
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാമത് അധികാരത്തില്‍ വന്നതിനുശേഷമുള്ള അണിയറക്കഥകളുമായി പുസ്തകം പുറത്തിറങ്ങുന്നു. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍മാരായ മാഗി ഹെബര്‍മാന്‍, ജൊനാതന്‍ സ്വാന്‍ എന്നിവരാണ്, ദി റെജിം ചേഞ്ച് എന്ന പേരില്‍ പുസ്തകം എഴുതിയത്. ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തില്‍ ട്രംപുമായി ബന്ധപ്പെട്ട അനേകം കഥകളുണ്ട്.
ട്രംപിന്റെ രണ്ടാം ഭരണകാലത്തെ ആദ്യ 14 മാസങ്ങളാണ് ഈ പുസ്തകത്തില്‍. യാതൊരു നിയന്ത്രണവുമില്ലാതെ അധികാരം ഉപയോഗിക്കുന്ന ഒരാളാണ് ട്രംപെന്ന് പുസ്തകം പറയുന്നു. ട്രംപിന്റെ ആസൂത്രണമില്ലായ്മ, ആലോചിക്കാതെയുള്ള പ്രതികരണം, ശത്രുക്കളെന്ന് കരുതുന്നവരെ ഉപദ്രവിക്കാനുള്ള നീക്കങ്ങള്‍, കൂടെയുള്ളവരോടുള്ള അസാധാരണ ഇടപെടലുകള്‍ എന്നിങ്ങനെ പല അനുഭവങ്ങള്‍ ഇതില്‍ വായിക്കാം. എപ്സ്റ്റീന്‍ വിവാദത്തില്‍ ഉലഞ്ഞ ട്രംപിനെ പുസ്തകത്തില്‍ കാണാം. ഇറാനുമായി യുദ്ധത്തിന് പോകാനുള്ള ട്രംപിന്റെ തീരുമാനത്തിന്റെ അണിയറക്കഥകളും ഇതിലുണ്ട്.
മൂന്ന് വര്‍ഷം കൊണ്ട് ആയിരത്തിലധികം പേരുമായി സംസാരിച്ചാണ് പുസ്തകം തയ്യാറാക്കിയതെന്ന് എഴുത്തുകാര്‍ പറയുന്നു. മാര്‍ച്ചില്‍ ട്രംപുമായി എഴുത്തുകാര്‍ നടത്തിയ ഒരു മണിക്കൂര്‍ നീണ്ട അഭിമുഖവും ദൈനംദിന റിപ്പോര്‍ട്ടിംഗിനിടയില്‍ ട്രംപുമായി നടത്തിയ സംഭാഷണങ്ങളും പുസ്തകത്തില്‍ കാണാം.
'ഹിറ്റ്‌ലറിനേക്കാള്‍ ശക്തന്‍ ഞാനാണ്'
പുതിയ പുസ്തകത്തിനായി മാര്‍ച്ചില്‍ നല്‍കിയ അഭിമുഖത്തിനിടെ രണ്ടു പേജുള്ള ഒരു കുറിപ്പ് ട്രംപ് ഈ പുസ്തകം എഴുതിയ മാധ്യമപ്രവര്‍ത്തകരെ കാണിച്ചു. ഹിറ്റ്ലര്‍, ചെങ്കിസ് ഖാന്‍, സ്റ്റാലിന്‍, മാവോ, നെപ്പോളിയന്‍ എന്നീ ഭരണാധികാരികളേക്കാള്‍ ശക്തനാണ് ട്രംപ് എന്ന് പറയുന്നതായിരുന്നു ആ കുറിപ്പ്. ചരിത്രത്തില്‍ തനിക്കുള്ള സ്ഥാനത്തെക്കുറിച്ച് പറയുമ്പോഴാണ് ട്രംപ് ഈ കുറിപ്പ് അഭിമാനത്തോടെ കാണിച്ചത്. ഹിറ്റലര്‍ അടക്കമുള്ള ഭരണാധികാരികള്‍ അവരവരുടെ കാലത്ത് എത്ര ഭീകരന്‍മാരായിരുന്നാലും അവര്‍ക്ക് ആഗോളതലത്തില്‍ ട്രംപിനെ പോലെ സ്വാധീനമില്ല എന്നും അവരുടെ അധികാരം പ്രാദേശികമായിരുന്നുഎന്നുമാണ് ആ കുറിപ്പില്‍ പറഞ്ഞിരുന്നത്. അത് ശരിയാണെന്നും ഇവരേക്കാള്‍ ശക്തന്‍ താനാണെന്നുമാണ് അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്.
ആരാണ് കുറിപ്പ് എഴുതിയത് എന്ന് ചോദിച്ചപ്പോള്‍, ഒരു ചരിത്രകാരന്‍ എന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അതെഴുതിയത് ചരിത്രകാരനല്ല എന്നും ട്രംപിന്റെ സുഹൃത്തായ ഒരു േഗാള്‍ഫ് കളിക്കാരനാണ് എന്നും കണ്ടെത്തി. പുസ്തകത്തിലെ വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ, ഇന്നലെ ട്രംപ് ഈ കുറിപ്പ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു രചയിതാവ് ഒരു പ്രസിഡന്‍ഷ്യല്‍ ചരിത്രകാരന്‍ ആണെന്നാണ് ട്രംപ് അവകാശപ്പെട്ടത്.
സൂപ്പര്‍ഗ്ലൂവും ട്രംപും
ട്രംപ് അധികാരമേറ്റതിനു പിന്നാലെ വൈറ്റ് ഹൗസ് ഓഫീസില്‍ സ്വര്‍ണ്ണ നിറത്തിലുള്ള പല അലങ്കാരപ്പണികളും നടന്നിരുന്നു. അതിനിടയില്‍, ട്രംപ് തന്നെ സൂപ്പര്‍ ഗ്ലൂ എടുത്ത് അലങ്കാര വസ്തുക്കള്‍ ഒട്ടിച്ചതായി പുസ്തകം പറയുന്നു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഒരു ദിവസം ഓവല്‍ ഓഫീസിലേക്ക് ചെല്ലുമ്പോള്‍ ട്രംപ് ഒരു സൂപ്പര്‍ഗ്ലൂ ട്യൂബ് കയ്യില്‍പ്പിടിച്ച് മാര്‍ബിള്‍ ഫയര്‍പ്ലേസിന്റെ മുകളില്‍ സ്വര്‍ണ്ണ അലങ്കാരങ്ങള്‍ ഒട്ടിക്കുന്നത് കണ്ടതായും പുസ്തകം പറയുന്നു.
ട്രംപ് ഓവല്‍ ഓഫീസിന്റെ രൂപംതന്നെ മാറ്റിമറിച്ചു. എല്ലായിടത്തും സ്വര്‍ണ്ണനിറത്തിലുള്ള വസ്തുക്കള്‍ നിരത്തി. ഫയര്‍പ്ലേസിന് മുകളില്‍ പുതിയ സ്വര്‍ണ്ണ അലങ്കാര രൂപങ്ങളും മെഡലുകളും, സൈഡ് ടേബിളുകളില്‍ സ്വര്‍ണ്ണ കഴുകന്‍മാരുടെ രൂപങ്ങളും, വാതിലുകളില്‍ സ്വര്‍ണ്ണം പൂശിയ കണ്ണാടികളും, വാതിലുകള്‍ക്ക് മുകളിലായി സ്വര്‍ണ്ണ മാലാഖമാരുടെ രൂപങ്ങളും അദ്ദേഹം സ്ഥാപിച്ചു.
‘നെതന്യാഹു തട്ടിപ്പുകാരന്‍’
ഇസ്രായേലിനൊപ്പം ഇറാനുമായി യുദ്ധത്തിന് പോകാനുള്ള ട്രംപിന്റെ തീരുമാനമാണ് അദ്ദേഹത്തിന്റെ രണ്ടാം ഭരണകാലത്തെ വിദേശനയത്തില്‍ പ്രധാനം. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും ട്രംപും തമ്മില്‍ അടുത്ത ബന്ധമുണ്ട്.
എന്നാല്‍ നെതന്യാഹുവിനോടുള്ള ട്രംപിന്റെ താല്‍പ്പര്യം മാറിക്കൊണ്ടിരിക്കുന്നതാണെന്ന് പുസ്തകം പറയുന്നു. ഇറാനുമായുള്ള യുദ്ധം തുടങ്ങാന്‍ ട്രംപിന് തുടക്കത്തില്‍ മടിയുണ്ടായിരുന്നു. ഭരണത്തിന്റെ ആദ്യ മാസങ്ങളില്‍ നെതന്യാഹു ഇറാനുമായി നടത്തുന്ന യുദ്ധത്തിന്റെ ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്ന് ട്രംപ് ഒരു ഇസ്രായേല്‍ വിമര്‍ശകനോട് പറഞ്ഞിരുന്നു.
നെതന്യാഹു തട്ടിപ്പുകാരന്‍ ആണെന്ന് ട്രംപ് മറ്റൊരു ഉപദേശകനോട് പറഞ്ഞതായി പുസ്തകം വ്യക്തമാക്കുന്നു. യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയോട് ട്രംപിനുള്ള താല്‍പ്പര്യക്കുറവും പുസ്തകത്തിലുണ്ട്.
'നീ വെറുമൊരു ഭീരുവാണ്'
വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലൂട്‌നിക്കിനെ ഭീരുവെന്ന് ട്രംപ് വിളിച്ച കാര്യം പുസ്തകത്തിലുണ്ട്.
ലൂട്‌നിക്ക് പണ്ട് കഠിനാധ്വാനി ആയിരുന്നെങ്കിലും ഇപ്പോള്‍ ദുര്‍ബലനാണെന്ന് ട്രംപ് അദ്ദേഹത്തോട് തന്നെയാണ് പറഞ്ഞത്. 'നീ പണ്ട് ഒരു കില്ലറായിരുന്നു, ഇപ്പോള്‍ നിനക്ക് സുന്ദരിയായ ഭാര്യയുണ്ട്, വലിയ വീടുണ്ട്, നീ വെറുമൊരു ഭീരുവായിപ്പോയി. നീ വെറുമൊരു ഭീരുവാണ്' എന്നും ട്രംപ് പറഞ്ഞു.
ശത്രുവിനെ കണ്ടെത്താന്‍ ഗൂഗിള്‍!
2020-ല്‍ ട്രംപ് പുറത്തായ തിരഞ്ഞെടുപ്പിനെ പുകഴ്ത്തിയതിന് 2025 ഏപ്രിലില്‍ സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഏജന്‍സി മുന്‍ മേധാവി ക്രിസ് ക്രെബ്‌സിനെതിരെ നടപടി എടുക്കാന്‍ ട്രംപ് ആവശ്യപ്പെട്ട കാര്യവും പുസ്തകത്തിലുണ്ട്.
ഒരുന്നതതല യോഗത്തില്‍ ഇരിക്കുന്നതിനിടെ പെട്ടെന്നാണ് ട്രംപ് പഴയ കാര്യം ആലോചിച്ചത്. 'പഴയ ഒരു വക്കീലില്ലേ, തിരഞ്ഞെടുപ്പ് സുതാര്യമാണെന്നും യാതൊരു തട്ടിപ്പും നടന്നിട്ടില്ലെന്നും പറഞ്ഞവന്‍. ആരായിരുന്നു അത്?' ട്രംപ് ചോദിച്ചു.
അയാളുടെ പേര് ഓര്‍മ്മ വരാത്തതിനാല്‍, ആ യോഗത്തില്‍ വെച്ചുതന്നെ ഗൂഗിളില്‍ തിരഞ്ഞ് അയാളുടെ പേര് കണ്ടെത്തുകയും അദ്ദേഹത്തിന് എതിരെ ശിക്ഷാ നടപടികള്‍ക്ക് ട്രംപ് നീതിന്യായ വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam