
അബുദാബി: പ്രവാസികൾക്കും യാത്രക്കാർക്കും വലിയ ആശ്വാസമായി യു എ ഇ വ്യോമപാത പൂർണമായി തുറന്നു. താൽക്കാലിക നിയന്ത്രണങ്ങൾ എല്ലാം നീക്കിയതായി യു എ ഇ ഭരണകൂടം അറിയിച്ചു. ഇതോടെ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഉൾപ്പടെ പൂർണതോതിൽ സർവ്വീസ് നടത്താൻ കഴിയും. ഇത് കുത്തനെ ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് കുറയുമെന്നും യാത്രക്കാർക്ക് വലിയ ആശ്വാസം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. അതീവ പ്രാധാന്യമുള്ള സമയത്താണ് യു എ ഇയുടെ നിർണായക തീരുമാനം. പെരുന്നാളവധിയും ഗൾഫിൽ സ്കൂളടയ്ക്കുന്ന മധ്യവേനലവധിയും വരാനിരിക്കെയുള്ള തീരുമാനത്തിൽ യാത്രക്കാർ സന്തുഷ്ടരാണ്.
നിലവിൽ സ്പെഷ്യൽ ഫ്ലൈറ്റുകളായി സർവ്വീസ് നടത്തുന്ന ഇന്ത്യൻ വിമാനക്കമ്പനികൾക്കുൾപ്പടെ സാധാരണ സർവ്വീസിലേക്ക് വരാനാകും. സീറ്റുകൾ കൂടുകയും നിരക്ക് കുറയുകയും ചെയ്യും. യു എ ഇ വിമാനമക്കമ്പനികൾ സർവ്വീസ് നടത്തിയിരുന്നുവെങ്കിലും ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവ്വീസ് പുനരാരംഭിക്കാത്തതായിരുന്നു ഇന്ത്യൻ പ്രവാസികളുടെ പ്രതിസന്ധി. ഒപ്പം മേഖലയിൽ സംഘർഷ ആശങ്കകൾ അവസാനിക്കുന്നുവെന്ന പ്രതീക്ഷയും ഈ തീരുമാനം ജനിപ്പിക്കുന്നു. താൽക്കലിക നിയന്ത്രണങ്ങൾ എല്ലാം നീക്കിയെന്നാണ് യു എ ഇ ഭരണകൂടം അറിയിച്ചിരിക്കുന്നത്. വ്യോമഗതാഗതത്തിന്‍റെ ഹബ്ബായി അറിയപ്പെടുന്ന ദുബായ് ഉൾപ്പടെയാണ് സാധാരണ നിലയിലേക്ക് മാറുന്നത്. ഇത് കണക്ഷൻ ഫ്ലൈറ്റുകളുടെയും ദീർഘദൂര വിമാനങ്ങളുടെയും പ്രവർത്തനം കൂടുതൽ സുഗമമാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam