
ലണ്ടന്‍: യുകെയിലെ പ്രശസ്തമായ മൃഗശാലയിലെ മുതലകളുടെ കൂട്ടില്‍ മൂന്ന് വയസ്സുകാരന്‍ വീണ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. മുപ്പതുകാരനായ യുവാവ് കുട്ടിയെ കൂട്ടിലെറിഞ്ഞതാണെന്നാണ് പൊീസ് സംശയിക്കുന്നത്. കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതാണെന്ന സംശയത്തില്‍ ഇയാളെ യുകെ പൊലീസ് വധശ്രമത്തിന് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ കുട്ടി നിലവില്‍ അതീവ ഗുരുതരാവസ്ഥയിലാണ്.
കേംബ്രിഡ്ജ്‌ഷെയറിലെ ദി ജോണ്‍സണ്‍സ് ഓഫ് ഓള്‍ഡ് ഹര്‍സ്റ്റ് മൃഗശാലയിലാണ് സംഭവം നടന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
ഉച്ചയ്ക്ക് 1.24 ഓടെയാണ് മൃഗശാലയിലെ മുതലകളുടെ കൂട്ടില്‍ മൂന്നുവയസ്സു തോന്നിക്കുന്ന കുട്ടി വീണതായി സന്ദേശം ലഭിക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ഇത് ബോധപൂര്‍വ്വം കുട്ടിയെ അപായപ്പെടുത്താന്‍ നടത്തിയ ശ്രമമാണെന്ന് വ്യക്തമായതോടെയാണ് വധശ്രമത്തിന് കേസെടുത്തത്.
നോര്‍ഫോക്കില്‍ നിന്നുള്ള 30 വയസ്സുകാരനാണ് അറസ്റ്റിലായത്. ഈ യുവാവും കുട്ടിയും തമ്മില്‍ മുന്‍പരിചയമോ മറ്റ് ബന്ധങ്ങളോ ഉള്ളതായി കരുതുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇയാള്‍ എന്തിനാണ് കുട്ടിയെ മുതലകളുടെ കൂട്ടിലേക്ക് എറിഞ്ഞതെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
മുതലകളുടെ കൂട്ടില്‍ നിന്ന് ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെടുത്തിയ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അവസ്ഥ നിലവില്‍ ഗുരുതരമായി തുടരുകയാണെങ്കിലും തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവത്തില്‍ മൃഗശാല അധികൃതര്‍ ദുഃഖം രേഖപ്പെടുത്തി. മുതലകളെ പാര്‍പ്പിച്ച ട്രോപ്പിക്കല്‍ ഹൗസ് താല്‍ക്കാലികമായി അടച്ചിട്ടതായി അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam