
ടോക്കിയോ: ബ്രിട്ടന്റെ യുദ്ധവിമാനമായ എഫ്-35 ബി വീണ്ടും അടിയന്തരമായി ലാൻഡ് ചെയ്യേണ്ടി വന്നെന്ന് റിപ്പോർട്ട്. ശനിയാഴ്ച രാവിലെ തെക്കൻ ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തിലാണ് ഇക്കുറി ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സിന്റെ എഫ്-35ബി ലൈറ്റ്‌നിംഗ് -2 യുദ്ധവിമാനം അടിയന്തരമായി ലാൻഡിംഗ് നടത്തിയതെന്ന് ജാപ്പനീസ് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസമാണ് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തി 22 ദിവസത്തിന് ശേഷം തിരിച്ചുപോയത്.
റോയൽ നേവിയുടെ വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസിലെ വിമാനം, ജപ്പാൻ-യുഎസ്-യുകെ സംയുക്ത അഭ്യാസത്തിൽ പങ്കെടുക്കുകയായിരുന്നു. ഇതിനിടെയാണ് കഗോഷിമയിൽ അടിയന്തര ലാൻഡിങ് നടത്തിയത്. ഓഗസ്റ്റ് 12 വരെ അഭ്യാസം തുടരും. പ്രാദേശിക സമയം രാവിലെ 11:30 ഓടെയാണ് ലാൻഡിഘ് നടന്നതെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.
ഉപകരണങ്ങളുടെ തകരാറുണ്ടെന്ന് സംശയിക്കുന്നതിനാൽ പൈലറ്റ് അടിയന്തര ലാൻഡിംഗിന് അനുമതി തേടി. യുദ്ധവിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും 20 മിനിറ്റിനുള്ളിൽ പരിശോധനയ്ക്കായി ടാക്സിവേയിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് ആറ് യാത്രാവിമാനങ്ങൾ വൈകി. ജൂൺ 14നാണ് ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ്-35 വിമാനങ്ങളിലൊന്ന് തിരുവനന്തപുരത്ത് ലാൻഡ് ചെയ്തത്. ഒരുമാസത്തിലേറെ നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷം ജൂലൈ 22നാണ് വിമാനം തിരിച്ചുപറന്നത്. 100 മില്യൺ ഡോളറിലധികം വിലവരുന്ന, ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങൾ എന്നറിയപ്പെടുന്ന അഞ്ചാം തലമുറ ജെറ്റാണ് എഫ്-35.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam