ഇറാനെതിരെ ആഞ്ഞടിച്ച് യുഎഇ; ആരുടെയും സംരക്ഷണത്തിനായി കാത്തുനിൽക്കില്ല, ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ സാധിക്കും

Published : May 16, 2026, 04:41 PM IST
uae flag

Synopsis

തങ്ങളുടെ പരമാധികാരത്തെയും ദേശീയ സുരക്ഷയെയും ലക്ഷ്യമിടുന്ന ഇറാന്‍റെ ഭീകരാക്രമണങ്ങൾക്കെതിരെ യുഎഇ ശക്തമായ നിലപാട് വ്യക്തമാക്കി. ഏത് ആക്രമണത്തെയും സൈനികമായും നയതന്ത്രപരമായും നേരിടാൻ അവകാശമുണ്ടെന്നും, ഈ ആക്രമണങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ഇറാനായിരിക്കുമെന്നും യുഎഇ വ്യക്തമാക്കി.

ദുബായ്: യുഎഇ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ഭീകരാക്രമണങ്ങൾക്കും പ്രകോപനങ്ങൾക്കും എതിരെ ശക്തമായ നിലപാടുമായി യുഎഇ. ദില്ലിയിൽ നടന്ന ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലാണ് യുഎഇ നിലപാട് അറിയിച്ചത്. തങ്ങളുടെ പരമാധികാരത്തെയും ദേശീയ സുരക്ഷയെയും ചോദ്യം ചെയ്യുന്ന ഒരു ഭീഷണിയും വെച്ചുപൊറുപ്പിക്കില്ലെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഖലീഫ ഷഹീൻ അൽ മരാർ വ്യക്തമാക്കി. ഏത് തരത്തിലുള്ള ആക്രമണങ്ങളെയും സൈനികമായും നയതന്ത്രപരമായും നേരിടാൻ യുഎഇക്ക് പൂർണ അവകാശമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

2026 ഫെബ്രുവരി 28 മുതൽ യുഎഇക്ക് നേരെ ഇറാൻ തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്നുണ്ട്. യുഎഇ വ്യോമസേന ഇതുവരെ മൂവായിരത്തോളം ബാലിസ്റ്റിക്-ക്രൂസ് മിസൈലുകളും ഡ്രോണുകളുമാണ് ആകാശത്തുവെച്ച് വെടിവെച്ചിട്ടതെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഖലീഫ ഷഹീൻ അറിയിച്ചു.

യുഎഇയിലെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, എണ്ണക്കമ്പനികൾ, കുടിവെള്ള പ്ലാന്റുകൾ, ജനവാസ മേഖലകൾ എന്നിവ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തുന്നത്. ഇത് യുഎൻ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ്. ഇറാന്റെ ആക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി പാസാക്കിയ 2817-ാം നമ്പർ പ്രമേയത്തെ 136 രാജ്യങ്ങൾ പിന്തുണച്ചിരുന്നു. കൂടാതെ ഹ്യൂമൻ റൈറ്റ്‌സ് കൗൺസിൽ, സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ എന്നിവയും ഇറാന്റെ നടപടിയെ തള്ളിക്കളഞ്ഞിട്ടുണ്ട്.

ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനും അന്താരാഷ്ട്ര കപ്പൽ ചാലുകൾ തടസ്സപ്പെടുത്താനുമുള്ള ഇറാന്റെ നീക്കം 'കടൽക്കൊള്ള'യ്ക്ക് തുല്യമാണ്. ഇത് ആഗോള ഊർജ്ജ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും മന്ത്രി പറ‌ഞ്ഞു. തങ്ങളെ സംരക്ഷിക്കാൻ യുഎഇ മറ്റുള്ളവർക്കായി കാത്തുനിൽക്കില്ലെന്നും ഏത് അധിനിവേശത്തെയും പ്രതിരോധിക്കാൻ തങ്ങൾക്ക് ശേഷിയുണ്ടെന്നും മന്ത്രി ഊന്നിപ്പറഞ്ഞു. അതോടൊപ്പം സ്വന്തം പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നതിനും പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവർക്ക് സുരക്ഷയൊരുക്കുന്നതിനുമായി ഐക്യരാഷ്ട്രസഭ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരമുള്ള തങ്ങളുടെ നിയമപരമായ അവകാശം യുഎഇ നിലനിർത്തുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. 

ഈ ആക്രമണങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ഇറാന് മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിക്കാനും ഭീകരാക്രമണങ്ങൾ അവസാനിപ്പിക്കാനും ഇറാൻ തയ്യാറാകണമെന്നും എങ്കിൽ മാത്രമേ മേഖലയിൽ ശാശ്വത സമാധാനം നിലനിൽക്കൂ എന്നും യുഎഇ ബ്രിക്‌സ് വേദിയിൽ ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

500 കോടി ഡോളർ യുഎഇ ഇന്ത്യയിൽ നിക്ഷേപിക്കും; മണിക്കൂറുകൾ മാത്രം നീണ്ട മോദിയുടെ സന്ദർശനം, പിറന്നത് നിർണായക കരാറുകൾ
ഹോർമൂസിനെ ആശ്രയിക്കേണ്ടതില്ല, ഇന്ത്യക്ക് വൻ നേട്ടമാകും, ഊർജ്ജ ലഭ്യതയിൽ നിർണായകമാവുന്ന നീക്കം, ഫുജൈറ വഴി എണ്ണയൊഴുകും