പാക് അധീന കശ്മീരിലെ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ അൽ ജസീറയ്ക്ക് പാകിസ്ഥാനിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. യാഥാർഥ്യങ്ങൾ വളച്ചൊടിച്ചുവെന്ന് പാക് സർക്കാർ ആരോപിക്കുമ്പോൾ, രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്.

പാകിസ്ഥാൻ അധീന കശ്മീരിലെ (പിഒകെ) പ്രതിഷേധങ്ങളും സുരക്ഷാസേനയുടെ നടപടികളും സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഖത്തർ ആസ്ഥാനമായുള്ള അന്താരാഷ്ട്ര വാർത്താ ശൃംഖലയായ അൽ ജസീറയ്ക്ക് പാകിസ്ഥാനിൽ നിയന്ത്രണം ഏർപ്പെടുത്തിയെന്ന് റിപ്പോർട്ട്. അൽ ജസീറയ്ക്ക് എതിരെ സർക്കാർ ഔദ്യോഗിക വിലക്ക് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, രാജ്യത്തിനകത്ത് അൽ ജസീറയുടെ ഇംഗ്ലീഷ് വെബ്‌സൈറ്റും മറ്റ് സേവനങ്ങളും ലഭ്യമാകുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചതോടെയാണ് വിഷയം ശ്രദ്ധ നേടിയത്.

അൽ ജസീറ യാഥാർഥ്യങ്ങൾ വളച്ചൊടിച്ചു

സംഭവം വിവാദമായതിന് പിന്നാലെ പാകിസ്ഥാന്‍റെ വിവര-പ്രക്ഷേപണ മന്ത്രാലയം അൽ ജസീറയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മുജഫറാബാദിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുത്ത പോളിങ് കേന്ദ്രങ്ങളിൽ നിന്ന് മാത്രം വാർത്തകൾ ശേഖരിക്കുകയും, ചില വ്യക്തികളുടെ പ്രസ്താവനകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടപടികളെയും വോട്ടെടുപ്പ് പ്രക്രിയയെയും തെറ്റായി അവതരിപ്പിക്കുകയാണ് അൽ ജസീറ ചെയ്തതെന്ന് മന്ത്രാലയ വക്താവ് ആരോപിച്ചു. ഇതിനെ 'യെല്ലോ ജേണലിസം' എന്നും 'തെരഞ്ഞെടുത്ത റിപ്പോർട്ടിംഗ്' എന്നും വിശേഷിപ്പിച്ച പാക് സർക്കാർ, അൽ ജസീറ യാഥാർഥ്യങ്ങളെ വളച്ചൊടിച്ചുവെന്ന നിലപാടാണ് സ്വീകരിച്ചത്.

Scroll to load tweet…

'നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്'

അടുത്തിടെ പിഒകെയിൽ നടന്ന പാക് സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ, സുരക്ഷാസേനയുടെ നടപടികൾ, പോലീസ് വെടിവെയ്പ്പിലെ മരണങ്ങൾ, പ്രാദേശിക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ എന്നിവയെക്കുറിച്ച് അൽ ജസീറ തുടർച്ചയായി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണ നടപടികൾ വന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം പാകിസ്ഥാനിലുള്ള വിദേശ മാധ്യമപ്രവർത്തകർക്ക് ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി എന്നീ പ്രധാന നഗരങ്ങൾക്ക് പുറത്തേക്ക് യാത്ര ചെയ്യാൻ സർക്കാർ 'നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്' (NOC) നിർബന്ധമാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഇത് രാജ്യത്ത് മാധ്യമസ്വാതന്ത്ര്യത്തെ കൂടുതൽ നിയന്ത്രിക്കുന്ന നടപടിയാണെന്ന അഭിപ്രായമുയർന്നു. പാക് അധീന കശ്മീരിൽ ആഴ്ചകളായി ഇന്‍റർനെറ്റ് സേവനം തടപ്പെട്ടിരിക്കുകയാണ്. അതേസമയം, ജമ്മു-കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണെന്നും പാക് അധീന കശ്മീർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ നിയമവിരുദ്ധമായി പാകിസ്ഥാൻ കൈവശം വച്ചിരിക്കുന്ന ഇന്ത്യൻ ഭൂപ്രദേശമാണെന്ന ഔദ്ധ്യോഗിക നിലപാട് ഇന്ത്യ വീണ്ടും ഉന്നയിച്ചു.