പ്രവാസികളെ തിരിച്ചെത്തിക്കാൻ പോയ ഇന്ത്യൻ കപ്പലുകൾ പുറംകടലിൽ തുടരുന്നു, കൂടുതൽ സമയം തേടി യുഎഇ

By Web TeamFirst Published May 6, 2020, 8:56 AM IST
Highlights

കപ്പലുകൾ ദുബായ് തുറമുഖത്ത് പ്രവേശിപ്പിക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായിട്ടില്ലെന്നും ഇതിനായി കുറച്ചു സമയം കൂടി വേണമെന്നും യുഎഇ സർക്കാർ ഇന്ത്യയെ അറിയിച്ചതായാണ് സൂചന. 

ദില്ലി: കൊവിഡ് പ്രതിസന്ധി കാരണം കുടുങ്ങി പോയ പ്രവാസികളെ മടക്കി കൊണ്ടു വരാനായി പുറപ്പിട്ട ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ ദുബായ് തീരത്ത് അടുപ്പിക്കുന്നതിൽ ആശയക്കുഴപ്പം. കപ്പലുകൾ വ്യാഴാഴ്ച ദുബായിൽ എത്തും എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അറിയിപ്പെങ്കിലും ഇക്കാര്യം ഇപ്പോൾ സ്ഥിരീകരിക്കാനാവില്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്. 

കപ്പലുകൾ ദുബായ് തുറമുഖത്ത് പ്രവേശിപ്പിക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായിട്ടില്ലെന്നും ഇതിനായി കുറച്ചു സമയം കൂടി വേണമെന്നും യുഎഇ സർക്കാർ ഇന്ത്യയെ അറിയിച്ചതായാണ് സൂചന. കരയ്ക്ക് അടുപ്പിക്കാൻ യുഎഇ സർക്കാരിൻ്റെ അനുമതി കിട്ടാത്തത് കാരണം കപ്പലുകൾ ഇപ്പോഴും കടലിൽ തന്നെ തുടരുകയാണ് എന്നാണ് വിവരം. കപ്പലുകൾ ഇറാൻ തീരത്തേക്ക് വഴി തിരിച്ചു വിട്ടേക്കാമെന്നും റിപ്പോ‍ർട്ടുകളുണ്ട്. 

നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകളാണ് വന്ദേഭാരത് മിഷൻ്റെ ഭാ​ഗമായി യുഎഇയിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനായി പുറപ്പെട്ടത്. ഒരോ കപ്പലിലും മുന്നൂറ് പേരെ വീതം തിരികെയെത്തിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. 

click me!