യാത്രക്കാർ