
അബുദാബി: യുദ്ധങ്ങളും പ്രാദേശിക സംഘർഷങ്ങളും താൽക്കാലിക വെല്ലുവിളികൾ സൃഷ്ടിച്ചേക്കാമെങ്കിലും ഏത് പ്രതിസന്ധിയെയും അതിജീവിക്കാനും ശക്തമായി മുന്നോട്ടുപോകാനുമുള്ള അടിത്തറയിലാണ് യുഎഇ കെട്ടിപ്പടുത്തിരിക്കുന്നതെന്ന് യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ്. ഔദ്യോഗിക എക്‌സ് പ്ലാറ്റ്ഫോമിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. ‘രാജ്യത്തിന്‍റെ കരുത്ത് വേരൂന്നിയിരിക്കുന്നത് ജ്ഞാനികളായ നേതൃത്വം, ശക്തമായ ഭരണഘടനാ സ്ഥാപനങ്ങൾ, മത്സരശേഷിയുള്ളതും അത്യാധുനികവുമായ സമ്പദ്‌വ്യവസ്ഥ, ഒപ്പം ഐക്യദാർഢ്യം, സഹിഷ്ണുത, നീതി എന്നിവയിലധിഷ്ഠിതമായ യഥാർത്ഥ മൂല്യങ്ങൾ എന്നിവയിലാണ്’- അദ്ദേഹം വ്യക്തമാക്കി.
യുഎഇ കൈവരിച്ച ഇന്നത്തെ വൻ വിജയം ഒരിക്കലും ഒരു യാദൃശ്ചികതയല്ല മറിച്ച്, ദീർഘവീക്ഷണത്തോടെയുള്ള ശക്തമായ കാഴ്ചപ്പാടിന്‍റെയും, വർഷങ്ങളായുള്ള ആത്മാർത്ഥവും നിരന്തരവുമായ കഠിനാധ്വാനത്തിന്‍റെയും ഫലമാണെന്നും ഡോ. അൻവർ ഗർഗാഷ് കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ഏത് വെല്ലുവിളികളെയും തികഞ്ഞ ആത്മവിശ്വാസത്തോടും സ്ഥിരതയോടും കൂടി മറികടക്കാൻ രാജ്യത്തിന് സാധിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. യുദ്ധഭീതി നിലനിൽക്കുന്ന നിലവിലെ പ്രാദേശിക സാഹചര്യത്തിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
അതേസമയം ഹോർമുസ് കടലിടുക്കിൽ തങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുള്ള 'നിയന്ത്രിത സമുദ്രമേഖല' പ്രഖ്യാപിച്ച ഇറാന്റെ നടപടി വെറും 'പകൽക്കിനാവ്' മാത്രമാണെന്ന് ഡോ. അൻവർ ഗർഗാഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാൻ നേരിട്ട വ്യക്തമായ സൈനിക പരാജയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനും മേഖലയിൽ പുതിയൊരു സാഹചര്യം സൃഷ്ടിക്കാനുമാണ് അവർ ശ്രമിക്കുന്നതെന്ന് അൻവർ ഗർഗാഷ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam