പാകിസ്ഥാനിൽ റെയിൽവേ ട്രാക്കിന് സമീപം ഉഗ്ര സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

Published : May 24, 2026, 12:51 PM ISTUpdated : May 24, 2026, 01:11 PM IST
Pakistan Railway Blast

Synopsis

പാകിസ്ഥാനിൽ റെയിൽവേ ട്രാക്കിന് സമീപമുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ബലൂചിസ്താൻ പ്രവിശ്യയിലെ ക്വറ്റയിലുള്ള ചമൻ ഫടക് റെയിൽവേ സ്റ്റേഷന് സമീപമാണ് സ്ഫോടനം ഉണ്ടായത്. 24 പേർ കൊല്ലപ്പെട്ടതായും 50ലധികം പേർക്ക് പരിക്കേറ്റതായും വിവരം. 

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ റെയിൽവേ ട്രാക്കിന് സമീപം ഉണ്ടായ ഉഗ്ര സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. 24 പേർ കൊല്ലപ്പെട്ടതായും 50ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. സൈനികർ സഞ്ചരിച്ച ട്രെയിൻ ലക്ഷ്യമിട്ടാണ് സ്ഫോടനം നടത്തിയത്. കൊല്ലപ്പെട്ടവരിൽ സൈനികരും ഉൾപ്പെടുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) യുടെ മജീദ് ബ്രിഗേഡ് ഏറ്റെടുത്തു.

ഞായറാഴ്ച രാവിലെ ക്വറ്റയിലെ ചമൻ ഫടക് റെയിൽവേ സ്റ്റേഷന് സമീപമാണ് സ്ഫോടനം ഉണ്ടായത്. 300ലധികം പാക് സൈനികരെയും കുടുംബാംഗങ്ങളെയും വഹിച്ച് ക്വറ്റയിൽനിന്ന് പെഷാവറിലേക്ക് വരികയായിരുന്ന ട്രെയിൻ, റെയിൽവേ സ്റ്റേഷൻ പിന്നിട്ടതിന് പിന്നാലെയാണ് സ്ഫോടനം ഉണ്ടായത്. ഈദ് അവധി ആഘോഷിക്കാനായി പോകുമ്പോഴായിരുന്നു സംഭവം.

സ്ഫോടനത്തിൽ ട്രെയിനിൻ്റെ മൂന്നു കോച്ചുകൾ പാളംതെറ്റിയതായി പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു. സമീപത്ത് പാർക്ക് ചെയ്തിരുന്ന പത്തോളം വാഹനങ്ങളും തകർന്നതായി പൊലീസ് അറിയിച്ചു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങളുടെ ജനലുകളും ഗ്ലാസ് പാനലുകളും പൊട്ടിച്ചിതറിയതായി പാക് മാധ്യമമായ ജിയോ ടിവി റിപ്പോർട്ട് ചെയ്തു. സംഭവത്തെ തുടർന്ന് സുരക്ഷാ സേന മേഖലയുടെ നിയന്ത്രണം ഏറ്റെടുത്ത് രക്ഷാപ്രവർത്തനം ഊർജിതമാക്കി. അടിയന്തര സാഹചര്യങ്ങൾ നേരിടാനായി റസ്ക്യൂ ട്രക്കുകളും ദുരിതാശ്വാസ ട്രെയിനും പുറപ്പെട്ടതായി പാകിസ്ഥാൻ റെയിൽവേ അറിയിച്ചു.

ദൃശ്യങ്ങൾ പുറത്ത്

 

 

റെയിൽവേ സ്റ്റേഷനിലൂടെ ട്രെയിൻ കടന്നുപോകുന്നതിനിടെ സ്ഫോടകവസ്തു ഘടിപ്പിച്ച ഉപകരണം ബോഗിയിൽ ഇടിച്ചതായും ഇതേ തുടർന്നാണ് ശക്തമായ സ്ഫോടനം ഉണ്ടായതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഫോടനസ്ഥലത്തുനിന്ന് പുക ഉയരുന്ന ദൃശ്യങ്ങളും പാളം തെറ്റിയ ട്രെയിനിൻ്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് ക്വറ്റയിലുള്ള സർക്കാർ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആശുപത്രികളിൽ കൂടുതൽ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും നിയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്. സംഭവസ്ഥലത്ത് പൊലീസും ഭീകരവിരുദ്ധ വകുപ്പും ബോംബ് സ്ക്വാഡും പരിശോധന ആരംഭിച്ചു. സ്ഫോടനത്തെ ശക്തമായി അപലപിച്ച് ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി രംഗത്തെത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലോകത്തിന് ആശ്വാസ വാർത്ത വരുന്നു, വിട്ടുവീഴ്ചയ്ക്ക് ഇറാൻ സമ്മതിച്ചതായി റിപ്പോർട്ട്; യുഎസ് തന്ത്രപ്രധാന ചർച്ചകളിൽ വൻ വഴിത്തിരിവ്
തലേദിവസം ഫ്ലാറ്റിൽ വഴക്കുണ്ടായതായി വിവരം, യുവതി ചാടിയത് പതിനഞ്ചാം നിലയിൽ നിന്ന് അഞ്ചുവയസ്സുകാരിയെ താഴേക്ക് എറിഞ്ഞ ശേഷം