ഇന്ത്യൻ വംശജന് മുന്നിൽ ബ്രിട്ടിഷ് ചരിത്രം വഴിമാറുമോ? പ്രധാനമന്ത്രിക്കായുള്ള വോട്ടെടുപ്പിൽ റിഷി സുനക് മുന്നിൽ

Published : Jul 13, 2022, 10:59 PM IST
ഇന്ത്യൻ വംശജന് മുന്നിൽ ബ്രിട്ടിഷ് ചരിത്രം വഴിമാറുമോ? പ്രധാനമന്ത്രിക്കായുള്ള വോട്ടെടുപ്പിൽ റിഷി സുനക് മുന്നിൽ

Synopsis

രണ്ടാം ഘട്ടത്തിലേക്ക് പോകാൻ ചുരുങ്ങിയത് 30 എം പിമാരുടെ പിന്തുണ മാത്രം വേണ്ടിയിരുന്നിടത്താണ് റിഷിയുടെ കുതിപ്പ്,  കൺസർവേറ്റീവ് പാർട്ടിയിലെ 88 എം പിമാരാണ് റിഷി സുനകിനെ പിന്തുണച്ചത്

ലണ്ടൻ: ബ്രിട്ടന്‍റെ രാഷ്ട്രീയ ചരിത്രം ഇന്ത്യൻ വംശജന് മുന്നിൽ വഴിമാറുമോ എന്ന ചോദ്യമുയർത്തി അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള പോരാട്ടത്തിൽ റിഷി സുനക് മുന്നേറുന്നു. അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള ഒന്നാം ഘട്ട വോട്ടെടുപ്പിൽ ഇന്ത്യൻ വംശജൻ റിഷി സുനകാണ് ഏറ്റവും കൂടുതൽ വോട്ട് നേടിയത്. കൺസർവേറ്റീവ് പാർട്ടിയിലെ 88 എം പിമാരാണ് റിഷി സുനകിനെ പിന്തുണച്ചത്.

രണ്ടാം ഘട്ടത്തിലേക്ക് പോകാൻ ചുരുങ്ങിയത് 30 എം പിമാരുടെ പിന്തുണ മാത്രം വേണ്ടിയിരുന്നിടത്താണ് റിഷിയുടെ കുതിപ്പ്. ബോറിസ് ജോൺസനോട് വിയോജിച്ച് രാജിവെച്ച മന്ത്രിയാണ് റിഷി സുനക്. ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണമൂർത്തിയുടെ മകൾ അക്ഷത ആണ് റിഷി സുനകിന്‍റെ ഭാര്യ. ഇനി പ്രധാനമന്ത്രി പദത്തിലേക്ക് മത്സര രംഗത്ത് ആറു പേർ മാത്രമാകും ഉണ്ടാവുക.

ചരിത്രം വഴിമാറുമോ റിഷി സുനക്കിന് മുന്നിൽ; ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമെന്ന് റിപ്പോർട്ട്

രണ്ട് പേർ മാത്രം മത്സര രംഗത്ത് ശേഷിക്കുംവരെ പല ഘട്ടങ്ങളായി എം പിമാർക്ക് ഇടയിൽ വോട്ടെടുപ്പ് നടക്കും. ജൂലൈ 21 ന് ഈ ദീർഘമായ വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയാകും. അവസാന റൗണ്ടിൽ എത്തുന്ന രണ്ടു പേരിൽ ആരാകും പ്രധാനമന്ത്രി എന്നത് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കും.

നേരത്തെ തന്നെ ഇന്ത്യൻ വംശജനായ റിഷി സുനക് ബ്രിട്ടനിൽ പ്രധാനമന്ത്രിയാകാൻ സാധ്യതയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നിരന്തര വിവാദങ്ങൾക്ക് പിന്നാലെ  ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നു ബോറിസ് ജോൺസന്റെ രാജിവെച്ചതിന് പിന്നാലെയാണ് റഷി സുനക്കിന്റെ പേര് അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നത്. ബോറിസ് ജോൺസന്റെ രാജിക്ക് തുടക്കമിട്ട് ആദ്യം രാജിവെച്ചത് ധനമന്ത്രിയായിരുന്ന റിഷി സുനക്ക് ആയിരുന്നു. ബോറിസ് ജോൺസന്റെ പിൻ​ഗാമിയായി റിഷി സുനക്കിനാണ് കൂടുതൽ സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. റിഷി സുനക് പ്രധാനമന്ത്രിയായാൽ ഈ പദത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനായിരിക്കും ഇദ്ദേഹം. 

ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു; കാവല്‍ പ്രധാനമന്ത്രിയായി തുടരും

പഞ്ചാബിൽ നിന്നാണ് റിഷി സുനാക്കിന്റെ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത്. 2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ റിഷിയെ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിയമിച്ചത്. ബ്രിട്ടനിൽ ഏറെ ജനപിന്തുണയും ജനപ്രീതിയുമുള്ള നേതാവാണ് റിഷി സുനക്ക്. കൊവിഡ് പ്രതിസന്ധിക്കാലത്താണ് റിഷി സുനക്കിന്റെ ജനപ്രീതിയുയർന്നത്. ബിസിനസുകാർക്കും തൊഴിലാളികൾക്കുമായി നടപ്പാക്കിയ ക്ഷേമപദ്ധതികൾ വൻ ശ്രദ്ധയാകർഷിച്ചു. ബോറിസ് ജോൺസന്റെ പ്രവർത്തനത്തിൽ അതൃപ്തിയറിയിച്ചാണ് റിഷി രാജിവെച്ചത്. പിന്നാലെ പത്തോളം മന്ത്രിമാർ രാജിവെച്ചതോടെ സർക്കാർ പ്രതിസന്ധിയിലാകുകയും ബോറിസ് ജോൺസണ് രാജിവെക്കേണ്ടി വരുകയും ചെയ്തു. മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ ലൈംഗികാരോപണ പരാതി ഉയർന്നിരുന്നു. എന്നാൽ ഇയാളെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രധാനസ്ഥാനത്തേക്കു പരിഗണിച്ചതാണ് രാഷ്ട്രീയ പ്രതിസന്ധിയുടെ തുടക്കമായത്.

ഒരു ഫാർമസിസ്റ്റായ ഉഷാ സുനക്കിന്റെയും നാഷണൽ ഹെൽത്ത് സർവീസ് ജനറൽ പ്രാക്ടീഷണറായ യാഷ് വീറിന്റെയും മകനായാണ് ബ്രിട്ടനിലെ സതാംപ്ടണിൽ സുനക് ജനിച്ചത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി എന്നിവയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെവിവാഹം കഴിച്ചു. കൃഷ്ണ, അനൗഷ്ക എന്നിവരാണ് മക്കൾ. 2015ലാണ് റിഷി സുനക് ആദ്യമായി എംപിയായത്. യോർക്ക്ഷയറിലെ റിച്ച്മണ്ടിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ബ്രെക്സിറ്റിനെ പിന്തുണച്ച പ്രധാന നേതാവായിരുന്നു ഇദ്ദേഹം.

PREV
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം